കിളിമാനൂര്‍: ലോട്ടറി കച്ചവടക്കാരനായ അറുപത്തിയാറുകാരന് രാജേന്ദ്രന് നറുക്ക് വീണു. അടിച്ചത് പണമല്ലങ്കിലും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവവും സന്തോഷവും നല്കുന്ന സമ്മാനം. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വകയായി.
റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുകയാണ് ആറ്റിങ്ങല്‍ തൊപ്പിച്ചന്ത ഇടയ്കോട് കോളനി ആര്.ബി. ഭവനില്‍ കുഞ്ഞന്‍ ജാനകി മകന് കെ.ജെ. രാജേന്ദ്രന്.
ലോട്ടറി കച്ചവടക്കാരനായ രാജേന്ദ്രന് മാത്രമല്ല കേരളത്തില്‍ നിന്നും മറ്റ് രണ്ട് പേര്‍ക്ക് കൂടി ക്ഷണമുണ്ട്. മൂന്നു പേരും വഴിയോരക്കച്ചവടക്കാരാണ്. രാജേന്ദ്രനൊപ്പം ഭാര്യ ബേബിക്കും ക്ഷണമുണ്ട്. പി.എം.സ്വാനിധി വായ്പ എടുത്തതാണ് രാജേന്ദ്രനെ മഹാ ഭാഗ്യവാനാക്കിയത്. അസംഘടിതരായ തെരുവ് കച്ചവടക്കാര്‍ക്കും കുടില്‍ വ്യവസായ സംരംഭകര്‍ക്കും മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വായ്പ പദ്ധതിയാണ് പിഎം സ്വാ നിധി വായ്പ പദ്ധതി വഴിയോരക്കച്ചവടക്കാര്‍ക്ക് നഗര സഭയിലെ ദേശീയ നഗര ഉപ ജീവന മിഷന് പദ്ധതി പ്രകാരം നല്‍കിവരുന്ന പി.എം.സ്വാനിധി വായ്പ മൂന്നു ഘട്ടവും എടുത്തയാളാണ് രാജേന്ദ്രന്. ലോട്ടറിക്കച്ചവടത്തിനായി പിഎം സ്വാനിധി പ്രകാരം ഐഒബിയില്‍ നിന്നും ആദ്യം രാജേന്ദ്രന് 10,000 രൂപ വായ്പയെടുത്തു. ഇത് കൃത്യമായി അടച്ചുതീര്‍ത്തപ്പോള്‍ 20,000 രൂപയുടെ വായ്പ നല്കി. അതും അടച്ചുകഴിഞ്ഞപ്പോള്‍ 50,000 രൂപ വായ്പ ലഭിച്ചു.
പദ്ധതിപ്രകാരം മൂന്ന് ഘട്ടം വായ്പയെടുക്കുകയും മുടക്കമില്ലാതെ തിരിച്ചടവ് നടത്തുകയും ചെയ്യുന്നവരില്‍ നിന്നാണ് രാജേന്ദ്രനെ റിപ്പബ്ലിക് ദിന പരിപാടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചത്. 35 വര്‍ഷമായി ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നയാളാണ് രാജേന്ദ്രന്. തൊപ്പിച്ചന്ത ഇടയ്കോട് കോളനിയിലെ 4 സെന്റ് മിച്ചഭൂമിയില്‍ താമസിക്കുന്ന രാജേന്ദ്രനെ ഭാഗ്യദേവത നേരിട്ടെത്തിയാണ് ദല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
24 ന് രാവിലെ രാജേന്ദ്രനും ഭാര്യയും തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ദല്‍ഹിയിലേക്ക് പോകും. രാജേന്ദ്രന് ആദ്യമായാണ് ദല്‍ഹിയിലേക്ക് പോകുന്നത്. വിമാനയാത്രയും ആദ്യം. താര, ബീര എന്നിവരാണ് മക്കള്‍. ആയിരം കോടി സമ്മാനം ലഭിച്ച സന്തോഷമുണ്ടെന്ന് ചേമ്പു പറമ്പില്‍ അപ്പൂപ്പന് തമ്പുരാന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൂടിയായ രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: