അയോദ്ധ്യാപ്രക്ഷോഭത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലേക്ക് ഒഴുക്കിവിട്ട ഏറ്റവും കരുത്തുറ്റ പരീക്ഷണമായിരുന്നു രാജ്യത്തുടനീളം നടന്ന ശിലായാത്രകള്‍. മൂന്ന് ലക്ഷത്തോളം രാമശിലകളാണ് അന്ന് ഓരോ ഗ്രാമത്തിലും പൂജിച്ചത്. ഗ്രാമങ്ങളില്‍ നിന്ന് ജില്ലാ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് അയോദ്ധ്യയിലേക്കും ശിലായാത്രകള്‍ പുറപ്പെട്ടു. ശിലകളുമായി 25,000 ത്തോളം യാത്രകള്‍. ആറ് കോടി ജനങ്ങള്‍ രാമശിലാപൂജയില്‍ പങ്കാളികളായി. 40 രാജ്യങ്ങളില്‍ നിന്ന് പൂജിച്ച കല്ലുകള്‍ അയോദ്ധ്യയിലെത്തി. ശിലാപൂജയ്ക്ക് തുടക്കം കുറിച്ചത് ബദരീനാഥിലായിരുന്നു.
രാമശിലയെ പൂജിച്ച ഓരോ ഭക്തനും ദക്ഷിണയായി ഒന്നേകാല്‍ രൂപയും സമര്‍പ്പിച്ചു. ലോകചരിത്രം കണ്ടതില്‍ വച്ചേറ്റവും ജനപങ്കാളിത്തമുള്ള മുന്നേറ്റമായി അയോദ്ധ്യ മാറിയത് അങ്ങനെയാണ്. ശിലാപൂജയിലൂടെ ഇത്രയും ജനങ്ങള്‍ അയോദ്ധ്യയിലെ ശിലാന്യാസച്ചടങ്ങിലും പങ്കാളികളായി. അയോദ്ധ്യാപ്രക്ഷോഭത്തെ ഗ്രാമീണജനതയുടെ വികാരമാക്കി മാറ്റിയ ഈ ശിലാപൂജകളുടെ ബുദ്ധികേന്ദ്രം ഒരു ആര്‍എസ്എസ് പ്രചാരകനായിരുന്നു. പേര് മോറോപന്ത് പിംഗ്ലെ. ഗ്രാമങ്ങളില്‍ നിന്ന് രാമക്ഷേത്രമുയരണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് രാജ്യമൊട്ടാകെ ഫലപ്രദമായി നടപ്പാക്കിയത്. അയോദ്ധ്യാ വിമോചനയുദ്ധത്തിലെ ഫീല്‍ഡ് മാര്‍ഷല്‍ എന്നാണ് ചില മാധ്യമങ്ങള്‍ പിംഗ്ലെയെ വിശേഷിപ്പിച്ചത്.
1919 ഒക്ടോബര്‍ 30-ന് മധ്യപ്രദേശിലെ ജബല്‍പൂരിലാണ് മോറോപന്ത് ജനിച്ചത്. നാഗ്പൂരിലെ മോറിസ് കോളജില്‍ നിന്ന് ബിരുദം നേടിയ മോറോപന്ത് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിന്റെ നേരിട്ടുള്ള ശിക്ഷണത്തിലാണ് സംഘജീവിതത്തിലേക്ക് പിച്ചവയ്ക്കുന്നത്. 1941ല്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രചാരകനായ മോറോപന്ത് പിംഗ്ലെ അയോദ്ധ്യാപ്രക്ഷോഭത്തിന്റെ തുടക്കകാലങ്ങളില്‍ സഹസര്‍കാര്യവാഹ് ആയിരുന്നു. ശിലായാത്രകളിലേക്ക് രാജ്യം എത്തുന്നതിന് മുമ്പ് നടന്ന രാംജാനകി രഥയാത്രകളുടെയും സംയോജകന്‍ അദ്ദേഹമായിരുന്നു. ഉത്തര്‍പ്രദേശിലുമായി ബിഹാറിലുമായി ഏഴ് രഥങ്ങളാണ് ഈ യാത്രയില്‍ പങ്കെടുത്തത്. തടവറയില്‍ അഴികള്‍ക്കുള്ളിലെ രാമന്റെ ചിത്രം ജനലക്ഷങ്ങളില്‍ വേദനയും രാമജന്മഭൂമി വിമോചനത്തിനുള്ള ദാഹവും ജ്വലിപ്പിച്ചു.
മോറോപന്തിന് ഈ യാത്രകള്‍ ആദ്യ അനുഭവമായിരുന്നില്ല. ഗംഗാജലവും ഭാരത് മാതാ ചിത്രവുമായി മൂന്ന് ദിശകളില്‍ നിന്ന് ആരംഭിച്ച ഏകാത്മതാ യാത്രയുടെ ശില്പിയും അദ്ദേഹമായിരുന്നു. 1982-83 കാലമാണത്. ഹരിദ്വാറില്‍ നിന്ന് കന്യാകുമാരിയിലേക്കും കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം മുതല്‍ രാമേശ്വര്‍ ധാം വരെയും ഗംഗാസാഗറില്‍ നിന്ന് സോമനാഥിലേക്കുമായിരുന്നു ഈ യാത്രകള്‍. ഓരോ യാത്രയുടെയും ഭാഗമായി നൂറുകണക്കിന് ചെറുചെറുയാത്രകളും സംഘടിപ്പിച്ചു. മൂന്ന് യാത്രകള്‍ക്കും 50,000 കിലോമീറ്റര്‍ ദൂരം പിന്നിടേണ്ടി വന്നു. രാജ്യത്തുടനീളമുള്ള ഏഴ് കോടിയോളം പൗരന്മാര് യാത്രകളില്‍ പങ്കെടുത്തു. എല്‍.കെ. അദ്വാനി നയിച്ച രാമരഥയാത്രയുടേതടക്കമുള്ള നിലമൊരുക്കിയത് ഈ മോറോപന്ത് മാജിക് ആണ്. അയോദ്ധ്യയുടെ വിജയയാത്രയ്ക്ക് മോറോപന്തിന്റെ സംഘാടകത്വം നിര്‍വഹിച്ച നേതൃത്വം ചരിത്രത്തിന്റെ ഭാഗമാണ്. പിന്നിലായിരുന്നു…. എല്ലാ മുന്നേറ്റത്തിന്റെയും പിന്നിലെ കരുത്തായിരുന്നു മോറോപന്ത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: