മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ആദ്യ അട്ടിമറിയില്‍ വീണ് വനിതാ സിംഗിള്‍സ് മുന്‍ ഗ്രാന്‍ഡ് സ്ലാം ജേത്രി നവോമി ഒസാക്ക. 16-ാം സീഡ് താരമായി ഇറങ്ങിയ ഫ്രാന്‍സിന്റെ കരോലിന് ഗാര്‍ഷ്യ ആണ് ഈ ജപ്പാന്കാരിയെ തോല്‍പ്പിച്ചത്. ഈ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിലെ ആദ്യ അട്ടിമറി വിജയമാണ് കരോലിന് ഗാര്ഷ്യയുടേത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി കളത്തിലിറങ്ങിയതായിരുന്നു ഒസാക്ക. മുമ്പ് രണ്ട് 2019, 2021 വര്‍ഷങ്ങളില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള താരമാണ് ഒസാക്ക. താരത്തെ തോല്‍പ്പിക്കാനായത് ഏറെ അഭിമാനകരമായി കണക്കാക്കുന്നുവെന്ന് മത്സരശേഷം ഗാര്‍ഷ്യ പ്രതികരിച്ചു. സ്കോര്‍: 6-4, 7-6(7-2)
ഇന്നലെ നടന്ന മറ്റ് വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഒണ്‍സ് ജാബിയര്‍ അനായാസം രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ നേരിട്ട യൂലിയ സ്റ്റാട്രോഡബ്റ്റ്സേവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമാണ് ഒണ്‍സ് കീഴടക്കിയത്. സ്കോര്‍: 6-3, 6-1
മറ്റ് വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ പത്താം സീഡ് താരമായി ഇറങ്ങിയ ബ്രസീലിന്റെ ഹദ്ദാദ് മായിയ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സീഡഡ് താരം അന്‍ഹെലിന കാലിനിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അരാന്റ്ക്ഷ റൂസ് തോല്‍പ്പിച്ചത് വലിയ അത്ഭുതമായി. സ്കോര്‍: 61, 60നായിരുന്നു റൂസിന്റെ വിജയം. ഇത്തവണത്തെ ആദ്യ റൗണ്ട് മത്സരങ്ങളിലെ ഏറ്റവും വലിയ വിജയമാണിത്.
പുരുഷ സിംഗിള്‍സില്‍ ഓസ്ട്രേലിയയുടെ അലെക്സ് ഡി മിനോറിന് രണ്ടാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിച്ചു. ആദ്യ റൗണ്ട് മത്സരത്തിനിടെ കനേഡിയന്‍ എതിരാളി മിലോസ് റാവോനിച് പരിക്ക് കാരണം പിന്മാറിയതിനെ തുടര്‍ന്നാണ് വാക്കോവര്‍ ലഭിച്ചത്.
മറ്റ് മത്സരങ്ങളില്‍ സീഡഡ് താരങ്ങളായ സ്റ്റെഫാനോസ് സിറ്റ്സിപ്പാസ്, ദാനില് മെദ്വെദെവ്, കാരെന് ഖചനോവ്, ഹബേര്ട് ഹര്‍കാക്സ് എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
മുന്‍ യുഎസ് ഓപ്പണ്‍ ജേതാവ് ഡൊമിനിക് തീം അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ തോറ്റ് പുറത്തായി. 27-ാം സീഡ് താരമായി ഇറങ്ങിയ കാനഡയുടെ ഫെലിക്സ് ഓഗര്‍ എലിയാസൈം ആണ് തീമിനെ തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 7-5, 6-7(5-7), 5-7, 6-3
പ്രതികരിക്കാൻ ഇവിടെ എഴുതുക: