കൊച്ചി: മലയാള സാഹിത്യത്തെ ജപ്പാന്‍കാരുടെ നെഞ്ചിലേറ്റിയ എഴുത്തുകാരിയാണ് തക്കാക്കോ. 23-ാം വയസിലാണ് ജപ്പാനിലെ ഇറ്റാമിയയില്‍ നിന്നു തക്കാക്കോ കേരളത്തിലെത്തുന്നത്. ജപ്പാനില്‍ ജനിച്ച് വളര്‍ന്ന തക്കാക്കോയ്‌ക്ക് കേരളത്തോടും മലയാളഭാഷയോടും മലയാളികളോടും എന്നും പ്രണയമായിരുന്നു. അങ്ങനെയാണ് ഷിപ്പിങ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥനായ കൂനമ്മാവ് സ്വദേശി തോമസിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടം പിടിക്കുന്നതും. തോമസിനെ വിവാഹം ചെയ്ത് കേരളമണ്ണില്‍ തക്കാക്കോ എത്തിയപ്പോള്‍ അതൊരു സ്വപ്‌ന സാക്ഷത്കാരമായിരുന്നു. കൂനമ്മാവിന്റെ മരുമകളായ തക്കാക്കോ കഴിഞ്ഞ ദിവസമാണ് നമ്മോട് വിടപറഞ്ഞത്.
മലയാളത്തെ ഏറെ സ്‌നേഹിച്ച തക്കാക്കോയ്‌ക്ക് പൂര്‍ണ പിന്തുണ നല്കിയത് തോമസാണ്. മലയാളം പഠിക്കണമെന്ന തക്കാക്കോയുടെ ആഗ്രഹത്താല്‍ തോമസ് കൂനമ്മാവ് സെ. ജോസഫ് കോണ്‍വന്റിലെ സിസ്റ്റര്‍മാരുടെ അടുത്ത് ആക്കുകയായിരുന്നു.
ഇതിനിടയില്‍ തോമസ് തക്കാക്കോയ്‌ക്ക് തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചു. നോവല്‍ ഇഷ്ടപ്പെട്ട തക്കാക്കോ അതിന്റെ മലയാള പുസ്തകം വായിച്ചപ്പോഴാണ് ജപ്പാനിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. അങ്ങനെ 1976ല്‍ തക്കാക്കോ ‘ചെമ്മീന്‍’ ജാപ്പനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. തകഴിയെ നേരില്‍ കണ്ട് നോവലിന്റെ ജാപ്പനീസ് പരിഭാഷ അദ്ദേഹത്തിന് നല്കി. തുടര്‍ന്ന് തകഴിയുടെ പത്തിലേറെ കഥകളും ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. കയര്‍ എന്ന നോവലിന്റെ പരിഭാഷ പൂര്‍ത്തിയാക്കുന്നതിനിടെ തക്കാക്കോയ്‌ക്ക് വാഹനാപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു, ഓര്‍മ നഷ്ടപ്പെട്ടു. ചികിത്സയില്‍ ഓര്‍മ തിരിച്ച് കിട്ടിയപ്പോള്‍ ആദ്യം അന്വേഷിച്ചത് പരിഭാഷ പകുതിയില്‍ എത്തിയ കയര്‍ എന്ന നോവലിനെ കുറിച്ചാണ്. കൈകള്‍ക്ക് സ്വാധീനം കുറഞ്ഞതിനാല്‍ നോവല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അത് തക്കാക്കോയ്‌ക്ക് എന്നും വലിയ വേദനയായിരുന്നു. 55 വര്‍ഷം കേരളത്തില്‍ ജീവിച്ച തക്കാക്കോ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 16 വര്‍ഷം ജാപ്പനീസ് അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: