തിരുവനന്തപുരം : പണ്ട് ഭരണഘടനയെ ‘കുന്തം, കുടച്ചക്രം’ എന്ന് വിളിച്ച ലാഘവത്തോടെ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ കാടുകയറി വിമര്‍ശനം ഉയര്‍ത്തിയ മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ചു. ബിഷപ്പുമാരുടെ ഭാഗത്ത് നിന്നും പള്ളികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സജി ചെറിയാന്‍ പത്തി മടക്കിയത്
‘കേക്ക് , വൈൻ, രോമാഞ്ചം’ എന്ന ഭാഗം പ്രയാസം ഉണ്ടാക്കിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. എന്നാൽ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്നമല്ല ഞാൻ ഉന്നയിച്ചത്.
മണിപ്പുർ പ്രശ്നത്തിൽ തന്റെ രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ല. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് തന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്പ്പെട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കത്തോലിക്ക ബാവ മേജര്‍ ആര്‍ച് ബിഷപ്പ് ക്ലിമിസ് ചൊവ്വാഴ്ച അന്ത്യശാസനം നല്‍കിയിരുന്നു. വിഷയത്തില്‍ യാക്കോബായ സഭയും മന്ത്രിക്കെതിരെ രംഗത്ത് എത്തിയിരുന്നു. ആര് വിളിച്ചാല്‍ ക്രൈസ്തവ സഭ പോകണമെന്ന് തീരുമാനിക്കുന്നത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ അല്ലെന്നും കത്തോലിക്ക ബാവ മേജര്‍ ആര്‍ച് ബിഷപ്പ് ക്ലിമിസ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഇടത് ക്യാമ്പുകളില്‍ അങ്കലാപ്പായി. സജി ചെറിയാന്റെ മേല്‍ സമ്മര്‍ദ്ദവും ഏറി. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കുകയെന്നത് സഭയുടെ ഉത്തരവാദിത്തമാണെന്ന് യാക്കോബായ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസും പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: