അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം എല്ലാ ഭവനങ്ങളിലും എത്തുന്നു. അക്ഷതം എന്താണ്. മിക്ക ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്രവ്യമാണ് അക്ഷതം. ‘അക്ഷതം’ എന്നാല്‍ ക്ഷതം ഇല്ലാത്തത് അഥവാ പൊട്ടാത്തത് എന്നര്‍ത്ഥം.
പൂജാദികര്‍മ്മങ്ങളില്‍ പഞ്ച ഭൂതങ്ങളില്‍ അധിഷ്ഠിതമായ തത്വങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്.അക്ഷതം ഒരേ സമയം തന്നെ പൃഥ്വി എന്ന തത്വത്തെയും ആകാശം എന്ന തത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് ആകാശതത്വമായിട്ടുള്ള പുഷ്പം ഇല്ലെങ്കില്‍ പോലും അക്ഷതം കൊണ്ട് പൂജ പൂര്‍ത്തിയാക്കാം എന്നാണ് ആചാര്യ മതം.
ദേശ വ്യത്യാസമനുസരിച്ചു അക്ഷതം തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസം ഉണ്ട്. കേരളീയ സമ്പ്രദായമനുസരിച്ച് ഉണക്കലരി., നെല്ല് ഇവ 2 : 1 എന്ന അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്താണ് അക്ഷതം തയ്യാറാക്കുന്നത്. . തമിഴ് നാട്ടില്‍ ഉണക്കലരിക്ക് പകരം പച്ചരിയാണ് ഉപയോഗിക്കുക. അവിടെ നെല്ല് ഉപയോഗിക്കാറില്ല. പച്ചരിയില്‍ മഞ്ഞള്‍പൊടിയോ കുങ്കുമമോ ചേര്‍ത്ത് ഉപയോഗിക്കാറാണ് പതിവ്.
ഉത്തരേന്ത്യയില്‍ അവിടെ ഏറ്റവും കൂടുതല്‍ ലഭ്യമായ ധന്യമായ ഗോതമ്പാണ് അക്ഷതത്തിന് ഉപയോഗിക്കുക. ഗോതമ്പ് മണികളില്‍ മഞ്ഞള്‍പൊടി അല്ലെങ്കില്‍ കുങ്കുമം ചേര്‍ത്ത് ഉപയോഗിക്കും.മലയാള സമ്പ്രദായത്തില്‍ കടുകും എള്ളും ചേര്‍ത്ത് വിശേഷമായി അക്ഷതം ഉപയോഗിക്കാറുണ്ട്. അരിക്ക് പകരമാണ് ഇത്. അതായത് ഏതു തരത്തിലുള്ള ധാന്യം വേണമെങ്കിലും നമുക്ക് അക്ഷതം തയ്യാറാക്കാന്‍ ഉപയോഗിക്കാം. ഏതു ധന്യമായാലും അത് പൊട്ടാന്‍ പാടില്ല എന്നതാണ് അടിസ്ഥാന സ്വഭാവം.
കേരളത്തിലെ പൂജാ സമ്പ്രദായങ്ങള്‍ താന്ത്രിക പദ്ധതിയുടെ ഭാഗമായത് കൊണ്ട് നെല്ലിനെ സ്വര്‍ണ്ണമായിട്ടും അരിയെ വെള്ളിയായിട്ടും കണക്കാക്കാറുണ്ട്. പൂജയില്‍ വസ്ത്രം, ഉത്തരീയം, ആഭരണം മുതലായ ദ്രവ്യങ്ങളുടെ അഭാവത്തില്‍ അവയ്ക്കുപകരം അക്ഷതം സമര്‍പ്പിക്കാറുണ്ട്.
സാധാരണ പൂജാവേളയിലും, പൂജാവസാന സമയത്തും, അല്ലാതെയും അനുഗ്രഹിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന മാദ്ധ്യമം അക്ഷതമാണ്. അക്ഷതം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്തശേഷം ആളുകളിലേക്ക് വിതറി ആണ് അത് ചെയ്യുന്നത്.
ഓരോ ആളുകള്‍ പൂജകളില്‍ ചെയ്യുന്ന സങ്കല്‍പ്പങ്ങള്‍,പ്രാര്‍ത്ഥനകള്‍ ഇവ ദേവനിലേക്ക് ചേര്‍ക്കാന്‍ വേണ്ടി അക്ഷതം ഉപയോഗിക്കും. പൂജകളില്‍ പങ്കെടുക്കുന്ന ആളുകളുടെ കയ്യിലേക്ക് അക്ഷതം കൊടുത്തിട്ട് അക്ഷതത്തിലേക്ക് ആ പ്രാര്‍ത്ഥനകള്‍ എത്തിച്ച് മൂര്‍ത്തിയിലേക്ക് സമര്‍പ്പിക്കുന്നു.മഞ്ഞപ്പൊടി വേണ്ടപാകത്തില്‍ കലര്‍ത്തിയ അക്ഷതം മന്ത്രോച്ചാരണപൂര്‍വ്വം ദേവതകള്‍ക്കു സമര്‍പ്പിച്ചശേഷം അതു ഭക്തര്‍ക്കായി വിതരണം ചെയ്യാറുണ്ട്.
പിതൃക്കളെ ഉദ്ദേശിച്ചുകൊണ്ടുള്ള ശ്രാദ്ധാദിക്രിയകളില്‍ അവരോടൊപ്പം വരിക്കപ്പെടുന്ന വിശ്വദേവന്‍മാര്‍ക്കു ഉപചാരാര്‍ഥം അക്ഷതം സമര്‍പ്പിക്കപ്പെടുന്നു.വിവാഹങ്ങളില്‍ വധൂവരന്മാരുടെ ശിരസ്സില്‍ മറ്റുള്ളവര്‍ അക്ഷതം തൂകി അനുഗ്രഹിക്കുന്ന പതിവുണ്ട്.പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം വഴിപാടംശം പോലെ തന്നെ പാവനവും പരിശുദ്ധവുമാണ്. അതുകൊണ്ട് തന്നെ പൂജിച്ച അക്ഷതം പുണ്യമാര്‍ന്നതും പവിത്രമായി സൂക്ഷിക്കേണ്ടതുമാണ്.
ഗണപതിയോട് അക്ഷതം സ്വീകരിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ശ്ളോകത്തില്‍ അക്ഷതലക്ഷണം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
‘അക്ഷതാന്‍ ധവളാന്‍ ദിവ്യാന്
ശാലേയാംസ്തണ്ഡുലാന്‍ ശുഭാന്‍
ഹരിദ്രാചൂര്‍ണസം യുക്താന്‍
സംഗൃഹാണ ഗണാധിപ’
ഇവിടെ അക്ഷതത്തെ ധവളം, ദിവ്യം, ശുഭം എന്നീ പദങ്ങള്‍ കൊണ്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: