കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് അതിരുവിട്ട വിവാഹാഘോഷത്തില്‍ കേസെടുത്ത് പോലീസ്. ഗതാഗത സ്തംഭനം ഉണ്ടാക്കി ബാൻ്റ് മേളത്തിന്റെ അകമ്പടിയോടെ വിവാഹത്തിനായി വരൻ ഒട്ടകപ്പുറത്ത് കയറിയെത്തിയ സംഭവത്തിൽ വരൻ ഉൾപ്പടെ 26 പേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
രാവിലെ വരനും സുഹൃത്തുക്കളും കണ്ണൂര്‍ വാരത്തുള്ള വധുവിന്റെ വീട്ടിലേക്കാണ് ഒട്ടകപ്പുറത്ത് എത്തിയത്. ബാന്റ് മേളവും ഒട്ടകവുമെല്ലാം കണ്ടതോടെ നിരവധി ആളുകളാണ് ഇവിടെ തടിച്ച് കൂടിയത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വിവാഹാഘോഷം മൂലം ഗതാഗതവും തടസ്സപ്പെട്ടു. ഒടുവില്‍ ചക്കരക്കല്‍ പോലീസ് എത്തി കാഴ്ചകാണാനായി എത്തിയവരെ ലാത്തിവീശി ഓടിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വിവാഹ ആഘോഷം അതിരുവിട്ടതോടെ വധുവിന്റെ വീട്ടുകാർ എതിർപ്പ് അ റിയിച്ചിരുന്നു. എന്നാൽ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ വരന്റെ സുഹൃത്തുക്കൾ ഇതൊന്നും ചെവിക്കൊണ്ടില്ല. അന്യായമായി സംഘം ചേര്‍ന്ന് ഗതാഗതം മുടക്കി വിവാഹാഘോഷം നടത്തിയതിനാണ് ചക്കരക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. വരന് റിസ്വാന് ഉള്‍പ്പടെ 26 പേരെ പ്രതിചേര്‍ത്താണ് കേസ്. സംഭവത്തില്‍ മഹല്ല് കമ്മറ്റി ഇടപെടുകയും താക്കീത് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: