ലഖ്നൗ: രാമക്ഷേത്രമെന്ന പ്രപഞ്ചമന്ദിരത്തിന് ആദ്യ കല്ല് കൊത്തിയെടുത്തതിന്റെ ആവേശത്തിലാണ് അഹമ്മദാബാദുകാരന് അന്നുഭായ് സോംപുര. നാല്പത്തഞ്ചാം വയസില്‍ അയോദ്ധ്യയിലെത്തിയതാണ്. ഇപ്പോള്‍ പ്രായം 78. രൂപമേ ഇല്ലാത്ത കല്ലുകളെ രാമക്ഷേത്രത്തിന്റെ അടിക്കല്ലാകാന് പാകത്തിന് കൊത്തി വരുതിയിലാക്കുകയായിരുന്നു ദൗത്യം. ലങ്കയിലേക്ക് പോകാന്‍ സേതുബന്ധിച്ച രാമസേനയുടെ അതേ ദൗത്യം. അന്നുഭായ് പ്രാണപ്രതിഷ്ഠാവേളയിലെ അതി വിശിഷ്ട അതിഥികളില്‍ ഒരാളാകും.
രാമക്ഷേത്രത്തിന്റെ മുഖ്യശില്പി ചന്ദ്രകാന്ത് സോംപുരയുടെ ശിപാര്‍ശയിലാണ് അന്നുഭായി 1990ല്‍ അയോദ്ധ്യയില്‍ എത്തിയത്. സഹോദരന് പ്രദീപ് സോംപുരയെയും മകന് പ്രകാശുമായിരുന്നു ഒപ്പം. അന്നുമുതല്‍ അന്നുഭായ് ക്ഷേത്രനഗരം തന്റെ സ്ഥിരം വാസസ്ഥലമാക്കി. സഹോദരനും മകനുമൊപ്പം കല്ലുകളും തൂണുകളും കൊത്തിയെടുക്കാന്‍ തുടങ്ങി. രാമക്ഷേത്രത്തെച്ചൊല്ലി നാടെങ്ങും ചര്‍ച്ചകളും പ്രക്ഷോഭങ്ങളും കൊടുമ്പിരിക്കൊള്ളുമ്പോഴും ആ മൂവര്‍ സംഘം തങ്ങളുടെ ദൗത്യത്തിലായിരുന്നു.
രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാരനും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷനുമായിരുന്ന അശോക് സിംഘാള്‍ ആണ് അന്നുഭായിക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും അയോദ്ധ്യയില്‍ സജ്ജമാക്കിയത്. മണിറാം ചാവ്നി ആശ്രമത്തില്‍ ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് നല്കിയ ഇടത്താണ് അന്നുഭായിയുടെ താമസം.
അന്നുഭായ് രാമക്ഷേത്രത്തിന്റെ കൊത്തുവേലകള്‍ ആരംഭിക്കുന്നത് ചുറ്റികയിലും ഉളിയിലുമാണ്. യന്ത്രസാമഗ്രികളൊന്നുമുണ്ടായിരുന്നില്ല. അയോദ്ധ്യ അന്ന് വികസിച്ചിരുന്നില്ല. അധികമാരും വരാത്ത ചെറുതെങ്കിലും നിബിഡമായ, വിജനമായ വനമായിരുന്നു അന്നുബായിയുടെ പണി സ്ഥലം. എന്നാല്‍ ഇപ്പോള്‍ അത് രാമക്ഷേത്രത്തിന്റെ ഒരു സമഗ്രവും സമ്പൂര്‍ണവുമായ പണിശാലയാണ്.
1996 ലാണ് കല്ല് മുറിക്കാനുള്ള യന്ത്രം ആദ്യമായി അയോധ്യയില്‍ എത്തിയത്. അതിന് ശേഷം നിര്‍മ്മാണത്തിന്റെ വേഗം കൂടി. നൂറിലേറെ കൊത്തുപണിക്കാര്‍ അന്നുഭായിക്ക് കൂട്ടായി എത്തി. ഗുജറാത്ത്, രാജസ്ഥാന്, മിര്‍സാപൂര്‍, അയോധ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 150 ഓളം പേര് ഇതേ പണിയിടത്തില്‍ കൊത്തുപണികളില്‍ ഏര്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: