കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടന്ന കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് മൈതാനത്തെ പിച്ചിനെതിരെ ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പിച്ച് മോശമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തതാണ്. അതിനേക്കാള്‍ താരത്തെ ചൊടിപ്പിച്ചത് ഐസിസിയുടെ ഭാഗത്ത് നിന്ന് ഒന്നും മിണ്ടാതിരുന്നതാണ്. മാച്ച് റഫറിമാര്‍ക്കെതിരെ പറയാനും രോഹിത് മടി കാണിച്ചില്ല.
ഇത്തരത്തിലൊരു പിച്ചില്‍ മത്സരം നടക്കുന്നത് ഭാരതത്തിലായിരുന്നെങ്കില്‍ ഐസിസി മാച്ച് റഫറിമാര്‍ മത്സരം അവസാനിക്കാന്‍ പോലും കാത്തുനില്‍ക്കാതെ കുറ്റപ്പെടുത്തലുകളും മോശം റേറ്റിങ്ങും നല്കാന് മത്സരിക്കും, ഇവിടെ കേപ്ടൗണിലെ പിച്ചിന്റെ സ്ഥിതി നേരില്‍ കണ്ട് ബോധിച്ചിട്ടും ആര്‍ക്കും ഒന്നും പറയാനില്ലേ- രോഹിത് ശര്‍മ്മ ചോദിച്ചു. അങ്ങനെ മിണ്ടാതിരിക്കുന്നവര്‍ ഭാരതത്തിലെ പിച്ചിനെ പറ്റിയും മിണ്ടിപ്പോകരുതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഭാരതത്തിന്റെ രണ്ടാം ടെസ്റ്റ് വെറും 107 ഓവര്‍ കൊണ്ട് അവസാനിച്ചിരുന്നു. പിച്ചിന്റെ മോശം അവസ്ഥ കാരണം ബാറ്റിങ്ങിന് തീരെ യോജിക്കുന്നുണ്ടായിരുന്നില്ല. മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയത്തോടെ ഭാരതം പരമ്പര സമനിലയിലാക്കി.
ഇത്തവണത്തെ ഏകദിന ലോകകപ്പ് നടന്ന പിച്ചിന് മാച്ച് റഫറിമാര്‍ നല്‍കിയത് ശരാശരിയിലും താഴെയുള്ള റേറ്റിങ് ആണ്. അക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടുകൂടിയായിരുന്നു രോഹിത് ശര്‍മ്മയുടെ വിമര്‍ശനം. ഓര്‍ക്കുന്നുണ്ടാകുമല്ലോ ലോകകപ്പ് ഫൈനല്‍. ഒരു ബാറ്റര്‍ അവിടെ സെഞ്ചുറി നേടിയിരുന്നു. എന്നിട്ടും അഹമ്മദാബാദിലെ പിച്ചിന് നല്‍കിയത് മോശം റേറ്റിങ്ങ് ആണ്. ഇതാ ഇവിടെ ടെസ്റ്റ് കളിക്കുന്ന പിച്ചിന്റെ സ്ഥിതി കണ്ടിട്ടും കേട്ടിട്ടും ആര്‍ക്കും അനക്കമില്ല. ഭാരതത്തിലെ പിച്ചുകളോട് മാത്രം എന്താണ് അധികൃതര്‍ക്ക് ഇത്ര വിയോജിപ്പെന്നും രോഹിത് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: