തിരുവനന്തപുരം: കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും കുടുംബത്തിനും ജയ് ഹിന്ദ് ചാനലില്‍ ഉള്ള നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ തേടി സിബിഐ. ഈ വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ് നല്കി.
സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി ബി എസ് ഷിജു ഒരു വാര്‍ത്താചാനലിനെ അറിയിച്ചു.
ഡി കെ ശിവകുമാറിനും ഭാര്യ ഉഷ ശിവകുമാറിനും ചാനലിൽ ഉള്ള നിക്ഷേപത്തിന്റെ വിവരങ്ങളാണ് തേടിയിരിക്കുന്നത്. നേരത്തെ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ച വ്യക്തികൂടിയാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.
ജയ് ഹിന്ദി ചാനലില്‍ നിന്നും ലാഭവിഹിതം കിട്ടിയിട്ടുണ്ടോ ജയ് ഹിന്ദ് ചാനലിന്റെ എത്ര ഓഹരികള്‍ കൈവശമുണ്ട്, ഇതുമായി ബന്ധപ്പെട്ട് നടത്തിയ ബാങ്ക് ഇടപാടുകൾ, ഹോൾഡിംഗ് സ്റ്റേറ്റ്മെന്റ്, ലെഡ്ജർ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങൾ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സിആർപിസി സെക്ഷൻ 91 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2013-18 വരെയുള്ള കാലയളവിൽ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന് കാട്ടി സിബിഐ 2020-ൽ റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. സിബിഐ നോട്ടീസ്. ഹവാല റാക്കറ്റ് ഉപയോഗിച്ച് തുടര്‍ച്ചയായി കണക്കില്‍പ്പെടാത്ത പണം ഇക്കാലയളവില്‍ ശിവകുമാര്‍ മറ്റ് മൂന്ന് പേരുടെ സഹായത്തോടെ കടത്തിയെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സിബിഐയും ഇഡിയും ഡി.കെ. ശിവകുമാറിനെയും മകള്‍ ഡി.കെ.എസ്. ഐശ്വര്യയെയും ചോദ്യം ചെയ്തിരുന്നു. രാഷ്ട്രീയ പകപോക്കലെന്ന് ജയ് ഹിന്ദ് പ്രതികരിച്ചു.ഒരു തരത്തിലുള്ള ക്രമക്കേടും നിക്ഷേപങ്ങളിൽ ഇല്ലെന്നും നിയമപരമായി നേരിടുമെന്നും ജയ് ഹിന്ദ് എംഡി അവകാശപ്പെടുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ടിവി ചാനലാണ് മലയാളത്തില്‍ പ്രവര്‍ത്തിക്കുന്ന ജയ് ഹിന്ദ് ടിവി. 2007ല്‍ സോണിയാഗാന്ധിയാണ് ചാനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രമേശ് ചെന്നിത്തലയാണ് ചാനലിന്റെ ചെയര്മാന്. കോണ്‍ഗ്രസ് പാര്‍ട്ടിയും വിദേശ മലയാളികളുടെ സംഘവും ചേര്‍ന്നാണ് ചാനല്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: