ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രം തുറക്കുന്ന വേളയില്‍ ശീരാമ, ജയരാമ, ജയ ജയ രാമ മന്ത്രം പാടാന്‍ പറഞ്ഞ ഗായിക ചിത്രയ്ക്കെതിരെ കേരളത്തില്‍ ഇടത് ക്യാംപുകളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയരുന്നത് ദേശീയ തലത്തില്‍ വാര്‍ത്തയായി. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങി പ്രമുഖ മാധ്യമങ്ങളെല്ലാം ഇത് വലിയ വാര്‍ത്തയാക്കിയതോടെ ദേശീയ തലത്തില്‍ ഈ സംഭവം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
കേരളത്തിലെ സൈബര്‍ സഖാക്കളും ന്യൂനപക്ഷങ്ങളില്‍ ചില വിഭാഗങ്ങളും കോണ്‍ഗ്രസ് തന്നെയും ഹൈന്ദവ ചിന്തകളോട് കാണിക്കുന്ന അസഹിഷ്ണുത വലിയ തോതില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കേരളം അടുത്ത കശ്മീരാകുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് ശേഷം കേരളത്തിലെ ഹിന്ദു വിരുദ്ധത ഒരിയ്ക്കല്‍ കൂടി വിശദമായ സംവാദവിഷയമായി.
അയോധ്യക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന വേളയിലാണ് സമൂഹമാധ്യമത്തിലൂടെ ഗായിക ചിത്ര ശ്രീരാമമന്ത്രങ്ങള്‍ എല്ലാവരും ഉരുവിടണമെന്ന സന്ദേശം പങ്കുവെച്ചത്. പൊതുവേ അന്ധമായ ന്യൂനപക്ഷ പ്രീണനവുമായി മുന്നേറുന്ന കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇത് സഹിക്കാവുന്നതിലപ്പുറമായി. ഈയടുത്തയിടെ ഒട്ടേറെ താരങ്ങള്‍ മോദിയോട് പരസ്യമായി ആഭിമുഖ്യം പുലര്‍ത്തുന്നതിനിടെയാണ് ചിത്രയുടെ പോസ്റ്റും പുറത്തുവന്നത്.
ഈയടുത്തയിടെ മോദിയെ ശ്ലാഘിച്ചുകൊണ്ട് നടി ശോഭന തൃശൂരില്‍ പ്രസംഗിച്ചതിന് ശോഭനയ്ക്കെതിരെ സമൂഹമാധ്യമങ്ങള്‍ കടുത്തവിമര്‍ശനമാണ് കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ് ക്യാംപുകളും ഉയര്‍ത്തിയത്. പണ്ടെല്ലാം ഹൈന്ദവ ചിന്തകള്‍ പങ്കുവെയ്ക്കുന്നവരെ സംഘികള്‍ എന്ന മുദ്ര കുത്തി ഒറ്റപ്പെടുത്തുന്ന രീതി ഇപ്പോള്‍ പണ്ടത്തെ പോലെ ഫലിക്കുന്നില്ല. കാരണം ഒട്ടേറെ താരങ്ങള്‍ തന്നെ നിര്‍ഭയരായി മോദിയ്ക്കും അയോധ്യാക്ഷേത്രത്തിനും അനുകൂലമായി പ്രതികരിക്കുകയാണ്. പൊതുവേ നിര്ദോഷിയായും നിഷ്കളങ്കയായും കാണപ്പെടുന്ന ഗായിക ചിത്രയില്‍ നിന്നും ഇത്തരമൊരു ഹൈന്ദവസമീപനം ഉണ്ടായതാണ് കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചുകളഞ്ഞത്.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. വെറുക്കപ്പെടേണ്ട പാര്‍ട്ടി എന്ന ബിജെപിയോടുള്ള കാഴ്ചപ്പാട് ഇനി കേരളത്തില്‍ അധികകാലം നിലനില്‍ക്കില്ല. അതുപോലെ വെറുക്കപ്പെടേണ്ട നേതാവ് എന്ന കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് ദുശ്ശാഠ്യവും ഉടഞ്ഞുകഴിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: