വീട് പണിയുമ്പോള്‍ ഏതെല്ലാം ഭാഗത്താണ് കൂടുതല്‍ സ്ഥലം വിടേണ്ടത്?
വീട് പണിയുമ്പോള്‍ കിഴക്കും വടക്കും കൂടുതല്‍ സ്ഥലം വിടുകയും തെക്കും പടിഞ്ഞാറും കുറച്ച് സ്ഥലം മാത്രം വിടുകയും ചെയ്യണം. ഉത്തരായനം, ദക്ഷിണായനം എന്ന കണക്കില്‍ സൂര്യകിരണങ്ങള്‍ വടക്കും കിഴക്കും കൂടുതലായി കിട്ടുന്നതിന് വേണ്ടിയാണ്.
വീട് വയക്കാന്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
വീട് വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി അളന്ന് എന്തെല്ലാം സൗകര്യങ്ങള്‍ വീട്ടിനുള്ളില്‍ വേണം എന്ന് പറഞ്ഞുകൊടുത്ത് റഫ് ആയി പ്ലാന്‍ വരപ്പിക്കണം. ഈ പ്ലാന്‍ കുടുംബക്കാരെല്ലാവരും നോക്കി ചര്‍ച്ച ചെയ്തശേഷം വാസ്തുവിദഗ്ധനെ കാണിച്ച് വേണ്ട മാറ്റങ്ങള്‍ അടയാളപ്പെടുത്തി വാങ്ങണം. അതിനുശേഷം പ്ലാന്‍ വേണ്ടവിധം വരച്ച് അംഗീകാരം വാങ്ങണം. പ്രധാന ബെഡ്റൂമുകള്‍ എല്ലാം തെക്ക് ഭാഗത്തും വടക്ക് പടിഞ്ഞാറ് ഭാഗത്തും വരണം. പൂജാമുറി വടക്ക് കിഴക്ക് ഭാഗത്തും കാര്‍പോര്‍ച്ച് തെക്ക് കിഴക്ക് ഭാഗത്തും വരുന്നതാണ് ഉത്തമം.
വീടിന്റെ പ്രധാന വാതില്‍ വീടിന്റെ മദ്ധ്യത്തിലായി സ്ഥാപിക്കാമോ?
നടുക്ക് വാതില്‍ സ്ഥാപിച്ചാല്‍ ബ്രഹ്മസ്ഥാനവുമായി വേധം സംഭവിക്കാനിടയാകും. കിഴക്ക് ദര്‍ശനമായി നില്ക്കുന്ന ഒരു വീടിന് പൂമുഖവാതില്‍ സ്ഥാപിക്കേണ്ടത് വീടിന്റെ മദ്ധ്യഭാഗം കണക്കെടുത്ത് ഉച്ചഭാഗത്തേക്ക് (വടക്ക് കിഴക്ക് ഭാഗം) വരത്തക്കവിധത്തിലാണ്. ഏത് ദിക്കില്‍ വാതില്‍ സ്ഥാപിച്ചാലും ഉച്ചം, നീചം എന്ന കണക്കുപ്രകാരം ആയിരിക്കണം.
വാസ്തുശാസ്ത്രപരമായി പണിയിച്ച വീടിനകത്ത് ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്?
വീടിന്റെ പ്രധാന വാതില്‍ മറയ്ക്കത്തക്ക വിധം സോഫയോ മറ്റ് ഫര്‍ണിച്ചറുകളോ ഇടരുത്. ഭാരമുള്ള ഫര്‍ണിച്ചറുകള്‍ എല്ലാം ഹാളിന്റെ തെക്ക് ഭാഗത്ത് ക്രമീകരിക്കുക. വീടിന്റെ മദ്ധ്യഭാഗം ഒഴിച്ചിടുക. ബെഡ്റൂമില്‍ കട്ടില് ഇടുമ്പോള്‍ ഒന്നുകില്‍ തെക്കോട്ടോ അല്ലെങ്കില്‍ കിഴക്കോട്ടോ തലവച്ച് കിടക്കണം. അടുക്കളയില്‍ അഗ്നി യുടെ സ്ഥാനം കിഴക്ക് ഭാഗത്തും സിങ്ക്, വാട്ടര്‍ ടാപ്പുകള്‍ സ്ഥാപിക്കുന്നത് വടക്ക് ഭാഗത്തും ആയിരിക്കണം. സ്റ്റോര്‍ മുറി ക്രമീകരിക്കുന്നത് പടിഞ്ഞാറ് ഭാഗത്താകുന്നതാണ് ഉത്തമം. വാട്ടര്‍ ഫൗണ്ടന്, ഫിഷ് ടാങ്ക് എന്നിവ മുറിയുടെ വടക്ക് ഭാഗത്ത് വരുന്നത് നല്ലതാണ്.
കട്ടിള (പൂമുഖ വാതില്‍) വയ്ക്കുന്ന രീതി വിവരിക്കാമോ?
ബലമുള്ളതും ഊര്‍ജ്ജം പിടിച്ച് വയ്ക്കാന്‍ കഴിവുള്ളതുമായ തടികളാണ് ഉപയോഗിക്കേണ്ടത്. പ്ലാവ്, ആഞ്ഞില്, തേക്ക്, മഹാഗണി മുതലായവ എടുക്കാം. പൂമുഖ വാതിലിന്റെ കട്ടിളപ്പടിക്ക് ഉപയോഗിക്കുന്ന തടി തന്നെയായിരിക്കണം വാതിലിനും ഉപയോഗിക്കേണ്ടത്. കട്ടിള വയ്ക്കല്‍ ചടങ്ങ് നടത്തുമ്പോള്‍ വീട്ടിലെ അംഗങ്ങള്‍ എല്ലാവരും പങ്കെടുക്കണം. പൂമുഖ വാതില്‍ ഉറപ്പിക്കുമ്പോള്‍ അതില്‍ തൊട്ടുനില്ക്കുക. കട്ടിള ഉറപ്പിച്ച ശേഷം വീട്ടി നുള്ളിലേക്ക് പോസിറ്റീവ് എനര്‍ജി കടത്തിവിടാന്‍ സഹായകമായ ചില രത്നങ്ങള്‍ കട്ടിളപ്പടിയുടെ മുകളിലോ വശങ്ങളിലോ സ്ഥാപിക്കണം. അടുത്തതായി നിറകുടങ്ങളായി മൂന്ന് നാല് സ്ത്രീകള്‍ കട്ടിളപ്പടിയിലൂടെ പ്രവേശിച്ച് ഈശാനകോണില് (വടക്ക് കിഴ ക്കേമൂല) നിറകുടത്തിലെ വെള്ളം ഒഴിക്കുക. ഇതോടെ കട്ടിളവയ്പ്പ് ചടങ്ങ് പൂര്‍ത്തിയാകും. വീടിന് അകത്ത് വരുന്ന മറ്റ് വാതിലുകള്ക്കൊന്നും ഈ ചടങ്ങ് നടത്തേണ്ടതില്ല.
ശബരിമലയില്‍ താങ്കളുടെ നേതൃത്വത്തില്‍ വാസ്തുശാസ്ത്ര വിജ്ഞാനപീഠം സമര്‍പ്പിച്ച പുനഃക്രമീകരണങ്ങളെ കുറിച്ച് പറയാമോ?
പൗരാണികമായി പ്രാധാന്യമുള്ള ശബരിമല ക്ഷേത്രവും പതിനെട്ടാം പടിയും ഒരു പാറപ്പുറത്ത് ശരിയായ ഭൗമോര്ജ്ജ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ പതിനെട്ടാം പടിക്ക് അളവുകളില്‍ മാറ്റം വരുത്തുന്നത് ഒരിക്കലും ശാസ്ത്രവിധിക്ക് നിരക്കുന്നതല്ല. അതേ സമയം ഇന്ന് വാസ്തുതത്ത്വപരമായും ഭക്ത ജന സൗകര്യാര്‍ഥവും ചൈതന്യത്തിന് കോട്ടം വരാതെയും വരുത്തേണ്ട നിര്‍മാണങ്ങളെയും മാറ്റങ്ങളെയും കുറിച്ച് വാസ്തുശാസ്ത്ര വിജ്ഞാന പീഠത്തിന്റെ ആഭിമുഖ്യത്തില്‍ പതിനെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവ ദേവസ്വം ബോര്‍ഡിന്റെ സജീവ പരിഗണനയിലാണ്.
ഇരുനില വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തെല്ലാം?
അടുക്കളയുടെ സ്ഥാനവും പൂജാമുറിയുടെ സ്ഥാനവും ഗ്രൗണ്ട് ലെവലില്‍ തന്നെ വേണം. സ്റ്റെയര്‍ കെയ്സ് ക്രമീകരിക്കുമ്പോള്‍ ക്ലോക്ക് വൈസില്‍ ആയിരിക്കണം. ഇവ തെക്കോട്ട് നോക്കി കയറുന്നതോ പടിഞ്ഞാറോട്ട് നോക്കി കയറുന്നതോ ആയിരിക്കണം. പ്രധാനപ്പെട്ട റൂമുകള്‍ (കിടപ്പ് മുറി) തെക്ക് ഭാഗത്ത് (കന്നിമൂല) വരുന്നത് നല്ലതാണ്. കുട്ടികളുടെ ശയനമുറികള്‍ പടിഞ്ഞാറും കിഴക്കും വരുന്നതും ഉത്തമം.
പ്രായമായ പെണ്‍കുട്ടികള്‍ക്ക് കിടക്കാന്‍ കൊടുക്കേണ്ട മുറി വടക്ക്പടിഞ്ഞാറ് ഭാഗത്തുള്ള (വായുകോണ്) മുറിയാണ്. ഇത് അവരുടെ പഠനത്തിനും ശാരീരിക വളര്‍ച്ചയ്ക്കും ഉന്മേഷത്തിനും ഭാഗ്യദായകമായ കാര്യങ്ങള്‍ക്കും നല്ലതാണ്. വീടിന്റെ മുന്‍വശത്തെ പൂമുഖവാതില്‍ ഉച്ചസ്ഥാനത്ത് കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അടുക്കള തെക്ക്കിഴക്ക് അഗ്നികോണിലോ വടക്ക്പടിഞ്ഞാറ് വായുകോണിലോ വടക്ക് കിഴക്ക് ഈശാനകോണിലോ സ്ഥാപി ക്കണം. പൂജാമുറിക്ക് ഉന്നതമായ സ്ഥാനം വടക്ക് കിഴക്കേ മൂലയായ ഈശാനകോണാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ ഗൃഹത്തിന്റെ അനുയോജ്യമായ സ്ഥാനത്ത് പൂജാമുറി പണിയുന്നതില്‍ തെറ്റില്ല.
പൂജാമുറിയോട് ചേര്‍ന്നുള്ള ചുമര് ബാത്ത്റൂമിന്റേതാകരുത്. അതുപോലെ പൂജാമുറിക്ക് നേരേ മുകള്‍ ഭാഗത്തും ബാത്ത്റൂം വരാന്‍ പാടില്ല. മറ്റുള്ള ഏത് ഭാഗം വന്നാലും കുഴപ്പമില്ല. രണ്ടാമത്തെ നില പണിയുമ്പോള്‍ തെക്ക് പടിഞ്ഞാറ് കന്നിമൂലയുടെ ഭാഗം ഉയര്‍ത്തി പണിയണം. വടക്ക് കിഴക്കേ മൂലഭാഗം ഓപ്പണ്‍ സ്പേസായി ഇടുകയോ ബാല്‍ക്കണിയായി പണിയുകയോ ചെയ്യുന്നത് ഉത്തമമാണ്. വീടിന്റെ ഫില്ലറുകള്‍ ഉണ്ടെങ്കില്‍ അവ ഇരട്ട സംഖ്യയില്‍ വരുത്തണം. പടി ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഇരട്ട സംഖ്യയില്‍ വരുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: