ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോപ്പുലര്‍ഫ്രണ്ട് ഭീകരന് സഹായവുമായി പോലീസുകാരനും. സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി സൂചന.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളിലൊരാളായ നവാസിനെ കാണുന്നതിന് കുടുംബാംഗങ്ങള്‍ക്ക് അവസരം ഒരുക്കിയതായാണ് ആക്ഷേപം. ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസുകാരന് എതിരെയാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അസുഖബാധിതനായതിനെ തുടര്‍ന്ന് നവാസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോപണ വിധേയനായ പോലീസുകാരന് തന്റെ ഡ്യൂട്ടി ദിവസം ആശുപത്രി സെല്ലില്‍ കഴിഞ്ഞിരുന്ന നവാസിനെ കാണുന്നതിനും സംസാരിക്കുന്നതിനും ബന്ധുവിന് അവസരം ഒരുക്കി നല്‍കിയെന്നാണ് ആക്ഷേപം. നിയമപ്രകാരം കോടതിയുടെ അനുമതിയോടെ മാത്രമെ ബന്ധുക്കള്‍ക്ക് പ്രതികളെ ആശുപത്രി സെല്ലില്‍ സന്ദര്ശിക്കാനാകുകയുള്ളു.
ഈ സാഹചര്യത്തിലാണ് പോലീസുകാര്‍ നിയമവിരുദ്ധമായി പ്രതിയെ സഹായിച്ചത്. നവാസ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്‍ജീതിനെ കൊലപ്പെടുത്തിയ കേസില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ജി ശ്രീദേവി ഈ മാസം 20ന് വിധി പറയും. 2021 ഡിസംബര്‍ 19 ന് രണ്‍ജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളാണ് നിലവില്‍ വിചാരണ നേരിടുന്നത്. ഈ പ്രതികളെല്ലാവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: