നാഗ്പൂര്‍: പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാംലല്ലയ്ക്ക് നേദിക്കാന്‍ ഒരുങ്ങുന്നത് ഏഴായിരം കിലോഗ്രാമുള്ള രാം ഹല്‍വ. മധുരം വിളമ്പാന്‍ നാഗ്പൂരില്‍ നിന്നുള്ള ഷെഫ് വിഷ്ണു മനോഹര്‍ അയോദ്ധ്യയിലെത്തിക്കഴിഞ്ഞു. പ്രാണപ്രതിഷ്ഠയ്ക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചതോടെ വിഷ്ണുവും ഹല്‍വ തയാറാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
12000 ലിറ്റര്‍ സംഭരണ ശേഷിയുള്ള കടായിയിലാണ് ഹല്‍വ തയാറാക്കുന്നത്. രാം ഹല്‍വ തയാറാക്കാന്‍ പ്രത്യേകം നിര്‍മിച്ചതാണ് ഈ കടായി. 14,000 കിലോഗ്രാമോളം ഭാരമുണ്ട് ഇതിനെന്നും ഷെഫ് വിഷ്ണു മനോഹര്‍ പറഞ്ഞു. സ്റ്റീലും ഇരുമ്പുമുപയോഗിച്ചാണ് കടായി നിര്‍മിച്ചിരിക്കുന്നത്. പന്ത്രണ്ട് കിലോഗ്രാമുള്ള ചട്ടുകമാണ് ഇളക്കാനായി ഉപയോഗിക്കുന്നത്. അത് ഹല്‍വ തയാറാക്കുന്നത് എളുപ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹല്‍വ തയാറാക്കുന്നതിനായി 900 കിലോഗ്രാം റവ, 1000 കിലോഗ്രാം നെയ്, 1000 കിലോഗ്രാം പഞ്ചസാര, 2000 ലിറ്റര്‍ പാല്, 2500 ലിറ്റര്‍ വെള്ളം, 300 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്സ്, 75 കിലോഗ്രാം ഏലക്ക പൊടി എന്നിവയാണ് ഉപയോഗിക്കുന്നത്. രാംലല്ലയ്ക്ക് നേദിച്ച ശേഷം ഇത് ഒന്നര ലക്ഷത്തോളം ജനങ്ങള്‍ക്ക് വിതരണം ചെയ്യും.
കര് സേവ ടു പാക് സേവ എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നതെന്ന് വിഷ്ണു മനോഹര്‍ പറഞ്ഞു. വൈകാരികമായി നാം അതുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയ അയോദ്ധ്യയില്‍ നിന്ന് ഇന്നത്തേതിന് നിരവധി വ്യത്യാസങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു. പണ്ട് കര്‍സേവയില്‍ പങ്കെടുത്തയാളാണ് വിഷ്ണു മനോഹര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: