ആക്രമണകാരികളോട് 1500 വര്‍ഷത്തോളം നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ഒരു ചരിത്രമാണ് ഭാരതത്തിന്റേത്. ആരംഭകാലത്തെ ആക്രമണങ്ങളുടെ ലക്ഷ്യം രാജ്യത്തെ കൊള്ളയടിക്കുക എന്നതായിരുന്നു. ചിലപ്പോഴൊക്കെ (അലക്സാണ്ടറിനെപ്പോലുള്ളവര്‍) തങ്ങളുടെ രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയും ആക്രമിച്ചു. എന്നാല്‍ പടിഞ്ഞാറുനിന്നുണ്ടായ ഇസ്ലാമിക ആക്രമണം നമ്മുടെ സമാജത്തെ പരിപൂര്‍ണമായി നശിപ്പിക്കാനും വേര്‍പെടുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു.
ഈ ദേശത്തെയും ഇവിടത്തെ സമൂഹത്തെയും ദുര്‍ബലപ്പെടുത്തുന്നതിന് നമ്മുടെ ധാര്‍മ്മികസ്ഥാനങ്ങളെ നശിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ കണക്കാക്കി. അതുകൊണ്ട് അവര്‍ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തു. ഒരു തവണയല്ല അനേകം തവണ ഇത്തരത്തില്‍ ആക്രമണമുണ്ടായി. ഭാരതീയ സമൂഹത്തെ എക്കാലത്തേക്കും ദുര്‍ബലപ്പെടുത്തി, ഇവിടെ അവരുടെ ഭരണം സ്ഥാപിക്കാന്‍ കഴിയും എന്നതായിരുന്നു അവരുടെ ഉന്നം. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം തകര്‍ത്തതും ഇതേ മനോഭാവത്തോടെയായിരുന്നു. അക്രമികളുടെ ഈ നയം അയോദ്ധ്യയിലെ ക്ഷേത്ര ധ്വസനത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ലോകമൊട്ടുക്ക് അവര്‍ ഇതുതന്നെയാണ് ചെയ്തത്.
ഭാരതത്തിലെ ഭരണാധികാരികള്‍ ആരും മറ്റു രാജ്യങ്ങളെ ആക്രമിച്ചിട്ടില്ല. മറിച്ച് വൈദേശിക അക്രമികളാണ് സ്വന്തം രാജ്യവിസ്തൃതി ലക്ഷ്യമിട്ട് ഇത്തരം ദുഷ്കൃത്യങ്ങള്‍ ചെയ്തത്. എന്നാല്‍ കാര്യങ്ങള്‍ ഭാരതത്തില്‍ അവരുടെ ഇച്ഛയ്ക്ക് അനുസരിച്ച് നടപ്പാക്കാനായില്ല. ഭാരതീയസമാജം ദുര്‍ബലമായില്ല. വിശ്വാസം, നിഷ്ഠ, മനോബലം എന്നിവയ്ക്ക് ഒരു കുറവും സംഭവിച്ചില്ല. നമ്മള് ആരുടെ മുന്നിലും തല കുനിച്ചില്ല. അക്രമികളുടെ കുടിലനീക്കങ്ങള്‍ പ്രതിരോധിക്കാനുള്ള ശ്രമം സമാജം തുടര്‍ന്നു കൊണ്ടേയിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി മോചിപ്പിച്ച് അവിടെ ക്ഷേത്രം നിര്‍മ്മിക്കാനുള്ള പ്രയത്നം നിരന്തരം തുടര്‍ന്നു. നിരവധി യുദ്ധങ്ങളും സമരങ്ങളും ബലിദാനങ്ങളും ഉണ്ടായി. രാമജന്മഭൂമി വിഷയം ഹിന്ദു സമാജത്തിന്റെ മനസില്‍ വേരുറച്ചു.
ബ്രിട്ടീഷുകാര്‍ക്കെതിരെ 1857ല്‍ നടന്ന സംഘടിതമായ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചുനിന്ന് പോരാടാന്‍ തയാറായി. ആ കാലഘട്ടത്തില്‍ അടുത്തിടപഴകുകയും ആശയവിനിമയം നടത്തുകയും ചെയ്തു. ഗോഹത്യാ നിരോധനം, രാമജന്മഭൂമി മോചനം എന്നിവയില്‍ പരിഹാരത്തിന്റെ സാധ്യത തെളിഞ്ഞു. സംഘടിത സായുധസമരത്തിന്റെ നായകനായിരുന്ന ബഹദൂര്‍ഷാ സഫര്‍ പുറപ്പെടുവിച്ച വിളംബരത്തില്‍ ഗോഹത്യാ നിരോധനവും ഉള്‍പ്പെടുത്തി. സമൂഹം ഒന്നായി നിന്ന് യുദ്ധം ചെയ്തു. നാം ധീരതയോടെ പൊരുതിയെങ്കിലും ദൗര്‍ഭാഗ്യം മൂലം അത് വിഫലമായി. ബ്രിട്ടീഷ് ഭരണം തുടര്‍ന്നു. എങ്കിലും രാമക്ഷേത്രത്തിനു വേണ്ടിയുള്ള സമരം അവിടെ അവസാനിച്ചില്ല.
ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം രാജ്യത്തിന്റെ സാഹചര്യമനുസരിച്ച് അധികാധികം ശക്തമായിക്കൊണ്ടിരുന്നു. ഹിന്ദു-മുസ്ലിം ഏകതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സമരത്തിലേര്‍പ്പെട്ടിരുന്ന നേതാക്കളെ അയോദ്ധ്യയില്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. അപ്പോഴും രാമജന്മഭൂമിമോചനം എന്ന വിഷയം അവിടെത്തന്നെ നിന്നു. ക്ഷേത്ര നിര്‍മ്മിതിക്കായുള്ള സമരം തുടര്‍ന്നു.
1947ല്‍ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം സര്‍വസമ്മതത്തോടെ സോമനാഥ ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണം നടത്തി. സമാനമായ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. രാമജന്മഭൂമിയുടെ മോചനവും സര്‍വസമ്മതിയോടെ സാധ്യമാക്കാമായിരുന്നു. പക്ഷെ രാഷ്ട്രീയത്തിന്റെ ദിശ മാറിപ്പോയിരുന്നു. ഭേദചിന്ത, പ്രീണനം തുടങ്ങിയ സ്വാര്‍ത്ഥ രാഷ്ട്രീയം ശക്തമായി. വിഷയം അങ്ങിനെ തന്നെ നിലനിന്നു. സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ഹിന്ദു സമൂഹത്തിന്റെ മനസിനെപ്പറ്റി ചിന്തിച്ചതേയില്ല. പകരം അവര്‍ ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശ്രമങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. രാമജന്മഭൂമിക്കായി സ്വാതന്ത്ര്യത്തിനു മുന്നേതന്നെ ആരംഭിച്ചിരുന്ന നിയമ പോരാട്ടങ്ങള്‍ നിരന്തരം തുടര്‍ന്നു. 1980കളില്‍ ആരംഭിച്ച ബഹുജന സമരം മൂന്ന് പതിറ്റാണ്ട് നടന്നു. 1949ല്‍ രാമജന്മഭൂമിയില്‍ ഭഗവാന് ശ്രീരാമചന്ദ്രന്റെ വിഗ്രഹം പ്രത്യക്ഷപ്പെട്ടു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം 1986ല്‍ ക്ഷേത്രത്തിന്റെ പൂട്ട് തുറന്നു. സമരങ്ങളിലൂടെയും കര്സേവകളിലൂടെയും ഹിന്ദുസമൂഹം പരിശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു.
അലഹബാദ് ഹൈക്കോടതിയുടെ സ്പഷ്ടമായ വിധി 2010ല്‍ പുറത്തുവന്നു. എങ്കിലും എത്രയും വേഗത്തില്‍ അന്തിമ വിധിയിലൂടെ ഈ വിഷയം പരിഹരിക്കാനുള്ള കാത്തിരിപ്പ് തുടരേണ്ടി വന്നു. 134 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 2019 നവംബര്‍ ഒന്‍പതിന് സുപ്രീം കോടതി തെളിവുകളുടെയടിസ്ഥാനത്തില്‍ സന്തുലിതമായ ഒരു തീരുമാനം കൈക്കൊണ്ടു. ഇരുപക്ഷങ്ങളുടെയും ആഗ്രഹങ്ങളെയും വസ്തുതകളെയും വിലയിരുത്തിക്കൊണ്ടായിരുന്നു തീരുമാനം. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. 2020 ആഗസ്റ്റ് അഞ്ചിന് ഭൂമിപൂജ നടന്നു. ഇപ്പോള്‍ യുഗാബ്ദം 5125 പൗഷ ശുക്ല ദ്വാദശി, അതായത് ഇന്ന്, ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുന്നു.
ധാര്‍മ്മികമായ ദൃഷ്ടിയില് ശ്രീരാമന് ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ ആരാധ്യദേവതയാണ്. സമൂഹമൊന്നാകെ ജീവിതാചരണത്തിന്റെ മാതൃകയായി ശ്രീരാമചന്ദ്രന്റെ ജീവിതം സ്വീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അകാരണമായി വിവാദമാക്കുന്നവര്‍ അതവസാനിപ്പിക്കണം. ഇക്കാലഘട്ടത്തിനിടയില്‍ രൂപം കൊണ്ട അപ്രിയങ്ങളെല്ലാം ഇല്ലാതാകണം. വിവാദം പൂര്‍ണമായി അവസാനിപ്പിക്കാന്‍ പ്രബുദ്ധജനങ്ങള്‍ പരിശ്രമിക്കണം. അയോദ്ധ്യയുടെ അര്‍ത്ഥം തന്നെ ‘യുദ്ധമല്ലാത്തയിടം’, ‘സംഘര്‍ഷമുക്ത സ്ഥലം ‘ എന്നൊക്കെയാണ്. ആ നഗരവും അങ്ങിനെ തന്നെയാണ്. സമ്പൂര്‍ണ രാജ്യത്തെ സംബന്ധിച്ച് അയോദ്ധ്യയുടെ പുനര്‍നിര്‍മ്മാണം ഇന്നിന്റെ ആവശ്യമാണ്. അത് നമ്മുടെയെല്ലാം കര്‍ത്തവ്യവുമാണ്. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രനിര്‍മ്മിതി രാഷ്ട്രാഭിമാന പുനര്‍ജാഗരണത്തിന്റെ പ്രതീകമാണ്. ഭാരതീയജീവിതാചരണത്തിന്റെ ദര്‍ശനം ആധുനികസമൂഹം സ്വീകരിക്കുന്നതിന്റെ അടയാളമാണിത്. പത്രം പുഷ്പം
ഫലം തോയം എന്ന സമര്പ്പണഭാവത്തിലാണ് ക്ഷേത്രത്തില്‍ ശ്രീരാമപൂജ നടക്കുന്നത്. ശ്രീരാമ ദര്‍ശനത്തിനായി മനസ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് അതിന്റെ പ്രകാശത്തില്‍ ആ ജീവിത മാതൃകയെ സ്വായത്തമാക്കി സ്വയം പകര്‍ത്തുക. ഭഗവാന് ശ്രീരാമനെ ഇത്തരത്തിലാണ് പൂജിക്കേണ്ടത്. കാരണം ‘ശിവോ ഭൂത്വാ ശിവം ഭജേത്, രാമോ ഭൂത്വാ രാമം ഭജേത്’ എന്നതാണ് ശരിയായ പൂജ.
ഭാരതീയ സംസ്കൃതിയുടെ സ്വരൂപത്തിനനുസരിച്ച്,
മാതൃവത് പരദാരേഷു
പരദ്രവ്യേഷു ലോഷ്ഠവത്
ആത്മവത് സര്‍വഭൂതേഷു
യഃ പശ്യതി സഃ പണ്ഡിതഃ
ഇതേ രീതിയില്‍ സമൂഹം ശ്രീരാമചന്ദ്രന്റെ പാതയില്‍ സഞ്ചരിക്കണം. ജീവിതത്തില്‍ സത്യനിഷ്ഠ, ബലം, പരാക്രമം എന്നിവയോടൊപ്പം ക്ഷമ, വിനയം, ലാളിത്യം എന്നിവ വേണം. എല്ലാവരോടും വിനയത്തോടെയുള്ള പെരുമാറ്റം, സൗമ്യമായ ഹൃദയം, കര്‍ത്തവ്യ പാലനത്തില്‍ കണിശത തുടങ്ങിയ ശ്രീരാമചന്ദ്രന്റെ ഗുണങ്ങളെ സ്വന്തം ജീവിതത്തിലും കുടുംബാംഗങ്ങളുടെ ജീവിതത്തിലും അനുകരിക്കാനുള്ള പ്രയത്നം സത്യസന്ധതയോടെയും ആത്മാര്‍ത്ഥമായും ചെയ്യണം.
ദേശീയ ജീവിതത്തെ മുന്‍നിര്‍ത്തി സമൂഹത്തില്‍ അച്ചടക്കമുള്ളവരാകണം. ശ്രീരാമ-ലക്ഷ്മണന്മാര് അച്ചടക്കപൂര്‍ണമായ ജീവിതത്തിന്റെ ബലത്തിലാണ് 14 വര്‍ഷത്തെ വനവാസം പൂര്‍ത്തിയാക്കിയതും ശക്തിശാലിയായ രാവണനോടുള്ള യുദ്ധം വിജയിച്ചതും. ശ്രീരാമന്റെ സ്വഭാവത്തില്‍ പ്രതിബിംബിച്ചിരുന്ന നീതി, കരുണ, സദ്ഭാവന, നിഷ്പക്ഷത തുടങ്ങിയ ഗുണങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കണം. ചൂഷണരഹിതമായ, തുല്യനീതിയെ അടിസ്ഥാനമാക്കി ശക്തിയോടൊപ്പം കരുണയാല്‍ സമ്പന്നമായ പുരുഷാര്ത്ഥമുള്ള സമൂഹസൃഷ്ടി നടത്തുക എന്നതാണ് ശരിയായ ശ്രീരാമപൂജ.
അഹങ്കാരം, സ്വാര്‍ത്ഥത, ഭേദചിന്ത ഇവയൊക്കെ മൂലം ലോകം വിനാശത്തിന്റെ ഉന്മാദത്തിലാണ്. അവര്‍ അതിരറ്റ വിപത്തുകള്‍ ക്ഷണിച്ചു വരുത്തുന്നു. സദ്ഭാവനയുടെ, ഏകതയുടെ, പുരോഗതിയുടെ, ശാന്തിയുടെ വഴി കാട്ടുന്ന ജഗദഭിരാമന്‍ സര്‍വമംഗളകാരിയായ ഭാരത വര്‍ഷത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നു. ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠയിലൂടെ സര്‍വേഷാം അവിരോധീ എന്ന ദര്‍ശനത്തിന്റെ പ്രാ
രംഭമാണ് സാധ്യമാകുന്നത്. നാം ആ പദ്ധതിയുടെ സക്രിയമായ നടത്തിപ്പാണ് നിര്‍വഹിക്കുന്നത്. ഇന്ന് എല്ലാവരും ഭക്തിനിര്‍ഭരമായ പ്രാണപ്രതിഷ്ഠാമഹോത്സവത്തില്‍ പങ്കു ചേരുമ്പോള്‍ ഓര്‍ക്കേണ്ടത് നമ്മള് ക്ഷേത്ര പുനര്‍നിര്‍മ്മാണത്തോടൊപ്പം ഭാരതത്തിന്റെയും ഈ മുഴുവന്‍ ലോകത്തിന്റെയും പുനര്‍നിര്‍മ്മാണം പൂര്‍ണതയില്‍ എത്തിക്കുവാനുള്ള പ്രതിജ്ഞ എടുത്തിട്ടുള്ളവരാണ് എന്നാണ്. ഈ സങ്കല്പം മനസില്‍ പ്രതിഷ്ഠിച്ച് നമുക്ക് മുന്നേറണം.
ജയ് സീതാ രാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: