രാമായണം കിളിപ്പാട്ടിലെഴുതിയ മുസ്ലീം പണ്ഡിതനുണ്ട് കേരളത്തില്‍. പാലക്കാട് ചിറ്റൂര്‍ കരിപ്പോട് കെ.വി. കരുമന്‍ ഗുരുക്കളെന്ന സെയ്തു മുഹമ്മദാണ് രാമായണം പുനരാഖ്യാനം ചെയ്തത്. നവീന രാമായണമെന്ന പേരില്‍ എഴുതിയ ഈ ഇതിഹാസ പുനരാഖ്യാനം അദ്ദേഹം നിര്‍വഹിച്ചത് പട്ടിണിയടക്കം നിരവധി വെല്ലുവിളികളെ നേരിട്ടായിരുന്നു. അമ്പത് വര്‍ഷം മുമ്പാണ് ഇത് പിറന്നത്.
ശ്രീ സീതാലക്ഷ്മണഭരതശത്രുഘ്നഹനുമാല് സമേതനായ ശ്രീരാമചന്ദ്ര പാദാരവിന്ദങ്ങളെ ഹൃദയങ്ങളില്‍ വച്ച് സ്വര്‍ഗാരോഹണം ചെയ്ത പിതാവ് വാവന്‍ ഗുരുക്കളുടെ പാദങ്ങളില്‍ നവീനരാമായണത്തെ സമര്‍പ്പിച്ചുകൊണ്ട്,
ശ്രീരാമ! രാമ! ഗരുഡധ്വജ വിഷ്ണോ!
ശ്രീരാമ! രാമ! വൈകുണ്ഠനാഥ!
ശ്രീരാമ! രാമ! ദാമോദര! കേശവ!
ശ്രീരാമ! രാമ! ഞാന്‍ കൈ തൊഴുന്നേന്‍!
എന്ന സ്തുതിയോടെയാണ് കൃതി ആരംഭിക്കുന്നത്.
കവിയുടെ അച്ഛന് വാവന്‍ ഗുരുക്കള്‍ വൈദ്യം, ജ്യോത്സ്യം, മാന്ത്രികം, പുരാണം, വേദാന്തം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു. അക്കാലത്ത് കമ്പരാമാണം പന്തീരായിരത്തില്നിന്നും കടഞ്ഞെടുത്ത് കൃതിയാക്കിയ ‘ആടല്‍പ്പറ്റ് ആയിരത്തിയൊരുനൂറി’നെ പതിനാലുദിവസത്തെ പാവക്കൂത്തായി നടത്താറുണ്ടായിരുന്നു. അതിന്റെ സംവാദത്തില്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ പലതും അച്ഛന് കരുമന്‍ ഉപദേശിക്കുക പതിവാണ്. അവയുടെ സ്വാധീനത്തിലാണ് നവീന രാമായണമെന്ന കൃതി പിറന്നത്. രചനയുടെ കുറവ് തീര്‍ത്തത് വടവന്നൂര്‍ വടക്കേപ്പാട്ട് നാരായണന് നായരും മുക്കില്‍ മരുതൂര്‍ നാരായണമേനോനുമാണ്. പി. ഗോവിന്ദമേനോനാണ് അവതാരിക.
കരിപ്പോട്ടുതറയിലെ കോവാണ്ടത്ത് അപ്പുക്കുട്ടി ആശാന്റെ ശിഷ്യത്വത്തിലാണ് അക്ഷരവിദ്യ അഭ്യസിച്ചത്. ഇവരുടെ കുടുംബപ്പേര് ഇസ്ലാം മതത്തിലുള്ള കുരിക്കള്‍ എന്നല്ല. മറിച്ച്, പാണ്ഡിത്യം മനസിലാക്കിയ കൊച്ചി രാജാവ് നല്‍കിയതാണ് ‘ഗുരുക്കള്‍’ എന്ന സ്ഥാനം. ആരാധനാ മൂര്‍ത്തിയായ നീലിയമ്മയെ നിലവിളക്കു കൊളുത്തി നിത്യേന പൂജിക്കാറുണ്ട്. കവിയുടെ മുത്തച്ഛനായ മൊസാവു ഗുരുക്കള്‍ തമിഴ്നാട്ടിലുള്ള മരുമലയ്ക്കും മഞ്ചമലയ്ക്കും ഇടയിലുള്ള വനത്തില്‍ ഏഴുവര്‍ഷത്തോളം വ്രതാനുഷ്ഠാനത്തോടെ ഉപാസന ചെയ്ത് ആവാഹിച്ചെടുത്ത ഒറ്റമൂലയുള്ള വിഗ്രഹത്തെയാണിവര് പൂജിക്കുന്നത്.
പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും പുരാണകഥാനിഘണ്ടുവും മറ്റു സാഹിത്യകൃതികളും താളിയോലകളും നിറഞ്ഞ അലമാര ഇവിടെയുണ്ട്. കുറച്ചുവര്‍ഷം മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ആര്. ഹരി ഈ വീടും അമൂല്യഗ്രന്ഥങ്ങളും കാണാനെത്തിയിരുന്നു. 50 വര്‍ഷം മുമ്പ് മൂന്നുരൂപക്ക് പ്രസിദ്ധീകരിച്ചിരുന്ന നവീന രാമായണത്തിന്റെ ഒരു കോപ്പി മാത്രമേ ഇപ്പോള്‍ കൈവശമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: