കൊച്ചി: വാഴക്കുളത്ത് നിയമവിദ്യാർത്ഥിനിയായിരുന്ന നിമിഷാ തമ്പിയെ വീട്ടിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ടജീവപര്യന്തം. പറവൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. മോഷണശ്രമം തടയാൻ ശ്രമിച്ച നിമിഷയെ 2018 ജൂലൈ 30നാണ് മുർഷിദാബാധ് സ്വദേശി ബിജു കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നത്. പ്രതിയ്ക്കെതിരായ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി കണ്ടെത്തി.
ഐപിസി 302 പ്രകാരമുള്ള കൊലപാതകത്തിനാണ് പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മറ്റ് കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് ഇരട്ട ജീവപര്യന്തവും ഏഴ് വർഷം തടവും കോടതി വിധിയ്ക്കുകയായിരുന്നു. മുഴുവൻ ശിക്ഷയും ഇരട്ട ജീവപര്യന്തമായി പ്രതി അനുഭവിക്കേണ്ടി വരും. പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്.
തടിയിട്ടപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്പുനാട് അന്തിനാട് നിമിഷാ തമ്പിയെയാണ് മോഷണശ്രമത്തിനിടെ പ്രതി കൊലപ്പെടുത്തിയത്. തന്റെ വല്യമ്മയുടെ മാല പ്രതി മോഷ്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ വല്യച്ഛനേയും പ്രതി കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: