ലോകത്തിലെ മുഴുവന്‍ ഭാരതീയര്‍ക്കും രാമഭക്തര്‍ക്കും പവിത്രമായ മുഹൂര്‍ത്തമാണിത്. നാനാഭാഗത്തുനിന്നും രാമമന്ത്രങ്ങള്‍ മുഴങ്ങുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് ഇനി വെറും പതിനൊന്ന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ആ പുണ്യനിമിഷത്തിന് സാക്ഷിയാവാന്‍ എനിക്ക് അവസരം ലഭിച്ചത് അഭിമാനകരമായി കാണുന്നു. കല്പ്പിക്കാന് പോലുമാവാത്ത അനുഭൂതി മനസ്സിലെങ്ങും നിറയുകയാണ്. ജീവിതത്തില്‍ ആദ്യമായി ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോവുകയാണ്. വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ ആവാത്ത അവസ്ഥ. ഏതു സ്വപ്നമാണോ പല തലമുറകള്‍ നൂറ്റാണ്ടുകളോളം ഹൃദയത്തില്‍ കൊണ്ടുനടന്നത് അത് സാക്ഷാത്ക്കരിക്കുന്നത് സാക്ഷ്യം വഹിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരിക്കുന്നു. എല്ലാ ഭാരതീയരുടേയും പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കാന്‍ ഭഗവാന് ശ്രീരാമന് എനിക്ക് അവസരം നല്‍കിയിരിക്കുകയാണ്.
സംന്യാസിവര്യന്മാരുടെ നിര്‍ദേശാനുസരണം പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക അനുഷ്ഠാനങ്ങളിലേക്ക് ഞാന്‍ കടന്നിരിക്കുകയാണ്. ഈ പവിത്ര അവസരത്തില്‍ പരമാത്മാവിന് നന്ദി പറയുന്നു, ഋഷിമുനിമാരെ സ്മരിക്കുന്നു. ജനത ഈശ്വരന്റെ രൂപമാണ്. അവരോട് എല്ലാം ആശിര്‍വാദം തേടുകയാണ്. നാസിക്കിലെ പഞ്ചവടിയില്‍ നിന്ന് ഞാന്‍ വ്രതം ആരംഭിക്കുകയാണ്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം കൂടിയാണിന്ന്. അദ്ദേഹമാണ് ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്തിയത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് സമൂഹത്തെ നയിച്ചത്.
മാതാ ജീജാഭായിയുടെ ജന്മജയന്തി കൂടിയാണിന്ന്. ഛത്രപതി ശിവജി മഹാരാജിന് ജന്മം നല്കിയ പുണ്യവനിത. മാതാ ജീജാഭായിയെപ്പറ്റി പറയുമ്പോള്‍ എനിക്ക് എന്റെ അമ്മയെപ്പറ്റിയും ഓര്‍മകള്‍ വരുന്നു. അമ്മ അവസാന നിമിഷം വരെ ജപമാലയുമായി സീതാറാം എന്ന മന്ത്രമാണ് ഉരുവിട്ടിരുന്നത്.
പ്രാണപ്രതിഷ്ഠയുടെ മംഗളമുഹൂര്‍ത്തത്തില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എന്റെ ശരീരം ഗര്ഭഗൃഹത്തില് ഉണ്ടാവും. എന്നാല്‍ എന്റെ ഹൃദയത്തിലും ഓരോ സ്പന്ദനങ്ങളിലും 140 കോടി ഭാരതീയരും എനിക്കൊപ്പം ഗര്ഭഗൃഹത്തിലുണ്ടാവും. നിങ്ങളെല്ലാം എന്റൊപ്പമുണ്ടാവും. എല്ലാ രാമഭക്തരും എനിക്കൊപ്പമുണ്ടാവും. ആ ചൈതന്യം നമുക്കെല്ലാം ലഭിക്കും.
രാമജന്മഭൂമിക്ക് വേണ്ടി ജീവന് സമര്‍പ്പിച്ച അനേകായിരം പേരില്‍ നിന്നുള്‍ക്കൊണ്ട പ്രേരണയോടെയാണ് ഞാന്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് പോവുന്നത്. കണക്കെടുക്കാനാവാത്ത ത്യാഗവും തപസ്യയും ചെയ്ത അവരുടെ അഞ്ഞൂറു വര്‍ഷത്തെ ധൈര്യം, ബലിദാനികളുടെ കഥകള്‍, പേരുപോലും ആര്‍ക്കും അറിയാത്ത എത്രയോ പേര്, ജീവിതത്തിലെ ഏക ലക്ഷ്യമായി ഭവ്യരാമക്ഷേത്രം മാത്രം സ്വീകരിച്ചവര്‍, ഇത്തരത്തില്‍ അസംഖ്യം പേരുടെ ഓര്‍മകള്‍ എന്റൊപ്പമുണ്ടാവും. 140 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് ഞാന്‍ ഗര്ഭഗൃഹത്തില് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ തനിച്ചല്ല, നിങ്ങളെല്ലാം എനിക്കൊപ്പമുണ്ടെന്ന അനുഭവം എനിക്ക് ലഭിക്കും.
ഈ പതിനൊന്ന് ദിവസം വ്യക്തിയെന്ന നിലയില്‍ യമനിയമങ്ങളാണ്. സമാജത്തിനായാണ് ഇതു ചെയ്യുന്നത്. എല്ലാവരും പൂര്‍ണ മനസ്സോടെ എനിക്കൊപ്പമുണ്ടാവണം. രാംലല്ലയുടെ പാദങ്ങളില്‍ എല്ലാ ഭാരതീയര്‍ക്കും വേണ്ടി അര്‍പ്പണം ചെയ്യും. ഈശ്വരന് രൂപമില്ലെന്ന സത്യം നമുക്കെല്ലാം അറിയാം. എന്നാല്‍ നമ്മുടെ ആധ്യാത്മിക യാത്രയില്‍ പ്രത്യക്ഷ രൂപത്തില്‍ ഈശ്വരന് നമുക്ക് ബലമേകും. ജനതാജനാര്ദ്ദന് ഈശ്വരന്റെ രൂപമാണ്. ഇതു ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ എനിക്ക് ആശീര്‍വാദം നല്കുമ്പോള് പുതിയ കുതിപ്പിനുള്ള ഊര്‍ജം ലഭിക്കുന്നു. ഇന്ന് നിങ്ങളുടെയെല്ലാം അനുഗ്രഹം എനിക്കാവശ്യമുണ്ട്. നിങ്ങളുടെ അനുഗ്രഹം എനിക്ക് ലഭിക്കുന്ന മന്ത്രമാണ്. എല്ലാ രാമഭക്തര്‍ക്കും കോടികോടി നമസ്കാരം. ജയ് സീതാറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: