മുംബൈ; അദാനി ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ അദാനി കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയ പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി)യ്ക്ക് കോടികളുടെ നഷ്ടമുണ്ടായി. അന്ന് മോദിയുടെ സമ്മര്‍ദ്ദത്തിലാണ് എല്‍ഐസി അദാനിയുടെ ഓഹരികള്‍ വാങ്ങിയെന്നും എല്‍ഐസിയെക്കുറിച്ച് അന്വേഷിക്കണമെന്നും വരെ നിലവിളി കൂട്ടിയവരാണ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായി ജയറാം രമേശും.
എന്നാല്‍ ഇപ്പോള്‍ അദാനി ഓഹരികള്‍ ആരോപണകൊടുങ്കാറ്റിനെ അതിജീവിച്ച് നഷ്ടപ്രതാപത്തിലേക്ക് തിരിച്ചുകയറിയതോടെ ഓഹരിവിലകള്‍ വന്‍തോതില്‍ ഉയര്‍ന്നു. എല്‍ഐസിയുടെ നഷ്ടം ഇതോടെ 3816 കോടി രൂപയുടെ നേട്ടമായി മാറി. അദാനി ഓഹരിയിലുണ്ടായ മുന്നേറ്റം നേട്ടമാക്കി എല്‍ഐസി. ഡിസംബറില്‍ അവസാനിച്ച ത്രൈമാസപാദത്തില്‍ പുറത്തുവിട്ട ഓഹരിനിക്ഷേപലിസ്റ്റ് അനുസരിച്ച് മൂന്ന് അദാനി കമ്പനികളുടെ ഓഹരികള്‍ വിറ്റു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി എനര്‍ജി സൊലൂഷന്‍സ് എന്നീ കമ്പനികളിലെ ഓഹരികളാണ് എല്‍ഐസി വിറ്റ് കാശാക്കിയത്.
മൊത്തം 3.72 കോടിയോളം ഓഹരികളാണ് ഈ മൂന്ന് കമ്പനികളിലുമായി എല്‍ ഐസി വിറ്റത്. മറ്റൊരു അദാനി കമ്പനിയായ അംബുജ സിമന്റ്സിന്റെ 4500 ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനിഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് അദാനിക്കമ്പനികളുടെ വില കുത്തനെ ഇടിഞ്ഞത്.ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബവ്യാവസായത്തെ കൃത്രിമകണക്കുകളിലൂടെ രാജ്യത്തെ തന്നെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്നായിരുന്നു ഹിന്‍ഡെന്‍ബെര്‍ഗിന്റെ പ്രധാന ആരോപണം. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ എല്‍ഐസിക്ക് കോടികളുടെ നഷ്ടമുണ്ടായി. ഇതോടെ എല്‍ഐസിയ്ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അദ്ദേഹത്തിന്റെ അടുത്ത അനുയായി ജയറാം രമേഷും ആഞ്ഞടിച്ചിരുന്നു. എല്‍ഐസി അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടിയതിന് മോദി സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു.എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ അതിജീവിച്ച് അദാനി പഴയ ഫോമില്‍ തിരിച്ചെത്തിയതോടെ അദാനി ഓഹരികളുടെ വിലകള്‍ പഴയ ഫോമിലായി. ഇതോടെയാണ് എല്‍ഐസിയും കോടികള്‍ കൊയ്തത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും അനുയായി ജയറാം രമേശും നിശ്ശബ്ദരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: