സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ക്രക്കറ്റ് മത്സരത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി ഭാരതം. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനത്തോടടുക്കുമ്പോള്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി മാര്‍കോ ജാന്‍സെന്റെ പന്തില്‍ കാഗിസോ റബാഡയ്ത്ത് ക്യാച്ച് നല്‍കിയതോടെ ഭാരത ഇന്നിങ്സും മത്സരവും സമാപിച്ചു. ഇന്നിങ്സിനും 32 റണ്‍സിനും ആണ് ഭാരതം പരാജയപ്പെട്ടത്.
സ്കോര്‍: ഭാരതം- 245, 131/10(34.1); ദക്ഷിണാഫ്രിക്ക 408
തലേന്നത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സിന്റെ ബാക്കി മത്സരത്തിനായി മൂന്നാം ദിവസം ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചത് 408 റണ്‍സിലാണ്. 163 റണ്‍സിന്റെ ലീഡ് വഴങ്ങിയതോടെ ഭാരത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംഘവും തളര്‍ന്നു. തുടക്കത്തിലേ തന്നെ ആ ഇടര്‍ച്ച പ്രകടനമായി. പ്രതിസന്ധികള്‍ തനിക്ക് താങ്ങാനാവില്ലെന്ന് ഒരിക്കല്‍ കൂടി വിളിച്ചറിയിച്ച് രോഹിത് കാഗിസോ റബാഡയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി ക്രീസ് വിട്ടു. റബാഡ നല്കിയ തുടക്കത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ പേസ് നിര തുടങ്ങുകയായിരുന്നു. ചെറുത്തുനിന്നത് വിരാട് കോഹ്ലി മാത്രം. 82 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടെ 76 റണ്‍സെടുത്തു. മാര്‍കോ ജാന്സെന് എറിഞ്ഞ 35-ാം ഓവറിലെ ആദ്യ പന്ത് കോഹ്ലിയുടെ ബാറ്റില്‍ നിന്നും റബാഡയുടെ കൈകളിലേക്ക് എത്തും മുമ്പേ ദക്ഷിണാഫ്രിക്കന്‍ താരങ്ങല്‍ ആഹ്ലാദം തുടങ്ങിയിരുന്നു.
ഭാരത നിരയില്‍ ഒന്നാമനായി രോഹിത്ത് പൂജ്യത്തിന് പുറത്തായി. പത്താമനായി ടോപ് സ്കോറര്‍ കോഹ്ലി പുറത്താകുന്നതിന് മുമ്പായി ക്രീസ് വിട്ട് പവിലിയനിലേക്ക് നടന്നവരില്‍ രണ്ടക്കം കടന്നത് ശുഭ്മാന്‍ ഗില്‍ മാത്രം. 26 റണ്‍സ്. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ കെ.എല്‍. രാഹുലും(4) കാര്യമായി ഒന്നും ചെയ്തില്ല. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി പുതുമുഖ പേസര്‍ നാന്‍ഡ്രെ ബര്‍ഗര്‍ നാല് വിക്കറ്റ് നേടി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജാന്സെന് മൂന്ന് വിക്കറ്റും റബാഡ രണ്ട് വിക്കറ്റും നേടി പിന്തുണ നല്കി. ഭാരതത്തിന്റെ ജസ്പ്രീത് ബുംറ റണ്ണൗട്ടായി.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡീന്‍ എല്‍ഗാര്‍ നേടിയ സെഞ്ചുറി(185) കരുത്താണ് അവര്‍ക്ക് 408 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുക്കാനായത്. മാര്‍കോ ജാന്‍സെന്റെയും(84) ഡേവിഡ് ബെഡിങ്ഹാമിന്റെയും(56) അര്‍ദ്ധ സെഞ്ചുറി പ്രകടനത്തിന്റെ പിന്‍ബലവും ആതിഥേയര്‍ക്ക് കരുത്തായി. ഡീന്‍ എല്‍ഗാര്‍ ആണ് കളിയിലെ താരം. ഭാരതത്തിനായി ബുംറ നാല് വിക്കറ്റ് നേടി. സിറാജ് രണ്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: