കൊളംബോ: ചൈനയുടെ ഗവേഷണ കപ്പലിന് അനുമതി നല്‍കില്ലെന്ന് ശ്രീലങ്ക ഭാരതത്തെ അറിയിച്ചു. ശ്രീലങ്കയിലെ തുറമുഖങ്ങളിലോ എക്സ്ക്ലുസീവ് ഇക്കണോമിക് സോണിലോ പ്രവേശിക്കുന്നതിന് ഒരു വര്‍ഷത്തേക്കാണ് ഇത്തരം ചൈനീസ് കപ്പലുകള്‍ക്കു നിരോധനം.
ഭാരതത്തിന്റെ തന്ത്രപരവും സുരക്ഷാപരവുമായ ആശങ്കകള്‍ പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ നടപടി. ഗവേഷണക്കപ്പലെന്ന് ചൈന വിശേഷിപ്പിക്കുന്ന ഷിയാന്‍ യാങ്ഹോങ്-3 അഞ്ച് മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ‘ആഴക്കടല്‍ പര്യവേക്ഷണം’ നടത്താനിരിക്കെയാണ് ശ്രീലങ്കയുടെ സുപ്രധാന തീരുമാനം.
ഭാരതത്തിനു പിന്നാലെ അമേരിക്കയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ചൈനീസ് ഗവേഷണ കപ്പലിനെതിരെ നടപടിയെടുക്കാന്‍ ശ്രീലങ്ക തയാറായതെന്നാണു വിവരം.
കഴിഞ്ഞ ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ ചൈനയുടെ ഷിയാന്‍ 6 ഗവേഷണക്കപ്പല്‍ ശ്രീലങ്കയുമായി ചേര്‍ന്നു നടത്തിയ സംയുക്ത മാരിടൈം സര്‍വേക്കെതിരെ ഭാരതം ശക്തമായ നിലപാടെടുത്തിരുന്നു. നേരത്തേ ചൈനീസ് കപ്പല്‍ ഷിയാന്‍ 6 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച് 83 ദിവസങ്ങളിലായി കാല്‍ലക്ഷത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചത് വിവാദമായിരുന്നു.
മേഖലയില്‍ ചൈനീസ് ഗവേഷണ കപ്പലുകളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തില്‍ ഭാരതം മുമ്പും ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതീവ രഹസ്യ സിഗ്നലുകള്‍ ചോര്‍ത്താന്‍ ശേഷിയുള്ള സംവിധാനങ്ങളോട് കൂടിയവയാണ് ഈ കപ്പലുകള്‍. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ആണവ, മിസൈല്‍, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകള്‍ ചോര്‍ത്താന്‍ കഴിയുന്ന ചാരക്കപ്പലായ ‘യുവാന്‍ വാങ് -5’ നെ ചൈന ശ്രീലങ്കയില്‍ ഹാംബന്തോട്ട തുറമുഖത്തടുപ്പിച്ചിരുന്നു. അന്ന് ഭാരതത്തിന്റെ എതിര്‍പ്പ് മറികടന്ന് ശ്രീലങ്ക കപ്പല്‍ അടുപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് കപ്പലെത്തിയത്. ഹാംബന്തോട്ട തുറമുഖം 2017 മുതല്‍ ചൈന 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്. നേരത്തേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച ചൈനീസ് കപ്പല്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെത്തുടര്‍ന്ന് ചൈനീസ് കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചതിന് വലിയ പ്രാധാന്യമാണ് അന്തരാഷ്ട്ര നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: