വില്ലനായി അരങ്ങേറ്റം കുറിച്ച് ആക്ഷന്‍ ഹീറോയായി ജനഹൃദയങ്ങള്‍ കീഴടക്കിയ തമിഴകത്തിന്റെ ക്യാപ്റ്റനായിരുന്നു വിജയരാജ് അളകസാമിയെന്ന വിജയകാന്ത്. തമിഴ് ചലച്ചിത്ര മേഖലയിലെ വാണിജ്യ സിനിമകളുടെ നെടുനായകരിലൊരാള്. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച് റിക്കാര്‍ഡ് നേടിയ നായകന്… അങ്ങനെ വിശേഷണങ്ങളേറെയാണ് വിജയകാന്തിന്.
1979ല്‍ എം.എ. കാജ സംവിധാനം ചെയ്ത ഇനിക്കും ഇളമൈ എന്ന സിനിമയില്‍ വില്ലനായി തുടക്കം. അടുത്തു തന്നെ മൂന്ന് സിനിമകളിറങ്ങിയെങ്കിലും ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. 1980ല്‍ തന്നെയിറങ്ങിയ ദൂരത്ത് ഇടിമുഴക്കം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു.
എസ്.എ. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സട്ടം ഒരു ഇരുട്ടറൈ (1981) എന്ന ചിത്രമാണ് വിജയകാന്തിനെ വാണിജ്യമുല്യമുള്ള നായകനായി തമിഴകത്ത് അവതരിപ്പിച്ചത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ സിനിമകളും അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തു. സമൂഹത്തിലെ അന്യായങ്ങള്‍ക്കെതിരെ പോരാടുന്ന, അവയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്ന യുവാവിനെ തമിഴകമേറ്റെടുത്തു. സ്നേഹത്തോടെ ആരാധകര്‍ അദ്ദേഹത്തെ പുരട്ചി കലൈഞ്ജര്‍ എന്ന് വിളിച്ചു. അരങ്ങേറ്റ ചിത്രത്തിന് ശേഷം ഒരിക്കല്‍ കൂടി വിജയകാന്ത് വില്ലന്‍ വേഷമണിഞ്ഞു, ഓം ശക്തിയില്‍ (1982).
1980 കളിലാണ് ആക്ഷന്‍ ഹീറോയായുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച. ആക്ഷന്‍, പ്രണയം, വൈകാരിക രംഗങ്ങളെല്ലാം അനായാസം കൈകാര്യം ചെയ്ത അദ്ദേഹം തമിഴ്സിനിമാ മേഖലയ്ക്ക് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു. നൂറാവതു നാ
ള്‍, വൈദേഹി കാത്തിരുന്താള്‍ എന്നീ സൂപ്പര്‍ ഹിറ്റുകളുള്‍പ്പെടെ 18 സിനിമകളാണ് 1984ല്‍ വിജയകാന്തിന്റേതായി പുറത്തിറങ്ങിയത്. തമിഴിലെ ആദ്യ 3 ഡി സിനിമ അണ്ണാ ബൊമ്മി 3 ഡിയില്‍ (1985) രാധാ രവിക്കും കന്നഡ നടന് ടൈഗര്‍ പ്രഭാകരനുമൊപ്പം അദ്ദേഹം പ്രധാന വേഷത്തിലെത്തി. നാനെ രാജ നാനെ മന്ത്രി ആ വര്‍ഷത്തെ കൊമേഷ്യല്‍ ഹിറ്റുകളിലൊന്നായിരുന്നു. 1986 ല്‍ അമ്മന്‍കോവില്‍ കിഴക്കാലെയിലെ അഭിനയത്തിന് തമിഴിലെ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചു. 86ല്‍ കമലഹാസനൊപ്പം മനകണക്ക്, 87ല്‍ ശിവാജി ഗണേശനൊപ്പം വീരപാണ്ഡ്യന്. രജനീകാന്തിനും കമലഹാസനുമൊപ്പം മാറ്റിനിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ സൂപ്പര്‍സ്റ്റാറായി അക്കാലത്ത് വിജയകാന്ത്.
കൂലിക്കാരന്, വീരന് വേലുത്തമ്പി, നിനവൈ ഒരു സംഗീതം, സട്ടം ഒരു വിളയാട്ടു, ഉഴവന് മകന്, നല്ലവന്‍, പൊന്തോട്ട കാവല്ക്കാരന്, സെന്തൂര പൂവേ, പാട്ടുക്കു ഒരു തലൈവന്, പൊന്മന സെല്വന്, മീനാക്ഷി തിരുവിളയാടല്‍ എന്നീ സിനിമകളില്‍ എണ്‍പതുകളുടെ അവസാനത്തില്‍ അദ്ദേഹം അഭിനയിച്ചു. ഇതില്‍ സെന്തൂര പൂവേയിലെ അഭിനയത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
വിജയകാന്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് റാവുത്തര്‍ നിര്‍മാണം ചെയ്ത ക്യാപ്റ്റന്‍ പ്രഭാകറായിരുന്നു (1991) അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമ. ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് ക്യാപ്റ്റന്‍ പ്രഭാകര്‍ അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്ന വിളിപ്പേരും വിജയകാന്തിന് ലഭിച്ചു. മണിരത്നത്തിന്റെ ക്ഷത്രിയന്, ചിന്ന ഗൗണ്ടര്‍, ഭരതന്, തായ്മൊഴി, കാവ്യ തലവന്‍, കോയില്‍ കാലൈ, ഏഴൈ ജാതി, സക്കാരൈ ദേവന്, രാജദുരൈ, സെന്ദൂരപാണ്ടി, സേതുപതി ഐപിഎസ്, പെരിയണ്ണ, കണ്ണുപട പോഗുതയാ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം വിവിധ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു.
അദ്ദേഹം സംവിധാനം ചെയ്ത് അഭിനയിച്ച സിനിമയാണ് 2010ല്‍ പുറത്തിറങ്ങിയ വിരുദഗിരി. വിജയകാന്ത് പ്രധാനവേഷത്തിലെത്തിയ അവസാന ചിത്രവുമിതാണ്. 2015ല്‍ സഗാപ്തം എന്ന സിനിമയില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: