കണ്ണൂര്‍: ഏകത്വവും അനശ്വരതയും കാട്ടിത്തരുന്ന അദൈ്വതബോധത്തിലേക്ക് ഭക്തരെ ഉയര്‍ത്തുന്ന ദര്‍ശനമാണ് അയ്യപ്പദര്ശനമെന്ന് പുതുശ്ശേരി നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്. ശെല്‍വം. കണ്ണൂര്‍ പള്ളിക്കുളം യോഗീശ്വര മണ്ഡപ ക്ഷേത്ര സമുച്ചയത്തില്‍ നടക്കുന്ന സ്വാമി അയ്യപ്പദര്‍ശനസംഗമത്തോടനുബന്ധിച്ച് ചേര്‍ന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലതീതവും ദേശാതീതവുമായ അയ്യപ്പദര്ശനങ്ങള്ക്ക് ഭാരതീയ സംസ്കാരത്തില്‍ വളരെ വലിയ പ്രാധാന്യമാണുളളത്. വ്രതാനുഷ്ഠാനത്തിലൂടെ മനസും ശരീരവും ശുദ്ധീകരിച്ച് അയ്യപ്പമന്ത്രങ്ങളാല്‍ മനസ്സിനെ ശക്തമാക്കി നല്ലൊരു ജീവിതം കൈവരിക്കുവാന്‍ അയ്യപ്പദര്‍ശനങ്ങള്‍ നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സേവാ ട്രസ്റ്റ് നടത്തുന്ന സ്വാമി അയ്യപ്പദര്ശനസംഗമം പോലുളള പരിപാടികള്‍ അയ്യപ്പ ദര്‍ശനങ്ങള്‍ സാമൂഹ്യ മനസ്സില്‍ ആഴത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ദേശീയപാത വഴി കടന്നു പോകുന്ന കര്ണാടകമടക്കമുളള ഇതര ദേശങ്ങളില്‍ നിന്നുളള അയ്യപ്പഭക്തര്‍ക്ക് ഏറെ ഉപകാരപ്രദമായ ഇടമാണ് യോഗീശ്വര മണ്ഡപം. നാടിന്റെ ഐശ്വര്യം വര്‍ദ്ധിക്കുന്നതിന് ഇത്തരം സംഗമങ്ങള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് വി. മണികണ്ഠന് അധ്യക്ഷത വഹിച്ചു. കുരുക്ഷേത്ര പബ്ലിക്കേഷന്‍സ് എംഡി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹഭാഷണം നടത്തി. കെ.പി. ജയപാലന്, സി.സി. ദിനേശന്, എ.പി. നമ്പൂതിരി, എം. മിത്രന്, വി. ജയരാജന് എന്നിവര്‍ സംസാരിച്ചു. പി.ടി. രമേശന് സ്വാഗതവും എന്‍.എം. ജയരാജന് നന്ദിയും പറഞ്ഞു. പളളിക്കുളം സേവാ ട്രസ്റ്റിന്റെ സേവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുളള ഉപഹാരങ്ങളുടെ വിതരണോദ്ഘാടനവും പുതുശ്ശേരി സ്പീക്കര്‍ നിര്‍വ്വഹിച്ചു.
ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ശബരിമല മുന്‍ മേല്‍ശാന്തി കൊട്ടാരം ജയരാമന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ പങ്കെടുത്തു കൊണ്ട് അയ്യപ്പ പൂജ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: