മുംബൈ: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സ് തടഞ്ഞുവച്ച വിമാനത്തിലെ 280 പേരെയും പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിച്ചു.
എയര്‍ ഇന്ത്യയുടെ എ 340 എയര്‍ബസിലാണ് ഇവരെ എത്തിച്ചത്. കൂടുതലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ലാന്‍ഡ് ചെയ്ത് അഞ്ചു മണിക്കൂറിനുശേഷം പുറത്തുവന്ന യാത്രക്കാര്‍ സ്വന്തം പേരു പോലും വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. തൊപ്പിവച്ചും മറ്റും മുഖം മറച്ച് നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങളായി പുറത്തുവന്ന ഇവര്‍ മാധ്യമപ്രവര്‍ത്തകരോടു പോലും സംസാരിച്ചില്ല. റൊമാനിയയുടെ ലജന്‍ഡ് എയര്‍ലൈന്‍സില്‍ ഫ്രാന്‍സില്‍ എത്തിയ ഇവരെ മനുഷ്യക്കടത്ത് സംശയിച്ച് നാലഞ്ചു ദിവസം മുന്‍പാണ് ഫ്രാന്‍സ് തടഞ്ഞുവച്ചത്.
വിമാനത്തിലെ 280 പേര് ഭാരതീയരാണെന്ന് വ്യക്തമായതോടെ ഫ്രാന്‍സ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു. ഭാരതത്തില്‍ നിന്നോ തിരിച്ചോ ലജന്‍ഡ് എയര്‍ലൈന്‍സിന് സര്‍വീസ് ഇല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ എ 340 എയര്‍ബസ് പ്രത്യേകമായി അയച്ചു നല്‍കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയ്ക്ക് മുംബൈ വിമാനത്താളവളത്തില്‍ എത്തിയ മുഴുവന്‍ പേരെയും ഇമിഗ്രേഷന്‍ വകുപ്പും സിബിഐയും ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തു വിട്ടത്.
അന്വേഷണം തുടങ്ങും
ഇവരെ ആര്, ഏതുവിധത്തിലാണ് പുറത്തേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ സിബിഐയും ഇമിഗ്രേഷന്‍ വകുപ്പും വിപുലമായ അന്വേഷണം നടത്തും. ഇവരില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ എല്ലാം ഇന്നലെ പുലര്‍ച്ചെതന്നെ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍വിലാസവും ഫോണും അടക്കമുള്ള വിവരങ്ങള്‍ കൈയിലുള്ളതിനാല്‍ സിബിഐക്കും ഇമിഗ്രേഷന്‍ വകുപ്പിനും ഇത് എളുപ്പവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: