തൃശ്ശൂര്‍: കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വെറ്ററിനറി സര്‍വകലാശാലക്ക് കൈമാറാനുള്ള ഇടത് സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയില്‍ ജീവനക്കാരുടെ സംഘടനകള്‍ ധര്‍ണ നടത്തി.
കാര്‍ഷിക സര്‍വകലാശാലയെ തകര്‍ക്കുന്ന ഈ നീക്കം ഇടത് സര്‍ക്കാര്‍ നടത്തുന്നത് സ്വകാര്യ ലോബിക്ക് വേണ്ടിയും ഈ കേന്ദ്രത്തില്‍ നടന്നുവരുന്ന വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങളെയും അതിലൂടെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും മുതല്‍ക്കൂട്ടാകുന്ന അനവധി കാര്യങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. സര്‍വകലാശാലയിലെ ജീവനക്കാരെയും തൊഴിലാളികളെയും ഗവേഷണ വിദ്യാര്‍ത്ഥികളെയും കര്‍ഷകരുടെ പരിശീലന പരിപാടികളെയുമെല്ലാം അപ്പാടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതായതിനാല്‍ ഈ നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് മറ്റൊരു കൊള്ളയ്ക്കു വേണ്ടിയുള്ള ആസൂത്രിത ശ്രമമാണെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎംഎസ് സംസ്ഥാന സമിതി അംഗം കെ. വി. അച്യുതന് ആരോപിച്ചു. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ സര്‍വ്വകലാശാലയുടെ അഭ്യുദയകാംക്ഷികളെല്ലാം ഒറ്റക്കെട്ടായി അണിനിരക്കണം. സര്‍വകലാശാലയെ തകര്‍ക്കുന്ന ഇത്തരം പരിപാടികള്‍ക്കെതിരെ കണ്ണംകെട്ടി നോക്കിനില്ക്കാന് കഴിയില്ലെന്നും ബിഎംഎസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
2011 ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ കാര്‍ഷിക സര്‍വകലാശാലയെ വെറ്ററിനറി സര്‍വകലാശാലയെന്നും ഫിഷറീസ് സര്‍വകലാശാലയെന്നും പകുത്തുവെങ്കില് ഇന്നത് വീണ്ടും വികൃതമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള കുറ്റപ്പെടുത്തി. കാര്‍ഷിക സര്‍വകലാശാലയെ തകര്‍ക്കാനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗമായി തന്നെ നിലനിര്‍ത്തണം. വെറ്ററിനറി സര്‍വ്വകലാശാലക്ക് ആസ്ഥാന കാര്യാലയം സ്ഥിതി ചെയ്യുന്ന പൂക്കോടും പ്രധാന കേന്ദ്രങ്ങളിലൊന്നായ തിരുവാഴാംകുന്നും കോലാഹലമേടും ഉള്‍പ്പെടെ ഇരുപതോളം കേന്ദ്രങ്ങളിലായി നിരവധി ഹെക്ടര്‍ ഭൂമി ഉണ്ട്. മണ്ണുത്തിയില്‍ സ്ഥലമില്ലെന്ന് സ്ഥാപിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥലം ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള അധാര്‍മികവും അന്യായവുമായ നടപടിയാണിതെന്നും
വെറ്ററിനറി സര്‍വകലാശാല അധികൃതരും സര്‍ക്കാരും ഈ നീക്കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് അതിശക്തമായ ബഹുജന പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് രാകേഷ് കെ. ആര്., വര്‍ക്കേഴ്സ് സംഘ് വെളളാനിക്കര യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് കെ. ജി., മാടക്കത്തറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ മെമ്പര്‍ വിനീഷ് ഇ. വി. എന്നിവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു. വര്‍ക്കേഴ്സ് സംഘ് വെളളാനിക്കര യൂണിറ്റ് സെക്രട്ടറി അഖില്‍ ഷണ്മുഖന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: