ജീവിതത്തില്‍ എത്ര വലിയ ജോലി കിട്ടിയാലും മറ്റുള്ളവര്‍ക്ക് വേണ്ടി പണിയെടുക്കാന്‍ ഇഷ്ടമില്ലാത്ത ചിലരുണ്ട്. അവര്‍ക്ക് ബിസിനസാണിഷ്ടം. അത്തരമൊരു കഥയാണ് ദിവ്യ റാവുവിന്റേത്. 21ാം വയസ്സില്‍ സിഎ എടുത്ത ഇടത്തരം കുടുംബത്തിലെ പെണ്‍കുട്ടിയായ ദിവ്യ പിന്നീട് ഐഐഎം ബിരുദമെടുത്തു. ഇടത്തരം കുടുംബത്തില്‍ പെട്ട ഈ പെണ്‍കുട്ടിയുടെ കയ്യില്‍ മാസം ആയിരം രൂപ പോലും പോക്കറ്റ് മണിയില്ലായിരുന്നു. മൂന്ന് ബസ് മാറിക്കയറിപ്പോയാണ് സിഎ പഠിക്കാന്‍ പോയത്. കുടുംബത്തിലെ ആദ്യസിഎക്കാരിയായി.
ഐഐഎം അഹമ്മദാബാദില്‍ പഠിക്കുമ്പോഴാണ് ക്ലാസില്‍ ഒരു പ്രൊഫസര്‍ ഭക്ഷണശൃംഖലയായ മക്ഡൊണാള്‍ഡ്സ്, കെഎഫ്സി എന്നിവയെപ്പറ്റി വിവരിക്കുന്നതിനിടയില്‍ ഇന്ത്യയില്‍ ആരും ഇത്തരം ഭക്ഷണശൃംഖല സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറയുകയുണ്ടായി. ഇതാണ് ദിവ്യയ്ക്ക് പ്രചോദനമായത്. എന്തുകൊണ്ട് സ്വന്തമായി ഒരു ഭക്ഷ്യശൃംഖല ഉണ്ടാക്കിക്കൂടാ. അങ്ങിനെയാണ് പരമ്പരാഗത ദക്ഷിണേന്ത്യന്‍ ഭക്ഷണമായ ഇഡ്ഡലിക്കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചു. അതിനിടയിലാണ് സിഎക്കാരി എന്ന നിലയില്‍ ദിവ്യയോട് ഉപദേശം തേടാന്‍ രാഘവേന്ദ്ര റാവു എന്ന ബിസിനസുകാരന് എത്തുന്നത്. 15 വര്‍ഷം ഹോട്ടല്‍ ശൃംഖലയില്‍ ജോലി ചെയ്ത രാഘവേന്ദ്ര റാവു സ്വന്തമായി പങ്കാളിത്തത്തോടെ ഹോട്ടല്‍ ബിസിനസ് തുടങ്ങിയെങ്കിലും വിജയിട്ടില്ല. ഇക്കാര്യത്തില്‍ ദിവ്യ ചില ഉപദേശങ്ങള്‍ രാഘവേന്ദ്ര റാവുവിന് നല്കി. രാഘവേന്ദ്ര റാവുവിന്റെ ഹോട്ടല്‍ പൊളിഞ്ഞപ്പോള്‍ അയാള്‍ ദിവ്യയോട് പുതിയൊരു റെസ്റ്റോറന്റ് തുടങ്ങാന്‍ പങ്കാളിയാകുന്നോ എന്ന് ചോദിച്ചു. ഉടനെ എല്ലാം വിട്ട് ദിവ്യ ഹോട്ടല്‍ ബിസിനസില്‍ ചേര്‍ന്നു.
സിഎ വരെ പഠിച്ചിട്ട് പത്തോ ഇരുപതോ രൂപ കിട്ടുന്ന ഇഡ്ഡലിയും വടയും ദോശയും ഉണ്ടാക്കാന്‍ പോവുകയാണോ എന്ന് പരിഹസിച്ച് വീട്ടുകാര്‍ പിന്തിരിപ്പിക്കാന് നോക്കി. പക്ഷെ ദിവ്യ പിന്നോട്ട് പോയില്ല. രാമേശ്വരം കഫെ എന്ന പേരില്‍ ആദ്യത്തെ ചായക്കട തുടങ്ങി. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനുള്ള ശ്രദ്ധാഞ്ജലി എന്ന നിലയിലാണ് ആ പേര് നല്‍കിയത്. അദ്ദേഹം ജനിച്ച സ്ഥലമാണ് രാമേശ്വരം.
ഗുണനിലവാരത്തില്‍ ഇവരുടെ ഭക്ഷണം വേറിട്ട് നില്‍ക്കണം എന്ന നിര്‍ബന്ധം ദിവ്യയ്ക്കുണ്ടായിരുന്നു. ഒടുവില്‍ കഷ്ടപ്പെട്ടെങ്കിലും ആദ്യ ഹോട്ടല്‍ വിജയിച്ചു. രണ്ടാമതൊന്ന് തുടങ്ങി. വൈകാതെ ഇരുവരും പ്രണയത്തിലായി. വിവാഹം ചെയ്തു. ഇന്ന് രാമേശ്വരം കഫേയ്ക്ക് ബെംഗളൂരുവില്‍ നാല് ശാഖകള്‍. വൈകാതെ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഹോട്ടല്‍ ആരംഭിക്കും. ഇപ്പോള്‍ 700 പേര്‍ക്ക് ജോലി നല്കുന്നു. വര്‍ഷം 50 കോടി സമ്പാദിക്കുന്നു. മാസം നാലരക്കോടി വില്പനയില് നിന്നും കിട്ടുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയിലെ എല്ലായിടത്തും വിദേശങ്ങളിലും രാമേശ്വരം കഫേ എത്തും.
ദിവ്യയുടെയും സുഹൃത്ത് രാഘവിന്റെയും കഥ ഇന്ന് പലര്‍ക്കും വലിയ പ്രചോദനമാണ്. ജീവിതത്തില്‍ റിസ്കെടുക്കാനും സ്വന്തം നിലയില്‍ എന്തെങ്കിലും ആരംഭിക്കാനും കാണിച്ച ഇവരുടെ ധീരതയാണ് വിജയത്തിന് അടിത്തറയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: