റായ്പൂര്‍: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണപത്രം കൈകളിലെത്തിയതിന്റെ ഞെട്ടലിലാണ് ഇപ്പോഴും സന്തോഷി ദുര്‍ഗ. ജീവിതത്തിലൊരിക്കലും അയോദ്ധ്യയില്‍ നിന്ന് ഇങ്ങനെയൊരു ക്ഷണം തന്നെത്തേടിയെത്തുമെന്ന് ഈ മുപ്പത്തഞ്ചുകാരി കരുതിയിട്ടില്ല. പക്ഷേ, ക്ഷണപത്രമയച്ച് ഭഗവാന് ശ്രീരാമന് വിളിച്ചിരിക്കുന്നുവെന്ന് പറയുമ്പോള്‍ സന്തോഷിയുടെ കണ്ണുകളില്‍ ആനന്ദക്കണ്ണീര്.
പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണപത്രം കഴിഞ്ഞ ദിവസമാണ് സന്തോഷിക്ക് കിട്ടിയത്. ക്ഷണപത്രമയച്ചതില് സന്തോഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചു. 18ന് അയോദ്ധ്യയിലേക്ക് പോകുമെന്ന് സന്തോഷി പറഞ്ഞു. നര്‍ഹര്‍പൂരിലെ ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും പുരോഗതിക്കുമായി ഭഗവാന് ശ്രീരാമനോട് പ്രാര്‍ത്ഥിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എഴുനൂറിലധികം പോസ്റ്റ് മോര്ട്ടങ്ങള്ക്കാണ് ഛത്തീസ്ഗഡിലെ നര്‍ഹര്‍പൂര്‍ സ്വദേശി സന്തോഷി അസിസ്റ്റന്റായത്. പ്രവര്‍ത്തന മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്തോഷിക്ക് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 18 വര്‍ഷമായി നര്‍ഹര്‍പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍, ജീവന് ദീപ് കമ്മിറ്റിയുടെ ഭാഗമായി ജോലിചെയ്യുകയാണ്.
നിരവധി പേര് സന്തോഷിക്ക് അഭിനന്ദനങ്ങളറിയിച്ച് രംഗത്തെത്തി. സന്തോഷിക്ക് ക്ഷണപത്രം ലഭിച്ചതില്‍ വളരെയധികം അഭിമാനിക്കുന്നുവെന്ന് നര്‍ഹര്‍പൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ പ്രശാന്ത് കുമാര്‍ സിങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: