ദോഹ: ഇന്നേക്ക് മൂന്നാം നാള് ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കത്തിന് തിരി തെളിയും. ഖത്തര്‍ ആണ് ഇത്തവണത്തെ ആതിഥേയര്‍. വെള്ളിയാഴ്ച രാത്രി 9.30ന് ആതിഥേയരായ ഖത്തറും ലബനനും തമ്മിലുള്ള പോരാട്ടത്തോടെ ടൂര്‍ണമെന്റിന് തുടക്കമാകും. ഗ്രൂപ്പ് എയിലാണ് ഇരു ടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്.
രണ്ടാം ദിവസമായ ശനിയാഴ്ചയാണ് ഭാരതം ആദ്യ അങ്കത്തിനിറങ്ങുക. ഗ്രൂപ്പ്ബിയിലെ മത്സരത്തില്‍ ഓസ്ട്രേലിയ ആണ് എതിരാളികള്‍. 24 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലുള്ളത്. നാല് വീതം ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് പ്രാഥമിക ഘട്ട മത്സരം. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ ഗ്രൂപ്പിലും പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ നോക്കൗട്ടിന് അര്‍ഹരാകും. കൂടാതെ ആറ് ഗ്രുപ്പുകളില്‍ മികച്ച മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത നാല് ടീമുകളും നോക്കൗട്ടിലേക്ക് മുന്നേറും. 25ന് രാത്രി 8.30ന് ഗ്രൂപ്പ് എഫില്‍ സൗദി അറേബ്യയും തായ്ലന്ഡും തമ്മിലുള്ള പോരാട്ടവും കിര്‍ഗിസ്ഥാനും ഒമാനും തമ്മിലുള്ള പോരാട്ടവും കഴിയുന്നതോടെ ലീഗ് റൗണ്ട് പൂര്‍ത്തിയാകും.
പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ എന്നിങ്ങനെയാണ് നോക്കൗട്ട് മത്സരങ്ങള്‍. 28ന് തുടങ്ങുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ 31ന് സമാപിക്കും. തുടര്‍ന്ന് അടുത്ത മാസം രണ്ട്, മൂന്ന് തീയതികളിലായി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ആറിനും ഏഴിനും സെമി. പത്തിന് രാത്രി 8.30ന് 2022 ലോകകപ്പ് ഫൈനല്‍ നടന്ന ലൂസെയ്ല്‍ സ്റ്റേഡിയത്തിലെ ഫൈനലോടെ എഎഫ്സി ഏഷ്യന്‍ കപ്പ് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: