അച്ഛന് ശ്രീനാരായണധര്‍മ്മം പ്രചരിപ്പിക്കാന്‍ പ്രചോദനമായ കാരണം എന്തായിരുന്നു?
കായംകുളത്ത് അച്ഛന്റെ കുടുംബമായ വടിയാടി വീടിന്റെ തൊട്ടുവടക്കേതായിരുന്നു നാരായണഗുരുവിന്റെ സംസ്‌കൃതഭാഷാ ഗുരുനാഥനായിരുന്ന രാമന്‍പിള്ള ആശാന്റെ കുമ്മമ്പള്ളി ഭവനം. അവിടെ താമസിച്ചിരുന്നത് രാമന്‍പിള്ള ആശാന്റെ അനന്തിരവനും നാരായണഗുരുവിനോടൊപ്പം ചേവണ്ണൂര്‍ കളരിയില്‍ പഠിച്ചിരുന്നതുമായ പരമേശ്വരന്‍പിള്ള സാറായിരുന്നു. അദ്ദേഹമായിരുന്നു എന്റെ അച്ഛന്റെ ഗുരു. അദ്ദേഹത്തില്‍ നിന്നുമാണ് ഗുരുവിന്റെ ശ്രീകൃഷ്ണദര്‍ശനവും മറ്റു മഹിമകളും എല്ലാം പഠിച്ചത്. കായംകുളം രാമകൃഷ്ണാശ്രമവുമായുള്ള ബന്ധത്തിലൂടെ ആദ്ധ്യാത്മികവിഷയങ്ങള്‍ പഠിച്ചു. കായംകുളം സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്വിറ്റിന്ത്യ സമരത്തിന്റെ ഭാഗമായി ക്ലാസ്സുപേക്ഷിച്ച് ഷര്‍ട്ടൂരി അഗ്നിയിലിട്ട് ബോലോ ഭാരത് മാതാ കീ ജയ് എന്നു വിളിച്ചുകൊണ്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായി. അതില്‍ ഉണ്ടായ തിക്താനുഭവങ്ങളിലൂടെ സത്യധര്‍മാദികളിലൂടെ വളരുന്ന ഒരു സമൂഹത്തിനുമാത്രമേ സുസ്ഥിരമായ സമാധാനവും സമൃദ്ധിയും സാദ്ധ്യമാക്കാന്‍ കഴിയൂ എന്നു ബോധ്യപ്പെട്ടു. അതിനുള്ള ഉപായം ശ്രീനാരായണധര്‍മ്മം ഒന്നു മാത്രമാണെന്ന് കണ്ടറിയുകയും, അത് പ്രചരിപ്പിക്കാനുള്ള ആവേശമുണ്ടാകുകയും ചെയ്തു.
്യൂ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ശ്രീനാരായണധര്‍മപ്രചരണാര്‍ത്ഥം നടത്തിയിരുന്നത്?
ശ്രീനാരായണ ധര്‍മപ്രചരണ പ്രാര്‍ത്ഥനാസമിതി എന്ന പേരില്‍ ഞങ്ങളുടെ കുടുംബം ജാതി ഭേദമെന്യേ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഗുരുവിന്റെ ജ്ഞാനാമൃതങ്ങളെ (കൃതികളെ) അടിസ്ഥാനമാക്കി പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും നടത്തിപ്പോന്നിരുന്നു. അതോടൊപ്പം അനവധി ലഘുലേഖകളും പ്രാര്‍ത്ഥനാബുക്കുകളും, ഗുരുവിന്റെ ജ്ഞാനാമൃതങ്ങള്‍ക്ക് ജി. ബാലകൃഷ്ണന്‍ നായര്‍ സാര്‍ എഴുതിയ വ്യാഖ്യാനങ്ങളും വിതരണം ചെയ്തിരുന്നു. ഈ പ്രാര്‍ത്ഥനായോഗങ്ങളില്‍ ഗുരുവിന്റെ ഗൃഹസ്ഥശിഷ്യനായ കോട്ടുകോയിക്കല്‍ വേലായുധന്‍ മാസ്റ്റര്‍, അഡ്വ. കെ. ഭാനു എക്‌സ് എംഎല്‍എ, വിദ്വാന്‍ എം.കെ. അച്യുതന്‍ തുടങ്ങി അനവധി പ്രഗത്ഭമതികള്‍ പങ്കെടുക്കുമായിരുന്നു.
ഗുരുവിന്റെ ജ്ഞാനാമൃതങ്ങളുടെ വ്യാഖ്യാനം ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയത് ശിവഗിരിമഠം അല്ലേ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്?
ആദ്യം അച്ചടിച്ച് പ്രസിദ്ധീകരിച്ചത് നാരായണഗുരുവിന്റെ സഹോദരിയുടെ മകളുടെ മകനായ ചെമ്പഴന്തിയില്‍ വാമദേവന്‍സാറും സഹധര്‍മ്മിണി കാമാക്ഷിയമ്മടീച്ചറും മക്കളും ചേര്‍ന്നുള്ള ശ്രീനാരായണ പബ്ലിഷിങ് ഹൗസാണ്. ബാലകൃഷ്ണന്‍നായര്‍ സാര്‍ എഴുതിയ വ്യാഖ്യാനങ്ങളായ ആത്മോപദേശശതകം, കുണ്ഡലിനിപ്പാട്ട്, ദൈവദശകം, ചിജ്ജഡചിന്തനം തുടങ്ങിയ അനവധി ജ്ഞാനാമൃതങ്ങള്‍ ശ്രീനാരായണ പബ്ലിഷിങ് ഹൗസ് ആയിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. അക്കാലത്ത് ശിവഗിരിയില്‍ പ്രസിദ്ധീകരണ വിഭാഗമോ സ്ഥിരം ബുക്ക്സ്റ്റാളോ ഉണ്ടായിരുന്നില്ല. ശ്രീനാരായണ പബ്ലിഷിങ് ഹൗസും ഞങ്ങളും കൂടി സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ഭവനസന്ദര്‍ശന പരിപാടിയിലൂടെ പ്രസ്തുത വ്യാഖ്യാനങ്ങള്‍ വിതരണം ചെയ്തു. ഇക്കാലയളവില്‍ ബാലകൃഷ്ണന്‍ നായര്‍ സാര്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ (വേദാന്തവിദ്യാലയത്തിന്റെ) മുഖ്യ ആചാര്യനായി നിയോഗിക്കപ്പെടുകയും, അദ്ദേഹത്തിന്റെ ശ്രീനാരായണജ്ഞാനാമൃതങ്ങളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ശിവഗിരിമഠം പത്ത് വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അവ ഭവനസന്ദര്‍ശനത്തിലൂടെ വിതരണം ചെയ്യാന്‍ കഴിയുമെന്ന് അച്ഛന്‍ പറഞ്ഞതനുസരിച്ച് ശിവഗിരിമഠം ബ്രഹ്മവിദ്യാര്‍ത്ഥികളെ ഭവനസന്ദര്‍ശനത്തിന് നിയോഗിച്ചു. അവരോടൊപ്പം എന്നെയും കൂട്ടി.
വിശ്വപ്രകാശം എന്ന ദാര്‍ശനികമാസികയുടെ ആരംഭം എങ്ങനെയായിരുന്നു?
ശ്രീനാരായണധര്‍മപ്രചാരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അച്ഛന്‍ ‘വിശ്വപ്രകാശം’ എന്നപേരില്‍ മാസിക ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അത് ലക്ഷ്യപ്രാപ്തിയിലെത്തുന്നതിനുമുന്‍പ് അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അമ്മ യശോദാശങ്കരന്‍ മാസിക ആരംഭിച്ചു. ഗുരുവിന്റെ ദര്‍ശനത്തെക്കുറിച്ചും ഭാരതീയദര്‍നങ്ങളെക്കുറിച്ചും എനിക്ക് കൂടുതല്‍ എഴുതി പ്രചരിപ്പിക്കാനും പ്രഭാഷണങ്ങള്‍ നടത്താനും അതുവഴി കഴിഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന എനിക്ക് സര്‍ക്കാര്‍ അനുമതിയോടെ ആറുവര്‍ഷക്കാലം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭക്തപ്രിയ മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു.
എത്ര ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമുള്ള ഗ്രന്ഥമേതാണ്?
ഇതുവരെയായി ഞാന്‍ ഒന്‍പത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെയെല്ലാം ഉള്ളടക്കം ശ്രീനാരായണദര്‍ശനവും ഭാരതീയദര്‍ശനങ്ങളും തന്നെയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥം മൂന്നുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീനാരായണലീലാമൃതം ആണ്. ഒന്നാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും വേണ്ടി പാഠ്യപദ്ധതി രൂപേണ തയ്യാറാക്കിയ ഗ്രന്ഥമാണ്. ഇത് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആവശ്യപ്രകാരം എഴുതി തയ്യാറാക്കിയതാണ്. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗംതന്നെയാണ് ഇത് ആദ്യം അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. ഇതില്‍ നാരായണഗുരുവിന്റെ അവതാരവും അമൃതവാണികളും ഉപനിഷത്തുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യോഗചരിത്രത്തില്‍ ഗുരുവിനെ സംബന്ധിച്ച് ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിത്.
നാരായണഗുരുവിന്റെ ജ്ഞാനാമൃതങ്ങളും വേദങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?
തീര്‍ച്ചയായും ബന്ധമുണ്ട്. മാനവരാശിക്ക് നാളിതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളതില്‍ ഏറ്റവും വലിയ ജ്ഞാനസമ്പത്താണ് വേദങ്ങള്‍. എന്നാല്‍ കാലംകൊണ്ട് അജ്ഞത, അസൂയ എന്നിവയാല്‍ തമസ്‌ക്കരിക്കപ്പെട്ട വേദത്തെ തേച്ചുമിനുക്കി കാന്തിയും മൂല്ല്യവും വര്‍ദ്ധിപ്പിച്ച് സമസ്ത ലോകത്തിനും ശ്രേയസ്സും പ്രേയസ്സും ആത്മസാഹോദര്യവും പ്രാപ്തമാക്കാന്‍ പര്യാപ്തമായ രീതിയില്‍ നാരായണഗുരു ലോകത്തിന് നല്‍കിയതാണ് അറുപത്തിമൂന്നു ജ്ഞാനാമൃതങ്ങള്‍.
ഗുരുവിന്റെ ജ്ഞാനാമൃതങ്ങള്‍ എങ്ങനെയാണ് വേദങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നത്?
വേദങ്ങള്‍ക്ക് പ്രധാനമായും ദേവതാരാധനാസംബന്ധമായ കര്‍മ്മകാണ്ഡം, ആത്മജ്ഞാനസംബന്ധമായ ജ്ഞാനകാണ്ഡം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. ഇതേപോലെ ഗുരു നടത്തിയിട്ടുള്ള ദേവതാപ്രതിഷ്ഠകളും ഗുരു രചിച്ചിട്ടുള്ള ദേവതാസ്‌തോത്രങ്ങളും ഹോമമന്ത്രാദികളും വേദത്തിലെ കര്‍മ്മകാണ്ഡത്തേയും, ആത്മജ്ഞാനദായകമായ ആത്മോപദേശശതകാദിയും ജ്ഞാനകാണ്ഡത്തേയും പ്രതിനിധീകരിക്കുന്നു. അതുകൂടാതെ വേദത്തിലെ കര്‍മ്മകാണ്ഡ പ്രധാനമായ വൈദികകര്‍മ്മങ്ങള്‍ പഠിപ്പിക്കാന്‍ വൈദികമഠവും, ജ്ഞാനകാണ്ഡപ്രധാനമായ വേദാന്തം പഠിപ്പിക്കാന്‍ വേദാന്തവിദ്യാലയവും (ബ്രഹ്മവിദ്യാലയം) ഗുരു ശിവഗിരിയില്‍ സ്ഥാപിച്ചു. വൈദികപരമായ ശിവനെ അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചുകൊണ്ട് ആരംഭിച്ച ക്ഷേത്രപ്രതിഷ്ഠായജ്ഞം ഗുരു അവസാനിപ്പിച്ചത് വൈക്കം ഉല്ലലയില്‍ ഉപനിഷത് പ്രകാരം പരമപുരുഷാര്‍ത്ഥദായകമായ ഓങ്കാരത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണെന്നതും, ആത്മോപദേശശതകത്തിലൂടെ ‘ഉപനിഷദ്യുക്തിരഹസ്യമോര്‍ത്തിടേണം’ എന്ന് ഉപദേശം ചെയ്തിരിക്കുന്നതും എല്ലാം വേദവുമായി പാരസ്പര്യം പുലര്‍ത്തുന്നു.
ഹിന്ദുദേവതാക്ഷേത്രങ്ങള്‍ ധാരാളം സ്ഥാപിച്ചിട്ടുള്ള ഗുരു മറ്റു മതസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും വേണ്ടുന്ന ആരാധനാലയങ്ങള്‍ സ്ഥാപിച്ചുനല്‍കാമെന്ന് പ്രസ്താവിച്ചിട്ടുണ്ടല്ലോ?
ഹിന്ദുമതത്തിലെ അയിത്താചരണം അവസാനിപ്പിക്കുന്നതിനും, ജാതിഭേദംകൂടാതെ സര്‍വ്വര്‍ക്കും സത്‌ദേവതാരാധന, സ്വാതന്ത്ര്യം സാദ്ധ്യമാക്കുന്നതിനും വേണ്ടി ഗുരു അരുവിപ്പുറം ശിവക്ഷേത്രവും ശിവഗിരി ശാരദാമഠവും ആലുവാ അദൈ്വതാശ്രമവും മറ്റും സ്ഥാപിച്ചത് ആരും ആവശ്യപ്പെട്ടിട്ടല്ല. സ്വനിശ്ചയത്താലാണ്. ഇതില്‍ പ്രചോദിതരായവര്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മിച്ച ക്ഷേത്രങ്ങളിലും അവര്‍ നിശ്ചയിച്ചതും ആവശ്യപ്പെട്ടതുമായ ദേവതാവിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാതെ ഗുരു നിശ്ചയിച്ച വിഗ്രഹങ്ങള്‍ മാത്രമാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ആരും ആവശ്യപ്പെടാതെ തന്നെയാണ് വേദപ്രോക്തമായ രീതിയില്‍ ദേവതാസ്‌തോത്രങ്ങളും മന്ത്രവും ജ്ഞാനോപദേശങ്ങളും ലോകക്ഷേമാര്‍ത്ഥം ഗുരു നല്‍കിയിട്ടുള്ളത്. അയിത്താചരണവും ആരാധനാസ്വാതന്ത്ര്യ നിഷേധവും മറ്റും ഇതര മതസ്ഥരുടെയിടയില്‍ ഇല്ലാതിരുന്നതിനാല്‍ ഗുരു അവര്‍ക്കുവേണ്ടി ആരാധനാലയങ്ങള്‍ സ്ഥാപിക്കുകയോ, മറ്റുമതസ്ഥര്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ വേണ്ടി ഗുരുവിനോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
ഗുരുദേവദര്‍ശനവും സനാതനധര്‍മവും തമ്മിലെ ബന്ധത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. എന്താണഭിപ്രായം?
നാം വ്യാവഹാരികമായി ഹിന്ദുമതം എന്നു വിളിക്കുന്നത് യഥാര്‍ത്ഥത്തില്‍ സനാതനധര്‍മമാണ്. സനാതനധര്‍മ്മത്തെ വേണ്ടവണ്ണം അറിയാത്ത വൈദേശികര്‍ അവരെ വിളിച്ച പേരാണ് ഹിന്ദു എന്നത്. സനാതനധര്‍മ്മത്തില്‍ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ മനുഷ്യജീവിതത്തെ നാല് ആശ്രമജീവിതങ്ങളായി തരംതിരിച്ചിട്ടുണ്ട്. നാരായണഗുരു ഈ നാല് ആശ്രമങ്ങളുടെയും പരിധിയില്‍ വരുന്നില്ല. ഉപനിഷത് തത്വപ്രകാരം മനുഷ്യന്‍ ദാനവനോ ദേവനോ ആവേണ്ടവനല്ല; ദൈവം തന്നെ ആവേണ്ടവനാണ്. തൈത്തിരിയോപനിഷത്തില്‍ ‘ബ്രഹ്മവിദാപ്‌നോതി പരം’- ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായി ഭവിക്കുന്നു എന്നാണുള്ളത്. ഈ ഉപനിഷത് തത്ത്വത്തെ ആനുഭൂതികമാക്കിക്കൊണ്ട് ഗുരു ആത്മവിലാസം എന്ന കൃതിയിലൂടെ ”നാമും ദൈവവും ഒന്നായിരിക്കുന്നു” എന്നു വെളിപ്പെടുത്തുകയുണ്ടായി. അതുകൊണ്ടാണ് സംന്യാസദീക്ഷാനാമങ്ങളൊന്നും സ്വീകരിക്കാതെ പരമദൈവതം, പരംബ്രഹ്മം എന്നീ അര്‍ത്ഥമുള്ള ‘ഗുരു’ എന്ന പദം സ്വീകരിച്ച് നാരായണഗുരു എന്നെഴുതിയതും ഒപ്പിട്ടിട്ടുള്ളതും.
യഥാര്‍ത്ഥത്തില്‍ നാരായണഗുരുവിന്റെ ദര്‍ശനം എന്താണ്?
ഔപനിഷദികമായ അദൈ്വതമാണ് ഗുരുവിന്റെ ദര്‍ശനം. അദൈ്വതദീപിക എന്ന കൃതിയുടേയും അദൈ്വതാശ്രമം എന്ന പ്രസ്ഥാനത്തിന്റെയും പേരുകള്‍ പോലും അദൈ്വതദര്‍ശനത്തെ വെളിപ്പെടുത്തുന്നു.
അദൈ്വതമതസ്ഥാപകനായ ആദിശങ്കരന്റെ ദര്‍ശനവും നാരായണഗുരുവിന്റ ദര്‍ശനവും തമ്മില്‍ എന്ത് സമാനതയും വ്യത്യാസവുമാണുള്ളത്?
അദൈ്വതം ഔപനിഷദികമാണ്. മാണ്ഡ്യൂക്യോപനിഷത്തിലെ ഏഴാം മന്ത്രത്തിലാണ് അദൈ്വതം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. മാണ്ഡ്യൂക്യോപനിഷത്തിന് ഗൗഡപാദാചാര്യരുടെ കാരികയും അതിന് ആദിശങ്കരാചാര്യര്‍ നല്‍കിയ വ്യാഖ്യാനവും അദൈ്വതത്തിന് പ്രമാണമാണ്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിഷന്‍ ഗുരുവിന്റെ തത്വചിന്തയെന്താണെന്ന് ചോദിച്ചു. ‘തത്ത്വചിന്തയില്‍ നാം ശങ്കരനെ പിന്തുടരുന്നു’ എന്നാണ് ഗുരു നല്‍കിയ ഉത്തരം. ഇതിനും ഉപരിയായി ഗുരു അനുകമ്പാദശകത്തില്‍ ”സരളാദ്വയഭാഷ്യകാരനാംഗുരുവോയീയനുകമ്പയാണ്ടവന്‍”-അദൈ്വതത്തിന് സരളമായി ഭാഷ്യം (വ്യാഖ്യാനം) എഴുതിയ ഗുരു എന്ന് ആദിശങ്കരനെ പ്രകീര്‍ത്തിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.
നാരായണഗുരുവിന്റെ പേരില്‍ ചിലര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ടല്ലോ ഗുരുവിന്റെ അദൈ്വതവും ശങ്കരന്റെ അദൈ്വതവും രണ്ടാണെന്ന്?
ഗുരുവിനേയും ശങ്കരനേയും അദൈ്വതത്തേയും വേണ്ടവണ്ണം അറിയാതെയുള്ള അജ്ഞാനജന്യമായ അഭിപ്രായമാണത്. ഇന്ത്യയില്‍ ഉദിക്കുന്ന സൂര്യനും യൂറോപ്പിലുദിക്കുന്ന സൂര്യനും രണ്ടാണെന്ന് പറയുന്നതുപോലെയാണ് ശങ്കരന്റെ അദൈ്വതവും നാരായണഗുരുവിന്റ അദൈ്വതവും രണ്ടാണെന്ന് പറയുന്നത്. അദൈ്വതം എന്നാല്‍ രണ്ടല്ലാത്തത് എന്നാണ്. അത് വാക്കുകകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അദൈ്വതാനുഭവത്തെ വെളിപ്പെടുത്താന്‍ സ്വന്തവും സ്വതന്ത്രവുമായ ഒരു പദംപോലും ഇല്ല. ദൈ്വതം എന്ന വാക്കിനെ ആശ്രയിച്ചാണ് അദൈ്വതം എന്നു പറയുന്നതുപോലും.
സരളാദ്വയഭാഷ്യകാരനാം ഗുരുവോയീയനുകമ്പയാണ്ടവന്‍ എന്ന് ചോദിച്ചതനുസരിച്ച് അദൈ്വതാനുഭവത്തില്‍ നാരായണഗുരുവും ആദിശങ്കരനും സമാനമാണെന്നതിന് എന്തെങ്കിലും തെളിവുണ്ടോ?
ധാരാളം ഉണ്ടല്ലോ. അതില്‍ ഒന്ന് പറയാം. നാരായണഗുരു ഗദ്യപ്രാര്‍ത്ഥനയെന്ന ജ്ഞാനാമൃതത്തില്‍ ”നാം ശരീരമല്ല അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല….”എന്നിങ്ങനെ പറയുന്നു. ആദിശങ്കരന്‍ നിര്‍വാണഷട്കത്തില്‍:
”ന മൃത്യുര്‍ ന ശങ്ക ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ
ന ബന്ധുര്‍ ന മിത്രം ഗുരുര്‍ നൈവ ശിഷ്യഃ
ചിദാനന്ദ രൂപഃ ശിവോഃ ശിവോഃ.”
എനിക്ക് മരണമില്ല ഭയമില്ല ജാതിഭേദമില്ല. എനിക്ക് അച്ഛനില്ല അമ്മയുമില്ല ജനനവുമില്ല. ഞാന്‍ ഒരു ബന്ധുവോ മിത്രമോ ഗുരുവോ ശിഷ്യനോ അല്ല. ഞാന്‍ ബോധത്തിന്റെയും ആനന്ദത്തിന്റയും രൂപമാണ്. ഞാന്‍ ശിവനാണ്. ഞാന്‍ ശിവനാണ് എന്നിങ്ങനെയും സ്വാനുഭവത്തെ പ്രകാശിതമാക്കിയിരിക്കുന്നത് അദൈ്വതമാണ്. രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ സമാനതയുള്ള ദര്‍ശനത്തിന്റേതാണ്. അദൈ്വതത്തില്‍ യാതൊരു ഭേദവുമില്ല.
ശ്രീനാരായണ ധര്‍മ്മോത്സവ്-2024 എന്ന പേരിലുള്ള സംരംഭംകൊണ്ട് എന്താണ് ലക്ഷ്യം വയ്‌ക്കുന്നത്?
1924-ല്‍, നാരായണഗുരു ലോകക്ഷേമാര്‍ത്ഥം ലളിതകോമളമായ മലയാളഗദ്യഭാഷയില്‍ നല്‍കിയ ധര്‍മോപദേശമാണ് ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി. എന്നാല്‍ അത് എഴുതിയെടുത്ത സംന്യാസി ശിഷ്യന്‍ അത് ശ്ലോകരൂപേണ സംസ്‌കൃതത്തിലേക്ക് ഭാഷാന്തരീകരണം നടത്തിയതോടെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിത്തീര്‍ന്നു. ഈ ധര്‍മ്മോപദേശം ലോകത്തിന് നല്‍കിയിട്ട് ഒരു നൂറ്റാണ്ട് തികയുന്നെങ്കിലും നാളിതുവരെ വേണ്ടവണ്ണം ജനങ്ങള്‍ അറിയുകയോ അവരെ അറിയിക്കുകയോ ഉണ്ടായിട്ടില്ല. അജ്ഞാനാന്ധകാരമകറ്റി അന്യൂനമായ അറിവിന്റെ അരവിന്ദം വിടര്‍ത്തി മാനവ ജീവിതത്തെ നിത്യമായ പൊന്നോണത്തിലേക്ക് ആനയിക്കാന്‍ പ്രാപ്തമായ പ്രസ്തുത ധര്‍മ്മോപദേശം ഗുരു ഉപദേശിച്ച ഗദ്യഭാഷയിലാക്കിയ ലഘുഗ്രന്ഥം ജാതിമതഭേദെമന്യേ എല്ലാ ഭവനങ്ങളം സന്ദര്‍ശിച്ച് സൗജന്യമായി 2024 ഡിസംബര്‍ 31-ന് മുന്‍പ് നല്‍കി ബോധവല്‍ക്കരണം നടത്തുകയെന്ന കര്‍മ്മ പദ്ധതിയാണ് ശ്രീനാരായണധര്‍മ്മോത്സവ്-2024. സംശുദ്ധമായ വ്യക്തിജീവിതത്തിലൂടെ ലോകത്തെ ശ്രേയസ്‌ക്കരവും പ്രേയസ്‌ക്കരവും ആക്കാന്‍ സര്‍വ്വംസഹായകമായതും ജാതിമതഭേദമെന്യേ സര്‍വ്വംസ്വീകാര്യമായതുമാണ് ശ്രീനാരായണധര്‍മ്മം.
ഈ ബൃഹത് പദ്ധതി നടപ്പാക്കാന്‍ ആളും അര്‍ത്ഥവും വേണ്ടേ? അതെങ്ങനെയാണ്?
തീര്‍ച്ചയായും. അതിനുള്ള മാര്‍ഗ്ഗം ഗുരു പറഞ്ഞിട്ടുണ്ട്. ”നാം നല്ലകാര്യങ്ങള്‍ ചിന്തിച്ചു പ്രവര്‍ത്തിക്കുക. അതിന് പണം ഒരു പ്രശ്‌നമല്ല. ജനങ്ങളാണ് പണം. അത് വിശാലമായി പരന്നുകിടക്കുകയാണ്. അത് ഒഴുകിയെത്തിക്കൊള്ളും. വിജയിക്കും.” ഞാന്‍ നടത്തുന്ന വേദാന്ത വിശ്വവിദ്യാലയത്തിലേയും ശ്രീനാരായണദര്‍ശനപഠനകേന്ദ്രങ്ങളിലേയും ജ്ഞാനജിജ്ഞാസുക്കളായ സ്വദേശത്തും വിദേശത്തുമുള്ള ധാരാളം പഠിതാക്കളും ഗുരുഭക്തരായ ദേശസ്‌നേഹികളും അനുസ്യൂതമായി ഈ യജ്ഞത്തില്‍ പങ്കാളികളായിക്കൊണ്ടിരിക്കുന്നു.
ശ്രീനാരായണധര്‍മ്മോത്സവ് പ്രകാരമുള്ള ഭവനസന്ദര്‍ശനം ആരംഭിച്ചത് എന്നാണ്?
2023 നവംബര്‍ 25-ന് കേരളത്തിലെ പ്രഥമഭവനമായ രാജ്ഭവന്‍ ഞങ്ങള്‍ സന്ദര്‍ശിക്കുകയും ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ‘ശ്രീനാരായണധര്‍മ്മം’ എന്നില്‍ നിന്ന് സ്വീകരിച്ചു അനുഗ്രഹാശംസകള്‍ നേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെല്ലാം ധാരാളം തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ? ബാല്യകാലം മുതല്‍ ശ്രീനാരായണധര്‍മം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എന്തെങ്കിലും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
തിക്താനുഭവങ്ങളുടെ ഘോഷയാത്രയെയാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ആക്ഷേപങ്ങളും അപവാദങ്ങളും അസത്യങ്ങളും കൊണ്ട് തകര്‍ക്കാന്‍ വന്നവരെ നിസ്സംഗമായി നേരിട്ടു. ഞാന്‍ മുറുകെ പിടിച്ചിരിക്കുന്നതും പിന്തുടരുന്നതും ഗുരു എന്ന പ്രകാശത്തെയാണ്.
മറ്റ് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?
സ്വദേശത്തും വിദേശത്തുമുള്ള ജ്ഞാനജിജ്ഞാസുക്കള്‍ക്കു വേണ്ടി എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ ഉപനിഷത്ത്, ശ്രീനാരായണദര്‍ശനം, ഇതര ഭാരതീയദര്‍ശനങ്ങള്‍ എന്നിവയുടെ രണ്ടും മൂന്നും ഓണ്‍ലൈന്‍ ക്ലാസ്സുകളും നടത്തിക്കൊണ്ടിരിക്കുന്നു. പ്രഭാഷണങ്ങളുമുണ്ട്. അതോടൊപ്പം ആത്മോപദേശശതകം, മാണ്ഡ്യൂക്യോപനിഷത്ത് എന്നിവയുടെ വ്യാഖ്യാനം തയ്യാറാക്കുകയാണ്.
ശ്രീനാരായണധര്‍മ്മ പ്രചരണം ജീവിതധര്‍മ്മമാക്കിയിരിക്കുകയാണ് വിജയാനന്ദിന്റെ കുടുംബം. സഹധര്‍മ്മിണി സുഷമ വിജയാനന്ദ് റിട്ടയേര്‍ഡ് പോസ്റ്റ്മാസ്റ്റര്‍ ആണ്. ഏകമകള്‍ അനുപമ ആനന്ദ് ഐഎഎസ്. വിജയാനന്ദിന്റെ ഫോണ്‍ നമ്പര്‍: 9447804190. ഇ-മെയില്‍: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: