ബെംഗളൂരു: മംഗളൂരു – മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ആരംഭിച്ചു. ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീലിന്റെയും, മംഗളൂരുവിലെ മറ്റ് എംഎൽഎമാരുടെയും സാന്നിധ്യത്തിലാണ് ട്രയൽ റണ്ണിന്റെ ഫ്ലാഗ് ഓഫ് നടന്നത്. ട്രയൽ റൺ വിജയകരമായാൽ സർവിസ് ഈ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.
മംഗളൂരു സെൻട്രലിനും ഗോവയിലെ മഡ്ഗാവിനും ഇടയിലായിരിക്കും ട്രെയിൻ സർവിസ് നടത്തുക. മംഗളൂരുവിൽ നിന്നുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസാണിത്. മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് ഉച്ച 1.05 ന് മഡ്ഗാവിൽ എത്തിച്ചേരും. മടക്കയാത്ര മഡ്ഗാവിൽ നിന്ന് വൈകുന്നേരം 6.10ന് പുറപ്പെട്ട് രാത്രി 10.45ന് മംഗളൂരു സെൻട്രലിൽ എത്തിയേക്കും. ഉഡുപ്പിയിലും കാർവാറിലും സ്റ്റോപ് ഉണ്ടാവും. ചൊവ്വ ഒഴികെ ആഴ്ചയിൽ ആറ് ദിവസമാവും ട്രെയിൻ സർവീസ്.
മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് മഡ്ഗാവിലേക്ക് 320 കിലോമീറ്റർ ദൂരമുണ്ട്. നാലര മണിക്കൂറാണ് വന്ദേ ഭാരതിന് ഈ ദൂരം സഞ്ചരിക്കാൻ വേണ്ടിവരിക. മംഗളൂരു സെൻട്രലിൽ പുതുതായി നിർമിച്ച രണ്ട് അധിക പ്ലാറ്റ്ഫോമുകളും ഇതേസമയം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ദക്ഷിണ കന്നട എംപി നളിൻ കുമാർ കട്ടീൽ സെപ്റ്റംബർ 22ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ മംഗളൂരു-മഡ്ഗാവ്, മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-ബെംഗളൂരു എന്നീ വന്ദേഭാരത് സർവിസുകൾക്കായി ആവശ്യം ഉന്നയിച്ചിരുന്നു.
സുബ്രഹ്മണ്യ റോഡ് സ്റ്റേഷനും സകലേഷ്പുർ സ്റ്റേഷനും ഇടയിലുള്ള വൈദ്യുതീകരണം പൂർത്തിയാകുന്ന മുറക്ക് ബെംഗളൂരു സർവീസിനു അനുവദിക്കാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: