തിരുവനന്തപുരം: യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായി വിസിയായി തുടരുന്ന പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്. ശശീന്ദ്രനാഥിന്റെ കാലാവധി ജൂണില്‍ അവസാനിക്കുന്നതിന് മുമ്പ് കൃത്രിമമായി 156 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നിയമനം നടത്താന്‍ നീക്കം.
യൂണിവേഴ്സിറ്റിയുടെ പ്രോ ചാന്‍സലര്‍ സിപിഐ മന്ത്രിയാണെങ്കിലും, യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. സര്‍വകലാശാലയിലെ ചില ഉന്നതരുടെ സ്വന്തക്കാര്‍ക്ക് കൂടി നിയമനം ലഭിക്കാന്‍ പാകത്തിന് നിയമന വിജ്ഞാപനം നടത്താനാണ് ഭരണ സമിതി യോഗം തീരുമാനിച്ചത്. അതിനായി ചില തസ്തികകളെ നെറ്റ് പരീക്ഷ യോഗ്യതയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് കൃത്യമായി ശമ്പളം പോലും നല്കാന് സര്‍വകലാശാല ബുദ്ധിമുട്ടുമ്പോഴാണ് 20 കോടി രൂപയുടെ അധിക ബാധ്യതയുള്ള നിയമനങ്ങള്‍ നടത്തുന്നത്.
നിലവില്‍ പ്രതിമാസം നാലു കോടിയുടെ കടത്തിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്
ജൂണില്‍ വിസിയുടെ കാലാവധി പൂര്‍ത്തിയായാല്‍ പുതിയ വിസി നിയമിതനാകുമെന്നതിനാല് പൊതുതെരഞ്ഞെടുപ്പിന് മുമ്പ് റാങ്ക് പട്ടിക തയാറാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ തന്നെ വെറ്ററിനറി സര്‍വകലാശാലയുടെ വിവിധ കോഴ്സുകളില്‍ ചിലതിന് ഐസിആറിന്റെയോ, വെറ്ററിനറി കൗണ്‍സിലിന്റെയോ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ട് ഗവേഷണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഗ്രാന്റുകള്‍ അനുവദിച്ചിട്ടില്ല. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം ലംഘിച്ചുകൊണ്ട്, നിയമനം നടത്താനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: