ഗുവാഹത്തി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകളെ പൊതു സ്കൂളുകളാക്കി മാറ്റിയ അസം ഇനി 1000 ഓളം സ്വകാര്യ മദ്രസകളും പൊതു സ്കൂളുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഇതിനായി സ്വകാര്യ മദ്രസകളുടെ സംഘടനകളുമായി അസം സർക്കാരിന്റെ ചർച്ച പുരോഗമിക്കുകയാണ്. സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകളെ ജനറൽ സ്കൂളുകളാക്കി മാറ്റിയതിന് പിന്നാലെയാണ് പുതിയ നീക്കം.
“അസമില്‍ ആകെ മൂവായിരത്തിലധികം സ്വകാര്യ മദ്രസകൾ ഉണ്ട്. ഇതില്‍ ആയിരമെങ്കിലും കുറഞ്ഞുകിട്ടിയാല്‍ പിന്നെ രണ്ടായിരം സ്വകാര്യ മദ്രസകളേ ഉണ്ടാകൂ. സ്വകാര്യ മദ്രസകള്‍ക്ക് ഭരണഘടനാപരമായ സംരക്ഷമുണ്ട്. ന്യൂനപക്ഷ സമുദായത്തിന്റെ സ്ഥാപനങ്ങള്‍ വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ പോലും വരുന്നില്ല. എന്തായാലും സ്വകാര്യ മദ്രസ മാനേജ് മെന്റുകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ശ്രമം. “- ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞു.
അസമിലെ മുസ്ലിങ്ങളില്‍ തന്നെ അഞ്ചോളം വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഇവരുടെ സെൻസസ് നടത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അസമീസ് മുസ്ലീം സമുദായങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും, മുനിസിപ്പാലിറ്റികളും പരിശോധിച്ച് 2024 അവസാനത്തോടെ സെൻസസ് പൂർത്തിയാക്കും.
അസമിലെ രണ്ട് ജില്ലകളിൽ അഫ്സ്പ പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”അഫ്സ്പ പിൻവലിക്കാൻ അസം സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. വിഷയത്തിൽ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ നാല് ജില്ലകളിൽ മാത്രമായി അഫ്സ്പ ചുരുങ്ങിയിരിക്കുകയാണ്.വൈകാതെ തന്നെ രണ്ട് ജില്ലകളിൽ നിന്ന് കൂടി ഇത് പിൻവലിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: