പതിനാറ് വയസായിരുന്നു കര്‍സേവയ്ക്ക് പോകുമ്പോള്‍ രാജേന്ദ്രപ്രസാദ് ധര്‍കറിന്. ശ്രീരാമജന്മഭൂമി വിമോചനപ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ കേട്ട് ആവേശഭരിതമായിരുന്ന കൗമാരം. ചെറിയ കുട്ടികള്‍ കര്‍സേവയ്ക്ക് പോകേണ്ടതില്ലെന്ന് പറഞ്ഞ മുതിര്‍ന്ന പ്രവര്‍ത്തകരോട് ആര്‍എസ്എസ് ശാഖയില്‍ കേട്ട ചരിത്രകഥകളായിരുന്നു രാജേന്ദ്രപ്രസാദ് മറുപടിയായി പറഞ്ഞത്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ അണിനിരന്നവര്‍ സ്വന്തം പ്രായം നോക്കിയില്ലായിരുന്നല്ലോ എന്ന ആ ഉത്തരത്തിന് മുന്നില്‍ അവര്‍ക്ക് ഉത്തരം മുട്ടി.
1990 ഒക്ടോബര്‍ 30 ഏകാദശി ദിവസമായിരുന്നുവെന്ന് രാജേന്ദ്രപ്രസാദിന്റെ അനുജന് രവീന്ദ്രപ്രസാദ് ധര്‍കര്‍ ഓര്‍ക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കര്‍സേവകരായി അന്ന് അയോദ്ധ്യയിലെത്തിയിരുന്നു. ചേട്ടന് മാത്രമായിരുന്നില്ല വീട്ടില്‍ നിന്ന് സമരത്തില്‍ പങ്കാളിയായത്. അച്ഛനും അമ്മാവനുമൊക്കെ കര്‍സേവകരായി വ്രതമെടുത്തു. എന്നെയും കൂട്ടണമെന്ന് പറഞ്ഞപ്പോള്‍ ചേട്ടന് പറഞ്ഞത് ‘തും അഭി ഛോട്ടെ ഹോ’ എന്നാണ്. എനിക്ക് അന്ന് എട്ട് വയസായിരുന്നു.
ശ്രീരാമസേവയ്ക്കായി വീടുവിട്ടുപോയ ചേട്ടന് പിന്നെ മടങ്ങിവന്നില്ല. പോലീസ് വെടിവയ്പില്‍ അദ്ദേഹം കൊല്ലപ്പെട്ടു. കര്‍സേവകര്‍ക്ക് നേരെ കണ്ണീര് വാതകം പ്രയോഗിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വീണിരുന്നു. വീണുപോയവരെ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പിന്നീട് കേട്ടു. പതിനാറ് വയസേ ഉണ്ടായിരുന്നുള്ളൂ എങ്കിലും രാജേന്ദ്രപ്രസാദ് കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങളേറെയായിരുന്നു. അതിലൊന്ന് തീര്‍ച്ചയായും ശ്രീരാമക്ഷേത്രമായിരുന്നു. ചേട്ടന് പാട്ടുകള്‍ ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ സിനിമാഗാനങ്ങളെക്കാള്‍ രാജേന്ദ്ര പ്രസാദ് എപ്പോഴും മൂളിനടന്നത് ദേശഭക്തിഗാനങ്ങളായിരുന്നു, രവീന്ദ്ര പ്രസാദ് കണ്ണീരോടെ പറഞ്ഞു.
ശ്രീരാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. ബാലകരാമന് പ്രാണപ്രതിഷ്ഠയാകുന്നു… ജീവിതം ഇനിയും എങ്ങുമെത്തിയിട്ടില്ല. രാമക്ഷേത്രത്തോടൊപ്പം അയോദ്ധ്യയും വികസിക്കും. രാമപുരിയിലെ ഓരോ ആളുടെയും ജിവിതവും മാറും… എല്ലാം സ്വപ്നങ്ങളുടെ പട്ടികയിലാണ്. മുളകൊണ്ട് കൊട്ട ഉണ്ടാക്കി വിറ്റാണ് ഞങ്ങള്‍ കഴിഞ്ഞത്. അത് കുലത്തൊഴിലാണ്. ചേട്ടന് നല്ലൊരു കലാകാരനായിരുന്നു. അദ്ദേഹം കുട്ട നെയ്താലും അതിലൊരു കല ഉണ്ടായിരുന്നു. പ്രതീക്ഷകള്‍ക്ക് വീണ്ടും നിറം വയ്ക്കുന്നു. എല്ലാം രാമന് ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്നാണ് പ്രതീക്ഷ, രവീന്ദ്രപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: