തിരുവനന്തപുരം: ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഒമ്പതു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം വര്‍ക്കല മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കവലയൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമ്പോള്‍, അതിന്റെ ഗുണഫലം രാജ്യത്തെ സാധാരണക്കാര്‍ക്ക് ലഭ്യമാകണം. സാധാരണക്കാരന്റെ ജീവിതം സുഗമമാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കപ്പെടണം. ഈ ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുളളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അര്‍ഹരായവര്‍ക്ക് ഈ പദ്ധതികളുടെ സഹായം ഇനിയും ലഭിച്ചിട്ടില്ലെങ്കില്‍, അവര്‍ക്ക് സഹായം എത്തിക്കാനും വികസന പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനുമാണ് കേന്ദ്രം വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ആറ്റിങ്ങല്‍ റീജിയണല്‍ മേധാവി രശ്മി ഓമനക്കുട്ടന് ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ ഗ്യാസ് കണക്ഷനുകള്‍ വിതരണം ചെയ്തു.
കൃഷി വിജ്ഞാന് കേന്ദ്രം അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ ജി ചിത്ര ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃഷി രീതികള്‍ വിവരിച്ചു. ലീഡ് ബാങ്ക് പ്രതിനിധി പ്രജീഷ് സങ്കല്പ് പ്രതിജ്ഞ ചൊല്ലികൊടുത്തു.ഫെഡറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ നിസാമുദ്ദീന്‍ വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ചും അവയുടെ ഗുണഫലങ്ങളെക്കുറിച്ചും വിവരിച്ചു. കൂടാതെ ഹിന്ദ്ലാബ്സിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
ചടങ്ങിന്റെ ഭാഗമായി തപാല്‍ വകുപ്പ്, ഇന്‍ഡേന്‍ ഗ്യാസ് എന്നിവര്‍ സജ്ജീകരിച്ച സ്റ്റാളുകള്‍ വഴി പുതിയ ഉപഭോക്താക്കള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: