ചെന്നൈ: കരുത്തനായ മോദിയുമായി രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്യാനാവില്ലെന്ന പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ പ്രസ്താവന വിവാദമായി. ഇക്കാര്യത്തില്‍ വിശദീകരണം തേടി കോണ്‍ഗ്രസ് അച്ചടക്ക സമിതി കാര്‍ത്തി ചിദംബരത്തിന് നോട്ടീസ് അയച്ചു.
അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയെ തോല്പിക്കുക അസാധ്യമാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞിരുന്നു. ഒരു പ്രാദേശിക തമിഴ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ഈ പ്രസ്താവന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയ്ക്ക് ബദലാകുമോ എന്ന ചോദ്യത്തിന് മോദിയുടെ പ്രചാരണയന്ത്രത്തിന്റെ കരുത്ത് കണക്കിലെടുത്താല്‍ അതിനൊന്നും കഴിയില്ലെന്നായിരുന്നു കാര്‍ത്തി ചിദംബരം അഭിപ്രായപ്പെട്ടത്.
രാഹുല്‍ ഗാന്ധി മോദിക്ക് ബദലാകില്ലേ എന്ന അടുത്ത ചോദ്യത്തിന് മോദിക്ക് പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള സ്വാഭാവിക മേല്‍ക്കൈയുണ്ടെന്നും മോദിയുടെ പ്രചാരണയന്ത്രത്തിന്റെ കരുത്തും മോദിക്ക് അനുകൂലമാകുമെന്നായിരുന്നു മറുപടി.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ആവശ്യമാണെന്നും കാര്‍ത്തി ചിദംബരം ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ എതിര്‍ക്കുമ്പോഴായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ഈ അഭിപ്രായം. ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചാണ് ജയിക്കുന്നതെന്ന പ്രചാരണതന്ത്രം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനിടയിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പിന്തുണച്ച് കാര്‍ത്തി അഭിമുഖത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരായ ഈ രണ്ട് അഭിപ്രായപ്രകടനങ്ങളിലും വിശദീകരണം തേടിയിരിക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: