ഡബ്ലിന്‍ : അയർലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ അഭയാര്‍ഥികളെ താമസിപ്പിച്ച ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡബ്ലിന്‍ ലിറ്റില്‍ ബ്രിട്ടന് സ്ട്രീറ്റിലെ ഹോട്ടലിലാണ് വ്യാഴാഴ്ച നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കേന്ദ്രത്തിലെ മറ്റ് താമസക്കാരെ ഒഴിപ്പിച്ചു. മറ്റാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളയാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ കിടന്ന കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന വസ്തുമാണ് സ്ഫോടനമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നിരുന്നാലും സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. സ്ഫോടനത്തില്‍ കെട്ടിടത്തില്‍ പുരുഷന്മാരെയും സ്ത്രീകളേയും വേര്‍തിരിച്ചിരുന്ന ഹോട്ടലിന്റെ ഭിത്തി തകര്‍ന്നു. ആര്‍മിയുടെ ബോംബ് സ്ക്വാഡ് ,ബോംബ് ഡിസ്പോസല്‍ യൂണിറ്റ് റോബോട്ട് എന്നിവയെല്ലാം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഒരു മുറിയില്‍ മാത്രമേ സ്ഫോടനം ഉണ്ടായുള്ളുവെന്നാണ് പ്രാഥമിക നിഗമനം. ഭീകരാക്രമണമാണോ എന്ന സംശയങ്ങളൊന്നും ഇപ്പോൾ ഇല്ലെന്ന് ആർമി വ്യക്തമാക്കി. അതേ സമയം സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തുമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: