ന്യൂദല്‍ഹി: രഞ്ജി ട്രോഫിയുടെ പ്രാഥമിക ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ പലതിന്റെയും ആദ്യ ദിനം പ്രതികൂല കാലാവസ്ഥയില്‍ മങ്ങി. രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മങ്ങിയ കാലാവസ്ഥ മത്സരങ്ങളെ ബാധിക്കുകയായിരുന്നു. കേരളത്തിന്റേടതക്കം പല മത്സരങ്ങളും സമയം വൈകി തുടങ്ങുകയോ നിര്ത്തിവയ്ക്കേണ്ടതായോ വന്നിട്ടുണ്ട്.
ത്രിപുരയും തമിഴ്നാടും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. വെളിച്ചക്കുറവ് കാരണം മത്സരം നടക്കാനിരുന്ന ത്രിപുരയിലെ മഹാരാജാ ബീര്‍ ബിക്രം സ്റ്റേഡിയത്തില്‍ ആദ്യദിനം ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മൂടല്‍ മഞ്ഞാണ് ഇവിടെ പ്രശ്നമായത്. ഉച്ചകഴിയും വരെ കാത്ത് നിന്നു. ഒടുവില്‍ വൈകീട്ട് 3.15ഓടെ ഒന്നാം ദിനം റദ്ദാക്കുന്നതായി മാച്ച് റഫറിമാര്‍ പ്രഖ്യാപിച്ചു.
ജമ്മുവില്‍ ആരംഭിച്ച ഡല്‍ഹിയും ജമ്മു കശ്മീരും തമ്മിലുള്ള മത്സരത്തില്‍ വെറും ആറ് പന്തുകള്‍ മാത്രം എറിഞ്ഞ് കളി നിര്‍ത്തിവച്ചു. ഗുവാഹത്തിയില്‍ കേരളവും അസമും തമ്മിലുള്ള കളിയില്‍ വില്ലനായത് വെളിച്ചക്കുറവാണ്. 37 ഓവര്‍ കൊണ്ട് ഇവിടെ ഒന്നാം ദിവസം പൂര്‍ത്തിയാക്കേണ്ടിവന്നു. മൊഹാലിയില്‍ പഞ്ചാബും റെയില്‍വേസും തമ്മിലുള്ള പോരാട്ടത്തിനും വിനയായത് വെളിച്ചക്കുറവായിരുന്നു. 34 ഓവറേ ഇവിടെ കളിക്കാന്‍ സാധിച്ചുള്ളൂ. കാണ്‍പൂരിലെ ഉത്തര്‍പ്രദേശ്-ബംഗാള്‍ മത്സരം വൈകിയാണ് ആരംഭിച്ചത്.
കേരളത്തിന് നല്ല തുടക്കം
ഗുവാഹാട്ടി: രഞ്ജി ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ രണ്ടാം മത്സരത്തില്‍ തുടക്കം മികച്ചതാക്കി കേരളം. ആദ്യ ദിനം നിര്‍ത്തുമ്പോള്‍ അസമിനെതിരെ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ ഒന്നാംദിനം 37 ഓവര്‍ മാത്രമാണ് കളി നടന്നത്. 52 റണ്‍സെടുത്ത് പുറത്താകാതെ നില്ക്കുന്ന കൃഷ്ണ പ്രസാദിനൊപ്പം രോഹന് പ്രേം (4)ആണ് ക്രീസിലുള്ളത്.
സഞ്ജുവിന്റെ അഭാവത്തില്‍ രോഹന് കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. രോഹന്റെയും കൃഷ്ണ പ്രസാദിന്റെയും അര്‍ദ്ധസെഞ്ചുറികളാണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുന്നത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 31 ഓവറില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 95 പന്തുകള്‍ നേരിട്ട രോഹന് 11 ബൗണ്ടറികള്‍ സഹിതം 83 റണ്‍സെടുത്തു.നേരത്തെ ടോസ് നേടിയ അസം കേരളത്തെ ബാറ്റിങ്ങിന് വിടുകയായിരുന്നു. സിദ്ധാര്‍ത്ഥ് സര്‍മാഹ് ആണ് അസമിനായി കേരള ഓപ്പണര്‍ രോഹന് കുന്നുമ്മലിനെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: