കൊച്ചി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടി രൂപയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാജ്യത്തിനു സമര്‍പ്പിക്കും.
കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന വന്‍കിട പദ്ധതികളെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പറഞ്ഞു.കേന്ദ്ര ഷിപ്പിങ് സെക്രട്ടറി ടി. കെ. രാമചന്ദ്രന്, കൊച്ചിന് ഷിപ് യാര്‍ഡ് മേധാവി മധു എസ്.നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൊച്ചി കപ്പല്‍ശാലയുടെ ന്യൂ ഡ്രൈ ഡോക്കും ഐഎസ്ആര്‍എഫും ആഗോള തലത്തില്‍ കപ്പല്‍ നിര്‍മ്മാണ, അറ്റക്കുറ്റപ്പണി രംഗത്ത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്താകും. ഊര്‍ജ്ജ രംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്ന ഐഒസിയുടെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എല്‍പിജി വിതരണം ഉറപ്പാക്കുന്നതിനും സഹായകമാകും.
കൊച്ചി കപ്പല്‍ ശാലയില്‍ 1,799 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ന്യൂ ഡ്രൈ ഡോക്ക് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. 70000 ടണ്‍ വരെ ഭാരമുള്ള വിമാനവാഹിനികള്‍, കേപ്സൈസ് ആന്റ് സൂയസ്മാക്സ് ഉള്‍പ്പെടെയുള്ള കൂറ്റന്‍ ചരക്കു കപ്പലുകള്‍, ജാക്ക് അപ്പ് റിഗ്സ്, എന്‍എന്‍ജി കപ്പലുകള്‍ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. ഇത് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കും.
വില്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന് പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവില്‍ രാജ്യാന്തര കപ്പല്‍ അറ്റക്കുറ്റപ്പണി കേന്ദ്രമായ ഐഎസ്ആര്‍എഫ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയെ ഒരു ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 6000 ടണ്‍ ശേഷിയുള്ള ഷിഫ് ലിഫ്റ്റ് സിസ്റ്റം, ട്രാന്‍സ്ഫര്‍ സിസ്റ്റം, ആറ് വര്‍ക്ക് സ്റ്റേഷനുകള്‍, 130 മീറ്റര്‍ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേ സമയം ഉള്‍ക്കൊള്ളുന്ന 1400 മീറ്റര്‍ ബെര്‍ത്ത് തുടങ്ങിയവ ഐഎസ്ആര്‍എഫിന്റെ മാത്രം സവിശേഷതകളാണ്.
കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ പണിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയുടെ എല്‍പിജി ആവശ്യകത നിറവേറ്റാന്‍ കഴിയുന്ന വിധത്തിലാണ് തന്ത്രപ്രധാന സ്ഥലമായ കൊച്ചിയില്‍ ഇതൊരുക്കിയിരിക്കുന്നത്. 15400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‍ റോഡ്, പൈപ്പ് ലൈന്‍ വഴികളിലൂടെയുള്ള എല്‍പിജി വിതരണം ഉറപ്പാക്കും. എല്‍പിജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടി രൂപയുടെ ചെലവ് കുറയ്ക്കാനും 18000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ഈ പുതിയ ടെര്‍മിനല്‍ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: