തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ റാഗിങിനിരയായ വിദ്യാര്‍ഥിയുടെ മാതാവിനെയും എസ്എഫ്ഐക്കാര്‍ മര്‍ദിച്ചു. ഹൈക്കോടതി അഭിഭാഷകയും ആലപ്പുഴ മഹിളാ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിയുമായ നിഷ പ്രവിനെയാണ്(40) എസ്എഫ്ഐക്കാര്‍ മര്‍ദിച്ചത്. ലോ അക്കാദമിയിലെ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. എബിവിപി കോളജ് യൂണിറ്റ് സെക്രട്ടറി അദൈ്വത്, പ്രവര്‍ത്തകരായ ശ്രീതു, രേഷ്മ എന്നിവര്‍ക്കും എസ്എഫ്ഐ അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
നവംബര്‍ ആറിന് നിഷയുടെ മകനും കോളജിലെ ഒന്നാം വര്‍ഷവിദ്യാര്‍ഥിയുമായ എസ്.അര്‍ജുനെ(18) കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഡി.എസ്.അര്‍ജുന്റെ നേതൃത്വത്തില്‍ റാഗ് ചെയ്തിരുന്നു. ഇതില്‍ അര്ജുന് കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് ഡിസംബര്‍ 20ന് കോളജിലെ ക്രിസ്മസ് ആഘോഷവേളയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വടികൊണ്ട് അര്ജുനനെയും സുഹൃത്തുകളെയും മര്‍ദിച്ചിരുന്നു.
അര്‍ജുന്റെ മാതാപിതാക്കളായ നിഷയും പ്രവിന് ശേഖറും പേരൂര്‍ക്കട പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ അനന്തജിത്ത്, ഷഫാന് ഷാ, യൂണിറ്റ്സെക്രട്ടറി ഡി.എസ്. അര്ജുന്, അബിന്‍രത്ന, അലന് എന്നിവര്‍ക്കെതിരെ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുപ്രകാരം പേരൂര്‍ക്കട പൊലീസ് കേസെടുത്തു. എന്നാല്‍ റാഗിങ് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
തിങ്കളാഴ്ച കേസിന്റെ ഭാഗമായി മഹസര്‍ തയ്യാറാക്കുന്നതിന് പേരൂര്‍ക്കട പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് അര്‍ജുനും മാതാപിതാക്കളായ നിഷയും പ്രവിന് ശേഖറും കോളജിലെത്തിയത്. ചായകുടിക്കാന്‍ ക്യാന്റീനിലെത്തിയ നിഷയെ ഒരുസംഘം എസ്എഫ്ഐക്കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ എബിവിപി കോളജ് യൂണിറ്റ് സെക്രട്ടറി അദൈ്വത്, പ്രവര്‍ത്തകരായ ശ്രീതു, രേഷ്മ എന്നിവര്‍ക്കും മര്‍ദനമേറ്റു. നിഷയെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിഷ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമം നടത്താന്‍ പോലീസിന്റെ ഒത്താശ
റാഗിങ് നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിച്ചതാണ് വിദ്യാത്ഥിയുടെ അമ്മയ്ക്കും മര്‍ദനം ഏല്ക്കാന് ഇടയായത്. റാഗിങിന് ഇരയായ വിദ്യാര്‍ഥിക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്കിയപ്പോള് എസ്എഫ്ഐക്കാരായ സമൂഹിക വിരുദ്ധര്‍ക്ക് സംരക്ഷണം നല്കുന്ന നിലപടാണ് പോലീസ് സ്വീകരിച്ചത്.
റാഗിങ് ഉള്‍പ്പെടെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ഇവര്‍ കോളജില്‍ നിരന്തരം വന്നു പോയിട്ടും പോലിസ് കണ്ടില്ലെന്ന് നടിച്ചു. റാഗിങിനെ തുടര്‍ന്ന് കോളജിനു മുന്നില്‍ പോലീസ് പട്രോളിംങ് ശക്തമാക്കിയിരുന്നു. ഈ പോലീസുകാരുടെ മുന്നിലൂടെയാണ് പ്രതികളായ എസ്എഫ്ഐക്കാര്‍ കോളജിലേക്ക് പോകുന്നതും തിരകെ പോകുന്നതും. ഭരണത്തണലില്‍ ഇവര്‍ വീണ്ടും അക്രമം നടത്തി. പ്രതികളായ എസ്എഫ്ഐക്കാര്‍ കോളജില്‍ നിരന്തരം അക്രമം നടത്താറുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എഫ്ഐ ഗുണ്ടകളുടെ പ്രവര്‍ത്തനം കോളജിന്റെ അധ്യാപനത്തെയും തടസപ്പെടുത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: