തൃശൂര്‍ : മുംബൈയിലെ ഒരു വലിയ കമ്പനിയിലെ ജനറല്‍ മാനേജരായിരുന്ന മഹേഷ് അയ്യര്‍. പിന്നീട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എല്ലും തോലുമായ നിലയില്‍ തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ കണ്ടെത്തി. ഇദ്ദേഹത്തെ പിന്നീട് തൃശൂരിലെ സന്നദ്ധപ്രവര്‍ത്തകനായ തെരുവോരം മുരുകന് ഏറ്റെടുത്തു.
ജോലി പോയി നാട്ടില്‍ വന്നതില്‍ നിന്നാണ് മഹേഷ് അയ്യരുടെ ദുരന്തം തുടങ്ങുന്നത് . പിന്നീട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അമ്മ മരിച്ചതോടെ ജീവിതം താളം തെറ്റിയെന്നും പറയുന്നു.
നേരത്തെ ചാലക്കുടി സ്വദേശിയായിരുന്ന മഹേഷ് ഓട്ടോ ഓടിച്ചിരുന്നതായി പറയുന്നു. പിന്നീട് മഹേഷും അനുജനും മുംബൈയിലേക്ക് പോയി. അവിടെ ഒരു കമ്പനിയില്‍ മഹേഷ് ജനറല്‍ മാനേജരായിരുന്നു. ഏകദേശം 60000 രൂപയില്‍ അധികം ശമ്പളമുണ്ടായിരുന്നു. മുംബൈയില്‍ സ്വന്തമായി ഫ്ളാറ്റ് ഉണ്ടായിരുന്നു. പിന്നീട് കോവിഡ് വന്നതോടെ എല്ലാം പ്രതിസന്ധിയിലായി. ജോലി നഷ്ടമായി. അങ്ങിനെ നാട്ടില്‍ തിരിച്ചെത്തിയ മഹേഷ് ചാലക്കുടിയില്‍ വീട് വാടകയ്ക്കെടുത്ത് ജീവിച്ചുതുടങ്ങി.
വാസ്തവത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഒരാള്‍ ഒരാഴ്ചയായി കാലില്‍ മുറിവുകളുമായി കിടക്കുന്നത് കണ്ട പുത്തൂര്‍ സ്വദേശിയാണ് ഇയാളെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. അന്നേരമാണ് തന്റെ ഫേസ്ബുക്ക് പേജിന്റെ പേര് മഹേഷ് പുത്തൂര്‍ സ്വദേശിയുടെ മൊബൈയില്‍ ഫോണില്‍ ടൈപ്പ് ചെയ്ത് നല്‍കിയത്. അതില്‍ നിന്നാണ് മഹേഷിന്റെ വര്‍ണ്ണശബളവും ഏറെക്കുറെ സമ്പന്നവുമായ ഭൂതകാലം കണ്ടെത്തിയത്. മഹേഷിന്റെ മൂന്ന് വര്‍ഷം മുന്‍പുള്ള ഫോട്ടോയെല്ലാം ഫേസ് ബുക്കിലുണ്ട്. പുത്തൂര്‍ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് തെരുവോരം മുരുകന് മഹേഷിനെ ഏറ്റെടുത്തത്.
ഇപ്പോഴും മഹേഷിന്റെ അനുജന് മുംബൈയില്‍ ഉണ്ടെന്ന് പറയുന്നു. ഇനി മഹേഷിന്റെ ഭൂതകാലം കണ്ടെത്താനും മുംബൈയില്‍ എന്താണ് ഇയാള്‍ക്ക് സംഭവിച്ചതെന്നും ഇയാള്‍ സ്വന്തമായി വാങ്ങിയതായി പറയുന്ന ഫ്ലാറ്റിന് എന്ത് സംഭവിച്ചു എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
തന്റെ ദുരവസ്ഥയ്ക്ക് കാരണമായി മഹേഷ് പറയുന്നത് ഒരു എലി കടിച്ച മുറിവില്‍ നിന്നാണ് എല്ലാം തുടങ്ങുന്നതെന്നാണ്. കാലിലെ ആ മുറിവ് കൂടിക്കൂടി വന്നതും പ്രശ്നമായി എന്നും പറയുന്നു. എന്നാല്‍ ഇത് താളം തെറ്റിയ മഹേഷിന്റെ മനസ്സില്‍ നിന്നും രൂപപ്പെട്ട ഒരു കഥ മാത്രമായാണ് ചുറ്റിലുമുള്ളവര്‍ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: