കനല് ഒരു തരി ആണെങ്കിലും ഉചിതമായ ഇന്ധനം കിട്ടിയാല്‍ ഏതു മഞ്ഞുമലയെയും ഉരുക്കി പുഴയാക്കി കാലാതിവര്‍ത്തിയായ മഹാപ്രവാഹം സൃഷ്ടിക്കാനും അതിലൂടെ ഏതു വന്മരത്തെയും കടപുഴക്കിയെറിയാനും കഴിയുമെന്ന് പലപ്പോഴും വീമ്പ് പറഞ്ഞത് കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളാണ്. അക്ഷരം അഗ്നിയാണെന്നും അത് ഒഴുകി വീഴുന്ന പേനത്തുമ്പുകള്‍ മനസ്സുകളെ തീപിടിപ്പിക്കുമെന്നും അതാണ് സമൂഹത്തിലെ പരിവര്‍ത്തനത്തിന് നാന്ദി കുറിക്കുന്നതെന്നും ഒരിക്കല്‍ മാന്യ പരമേശ്വര്‍ജി പറഞ്ഞത് ഓര്‍ക്കുന്നു. സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്ന സര്‍ഗാത്മക ന്യൂനപക്ഷം വെറും മൂന്ന് ശതമാനം മാത്രമാണെന്നും അവരാണ് മഹത്തായ പരിവര്‍ത്തനങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രഭാഷണം ആരെക്കുറിച്ച് എന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനെ, സമ്മേളനത്തിന്റെ ഉദ്ഘാടകനായ മുഖ്യമന്ത്രിയെ സാക്ഷിനിര്‍ത്തി എംടി തുറന്നടിച്ചപ്പോള്‍ കേട്ടവര്‍ക്കും പിന്നീട് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വായിച്ചവര്‍ക്കാര്‍ക്കും ഒരു സംശയവുമില്ല, അത് ആരെക്കുറിച്ചായിരുന്നു എന്ന്. പക്ഷേ, വിഘടന കേസരികളായ സിപിഎം നേതാക്കള്‍ ആ പ്രസംഗം വഴിതെറ്റിക്കാന്‍ ശ്രമിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജന് പറഞ്ഞത് എം.ടി ഉദ്ദേശിച്ചത് കേന്ദ്രസര്ക്കാരിനെയാണെന്നാണ് തനിക്ക് തോന്നിയത് എന്നാണ്. പണ്ട് ബോക്സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചപ്പോള്‍ തോന്നിയ അതേ അസ്കിത. അദ്ദേഹത്തിന് ചിലപ്പോഴൊക്കെ സ്ഥലജല വിഭ്രാന്തി അനുഭവപ്പെടും, ആളു മാറിപ്പോകും. ജയരാജന്റെ പ്രസ്താവനയില്‍ ഒരുവരി കൂടിയുണ്ട്, നേതൃപൂജയെ ഏറ്റവും എതിര്‍ക്കുന്നത് സിപിഎമ്മാണ്. ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ രാഷ്ട്രീയ പാര്‍ട്ടിയോ അടിസ്ഥാനമാക്കിയല്ല പറഞ്ഞതെന്ന് എനിക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും ജയരാജന് ആശ്വാസം കൊള്ളുന്നു. ഇതേ ജയരാജന് തന്നെയാണ് രണ്ടുദിവസം മുമ്പ് കാരണഭൂതന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ കാറ്റില്‍ പറക്കുന്ന കഴുകനായും എല്ലാം കരിക്കുന്ന സൂര്യനായും ഒക്കെ വിശേഷിപ്പിച്ച കവിത വന്നപ്പോള്‍ നല്ല ആള്‍ക്കാരെ കുറിച്ച് അങ്ങനെ കവിതയും നാടകവും പാട്ടും ഒക്കെ വരുമെന്ന് പറഞ്ഞു ന്യായീകരിച്ചത്. നിയമസഭാ സ്പീക്കര്‍ എ.എം ഷംസീറിന് എംടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരാണെന്ന് തോന്നിയിട്ടില്ല. ഒരുകാര്യം അദ്ദേഹം സത്യം പറഞ്ഞു. എം.ടി ഉദ്ദേശിച്ചത് എന്താണെന്ന് തനിക്കറിയില്ല, മനസ്സിലായില്ല എന്ന് പറയാനുള്ള സത്യസന്ധത ഷംസീര്‍ കാട്ടി. ഇഎംഎസ് ജീവിച്ചിരിക്കുമ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. വിമര്‍ശനം മാധ്യമങ്ങളെ ഉദ്ദേശിച്ചായിരിക്കാം എന്നാണ് ഷംസീറിന്റെ സുചിന്തതമായ അഭിപ്രായം.
ഇടതുപക്ഷ സഹയാത്രികനും എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍.എസ് മാധവന് ഉള്ളകാര്യം നേരെ പറഞ്ഞു. ഇടതുപക്ഷത്തെ മാത്രം ലക്ഷ്യമാക്കി ഇക്കാര്യം പറഞ്ഞത് ഇടതുപക്ഷത്തെ നന്നാക്കാന്‍ ആണെന്ന് മാധവന് നെഞ്ചില്‍ കൈവെച്ചു പറയുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ഉപദേശമാണെന്ന് പറയാനുള്ള ധൈര്യം കവി സച്ചിദാനന്ദനും കാട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സെക്രട്ടറി ചുമതല ഏറ്റതിനുശേഷം സിപിഎം അടിമ മനോഭാവം ശക്തമായി എന്നാണ് തോന്നുന്നത്. മുഖ്യമന്ത്രി സ്റ്റേജില്‍ ഉണ്ടെന്ന് കരുതി എംടിയുടെ വാക്കുകള്‍ക്ക് സിപിഎം വിരുദ്ധത കൊടുക്കാന്‍ ശ്രമിക്കുന്നത് എഴുതാപ്പുറം വായിക്കലാണെന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഎം അണികള്‍ക്ക് ആത്മവിമര്‍ശനം നടത്താനുള്ള പ്രസംഗമാണ് എം.ടി നടത്തിയത് എന്ന് സാറ ജോസഫും മലയാളത്തില്‍ നട്ടെല്ലുള്ള എഴുത്തുകാരന് ഉണ്ടെങ്കില്‍ അത് എംടി ആണെന്ന് ജോയ് മാത്യുവും പറഞ്ഞു.
എംടി പറഞ്ഞത് കേരളം മുന്നില്‍കണ്ടാണ്. ഓരോ വാക്കും അളന്നു മുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ‘വിമര്‍ശിക്കുകയായിരുന്നില്ല, ചില യാഥാര്‍ത്ഥ്യം പറയണമെന്ന് തോന്നി, അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്.’ പ്രസംഗത്തിനുശേഷം വൈകിട്ട് കണ്ടപ്പോള്‍ എംടി പറഞ്ഞത് ഇതാണെന്ന് എന്‍.ഇ സുധീര്‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന് ചെരുവിലിന് ഇനിയും നേരം വെളുത്തിട്ടില്ല. അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി എന്തും ചെയ്യാനും പറയാനും മടിക്കാത്ത അന്തംന്യായീകരണ തൊഴിലാളിയായ അശോകന്റെ അഭിപ്രായത്തില്‍, എം.ടി പറഞ്ഞത് രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അമിതാധികാരത്തെ കുറിച്ചാണ്. ഇത് മുഖ്യമന്ത്രിക്ക് എതിരാണ് എന്ന് വ്യാഖ്യാനിക്കാനുള്ള മാധ്യമശ്രമം നികൃഷ്ടമാണെന്നും അസഹിഷ്ണുതയാണെന്നും അദ്ദേഹം രോഷം കൊള്ളുന്നു. എം.ടി പറഞ്ഞത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും പ്രസക്തമാണെന്ന് പറഞ്ഞ് ഇടതുപക്ഷ സഹയാത്രികനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ കെ.പി കണ്ണന് സമ്പദ്മേഖലയിലെ കനലും കത്തിച്ചു കഴിഞ്ഞു.
കേരളം ഈ പ്രസംഗത്തെ എങ്ങനെ കാണുന്നു, എങ്ങനെ വിലയിരുത്തുന്നു എന്ന് മനസ്സിലാക്കാനാണ് പ്രമുഖരുടെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തത്. പാര്‍ട്ടി അടിമകള്‍ അല്ലാത്ത എല്ലാവര്ക്കും എംടി പറഞ്ഞത് എന്താണെന്നും ആരെക്കുറിച്ചാണെന്നും ഒക്കെ വ്യക്തമായി മനസ്സിലായി. സ്നേഹത്തെയും വെറുപ്പിനെയും വേര്‍തിരിക്കുന്ന വേലിക്കെട്ട് തീരെ നേര്‍ത്തതാണെന്ന് സ്വന്തം കഥാപാത്രത്തെക്കൊണ്ട് മലയാളസാഹിത്യത്തിലെ പ്രകാശഗോപുരമായ എം.ടി ഒരിക്കല്‍ പറയിപ്പിച്ചത് സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കുകയാണ് ഈ പ്രഭാഷണത്തില്‍ ചെയ്തത്.
എം.ടി യുടെ പ്രസംഗത്തിലുടനീളം അദ്ദേഹം ഉദ്ധരിച്ചതും വിശദീകരിച്ചതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീര്‍ണ്ണതയെക്കുറിച്ചും ഇഎംഎസിന്റെ ജീവിതത്തില്‍ അദ്ദേഹം പാലിക്കാന്‍ ശ്രമിച്ച മൂല്യങ്ങളെക്കുറിച്ചുമാണ്. ആ മൂല്യങ്ങളിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പോയിരുന്നതെങ്കില്‍ ഇക്കാര്യം ആ വേദിയില്‍ ഒരിക്കലും പറയാനുള്ള വിവേകരാഹിത്യം കാണിക്കില്ലായിരുന്നു. രാജാവ് നഗ്നനാണെന്ന സത്യം ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ എം.ടി വാസുദേവന്‍ നായര്‍ തുറന്നടിച്ചതോടെ ഒരുകാര്യം വ്യക്തമായി, കേരളത്തിന് ഒരു സാംസ്കാരിക നായകന് ഉണ്ട്. എം.ടി വാസുദേവന്‍ നായര്‍ ഉദ്ദേശിച്ചത് കേന്ദ്രസര്ക്കാരിനെയാണെങ്കില് അതുസംബന്ധിച്ച എന്തെങ്കിലും സൂചന ഉണ്ടാകുമായിരുന്നു. സംഘത്തിനും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ഒരിക്കലും എംടി അന്യനായിരുന്നില്ല. നേരത്തെ തപസ്യയുടെ യോഗങ്ങളില്‍ പങ്കെടുത്തിട്ടുള്ള എം.ടി പറയാനുള്ള കാര്യം എതിര്‍ത്താണെങ്കിലും അനുകൂലിച്ചാണെങ്കിലും തുറന്നു പറയുകയാണ് രീതി.
”രാഷ്ട്രീയപ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാര്‍ഗ്ഗമാണ് എവിടെയും. അധികാരം എന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന ഒരു അവസരം എന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള് കുഴിവെട്ടി മൂടി. 1957 ല്‍ ബാലറ്റ് പെട്ടിയിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവര്‍ ഉണ്ടാവാം. അത് ഒരു ആരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ട് പെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്വമുള്ള ഒരു സമൂഹമായി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന് തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതു കൊണ്ടാണ് ഇഎംഎസ് സമാരാധ്യനാകുന്നത്. മഹാനായ നേതാവാകുന്നത്. അഹം ബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാന്‍ ഇവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാന്‍ പറ്റിയ വാദമുഖങ്ങള്‍ തിരയുന്നതിനിടെ സ്വന്തം വീക്ഷണം രൂപപ്പെടുത്തുന്നതിന് തുടക്കമിടാന്‍ കഴിഞ്ഞുവെന്ന് ഇഎംഎസ് പറയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത് രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇഎംഎസിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഈഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വപൂജകളില്‍ ഒന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടുതന്നെയാണ്. അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടേയിരിക്കണം. അപ്പോള്‍ ഒരു നേതാവ് ഒരു നിമിത്തം അല്ലാതെ ചരിത്രപരമായ ഒരു ആവശ്യകതയായി മാറുന്നു. അതായിരുന്നു ഈഎംഎസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു.”
എംടി പറഞ്ഞതിലെ പ്രസക്തഭാഗം അവസാന വരിയില്‍ എത്തുമ്പോള്‍ ഇഎംഎസിനെ മാതൃകയാക്കി ഇനിയെങ്കിലും പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്നാണ് എന്നകാര്യം മുഖ്യമന്ത്രിയുടെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ കൊച്ചുമകനു പോലും വളരെ വ്യക്തമായും കൃത്യമായും മനസ്സിലാകും. അതുകൊണ്ടാണല്ലോ പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥലം വിട്ടത്. എം.ടി ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീര്‍ണ്ണതയുടെ ആഴം കേരളത്തിനു മുന്നില്‍ തുറന്നുകാട്ടിക്കഴിഞ്ഞു. ആത്മാഭിമാനം എന്നത് അല്പമെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍ ഒരു നിമിഷം പോലും മുഖ്യമന്ത്രിപദത്തില്‍ പിണറായി തുടരില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: