മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന രണ്ടായി പിളര്‍ന്നതിന് ശേഷം ഏക് നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ബിജെപിയിലേക്ക് പോയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിക്കളഞ്ഞു. ഉദ്ധവ് താക്കറേ പക്ഷത്തിന് കടുത്ത തിരിച്ചടിയാണ് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ ഈ തീരുമാനം.
2022 ജൂണിലാണ് ശിവസേനയെ പിളര്‍ത്തി ഏക്നാഥ് ഷിന്‍ഡേ പക്ഷെ ബിജെപി ചേരിയിലേക്ക് കൂറുമാറിയത്. ഏക് നാഥ് ഷിന്‍ഡേ പക്ഷത്തേക്ക് കൂറുമാറിയ 16 എംഎല്‍എമാരില്‍ 14 പേരെ അയോഗ്യരാക്കണമെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ആവശ്യം. ഷിന്‍ഡേ പക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ ബിജെപി-ഷിന്‍ഡേ സര്‍ക്കാര്‍ താഴെ വീഴും എന്ന ഉദ്ധവ് താക്കറെയുടെ സ്വപ്നമാണ് പൊലിഞ്ഞത്.
2018ല്‍ ഭേദഗതി ചെയ്ത പാര്‍ട്ടി ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളില്‍ ഇല്ലാത്തതിനാല്‍ സാധുതയുള്ളതായി കണക്കാക്കാനാകില്ലെന്നതാണ് സ്പീക്കറുടെ വാദം. ശിവസേന പ്രമുഖന് എന്ന നിലയില്‍ താക്കറെയുടെ താല്പര്യങ്ങളാണ് പാര്‍ട്ടിയുടെ താല്പര്യമെന്ന താക്കറെ വിഭാഗത്തിന്റെ അവകാശവാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി സ്പീക്കര്‍ ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയിരുന്നു. 150 പേജോളമുള്ള റിപ്പോര്‍ട്ടാണ് സ്പീക്കര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള നടപടികള്‍ സ്പീക്കര്‍ വൈകിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: