എം. വെങ്കയ്യ നായിഡു
മുന്‍ ഉപരാഷ്ട്രപതി
ഇന്ന് ഭാരതം സദ്ഭരണദിനം ആഘോഷിക്കുകയാണ്. എന്റെ ആചാര്യനും ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമാണ് സദ്ഭരണദിനമായി നാം ആഘോഷിക്കുന്നത്. ഇന്ന് സര്‍ദാര്‍ പട്ടേലിനെയും അത്യാദരപൂര്‍വം ഞാന്‍ സ്മരിക്കുന്നു. ജനകേന്ദ്രീകൃത സദ്ഭരണത്തിന് അടിത്തറയിട്ടതും രാജ്യത്തെ ഉന്നത സിവില്‍ സര്‍വീസ് മേഖലയെ വാര്‍ത്തെടുത്തതും പട്ടേലിന്റെ ദീര്‍ഘവീക്ഷണമാണ്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍മാര്‍ക്ക് 1947ല്‍ അദ്ദേഹം നല്കിയ ഉപദേശം ഇന്നും ഏറെ പ്രസക്തമാണ്. ”ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന പാരമ്പര്യമായിരുന്നു നിങ്ങളുടെ മുന്‍ഗാമികളുടേത്. എന്നാല്‍ സാധാരണമനുഷ്യരെ സ്വന്തമെന്ന പോലെ കാണേണ്ടത് നിങ്ങളുടെ കടമയാണ്.” അതേ പാതയില്‍ ഭരണ സംവിധാനരൂപകല്പനയില്, അതിന്റെ കേന്ദ്രസ്ഥാനത്ത് ജനങ്ങളെയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ‘പരിഷ്ക്കരിക്കുക, പ്രാവര്‍ത്തികമാക്കുക, പരിവര്‍ത്തനം ചെയ്യുക’ എന്ന ആഹ്വാനത്തിലൂടെ സദ്ഭരണത്തിന്റെ ഭാഷയും വ്യാകരണവും മാറ്റിയെടുത്തിരിക്കുകയാണിന്ന്.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ വികസനത്തിന്റെ ക്യാന്വാസിന് ഒരുപാടു മാറ്റം വന്നു. അതുപോലെ മുന്‍വര്‍ഷങ്ങളിലൊന്നും കൈവരിച്ചിട്ടില്ലാത്തത്രയും പ്രാധാന്യം ഭരണത്തിന് കെവന്നു. സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും നാടകീയമായ മാറ്റം കൈവന്നിരിക്കുന്നു. സ്വാതന്ത്ര്യം നേടി നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രതിബദ്ധത രാജ്യം പുതുക്കുമ്പോള്‍ അത് ചരിത്രയാത്രയിലെ നിര്‍ണായക നിമിഷമാകുകയാണ്. വളര്‍ച്ചയുടെയും വികാസത്തിന്റെയും ചരിത്രത്തില്‍ നിന്ന് ഒരാള്‍പോലും ഒഴിവാക്കപ്പെടുന്നത് ആഗ്രഹിക്കാത്ത ഒരു രാഷ്ട്രമാണിത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മോദി സര്‍ക്കാര്‍ ജനങ്ങളുടെ കഴിവില്‍ അഭൂതപൂര്‍വമായ വിശ്വാസം അര്‍പ്പിക്കുകയും ജനകീയപങ്കാളിത്തത്തിലൂടെ വിജയകരമായ ഒട്ടേറെ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു.
സ്വച്ഛത അല്ലെങ്കില്‍ ശുചിത്വം ഒരു ജനകീയമുന്നേറ്റമായി വിഭാവനം ചെയ്യുന്ന സര്‍ക്കാരാണിത്. ജന്‍ഭാഗിദാരി അഥവാ പൊതുജന പങ്കാളിത്തമെന്നത്, പദ്ധികള്‍ പ്രായോഗികമാക്കുന്നതിന്റെ മുഖ്യ അടിസ്ഥാനമായി മാറിയിരിക്കുന്നു. മാറ്റത്തിന്റെ ‘ഏജന്റു’മാരായി മാറിയ ജനത അവരുടെ ജീവിതത്തെ മികവുറ്റതാക്കാന്‍ വിവരങ്ങള്‍ സ്വായത്തമാക്കിയും അറിവുനേടിയും വളരെയധികം ശാക്തീകരിക്കപ്പെടുന്നു. ഇങ്ങനെ ജനകേന്ദ്രീകൃതമായ വികസന മാതൃകയിലൂടെ, സദ്ഭരണം അഥവാ ‘സുശാസന്‍’ എന്നത് സാമൂഹിക നവീകരണത്തിനുള്ള മികവുറ്റമാര്ഗമായി മാറിയിരിക്കുന്നു. അതുപോലെ സ്വാതന്ത്ര്യത്തിന്റെ അല്ലെങ്കില്‍ സ്വരാജ്യത്തിന്റെ നേട്ടങ്ങളെ നല്ലൊരു ഭരണത്തിലേക്ക് അല്ലെങ്കില്‍ സുരാജ്യമെന്ന വ്യവസ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള മികച്ച ഘടകമായും സദ്ഭരണം മാറിയിരിക്കുന്നു. ‘സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ (എല്ലാവര്ക്കും പിന്തുണ, എല്ലാവര്ക്കും വികസനം, എല്ലാവരുടെയും വിശ്വാസം നേടിയെടുക്കല്‍) എന്നിങ്ങനെ തന്റെ അനുകരണീയമായ ശൈലിയിലുള്ള വികസന ചട്ടക്കൂട് ആവിഷ്കരിച്ചുകൊണ്ട്, പ്രധാനമന്ത്രി ഈ പരിവര്‍ത്തന യാത്രയെ മുന്നില്‍ നിന്ന് ദൃഢതയോടെ നയിച്ചു. ‘സബ്കാ പ്രയാസ്’ (എല്ലാവരുടെയും പരിശ്രമം) വഴി പൗരത്വബോധത്തിന്റെയും പങ്കാളിത്ത വികസനത്തിന്റെയും ഘടകങ്ങളും ഇതിലേക്ക് ചേര്‍ത്തു.
ഇക്കഴിഞ്ഞ ഡിസംബര്‍ 21ന് ദി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു: ‘നമ്മുടെ രാജ്യം ഒരു ടേക്ക് ഓഫിന്റെ നെറുകയിലാണ്്’. ദേശീയ വികസനത്തിന്റെ വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച ശ്രദ്ധേയവും അതിവേഗതയേറിയതുമായ മുന്നേറ്റങ്ങള്‍ ഈ കുതിച്ചുചാട്ടത്തിലെത്താനുള്ള ശക്തി നമുക്കുനല്കി. ദാരിദ്ര്യ നിര്‍മ്മാര്‍ജനം മുതല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പോരാട്ടം വരെ, അടിസ്ഥാന സാക്ഷരതശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ ദൗത്യം മുതല്‍ ലോകോത്തര സര്‍വ്വകലാശാലകള്‍ രൂപീകരിക്കുന്നതു വരെ, വന്‍ സാമ്പത്തിക പദ്ധതികള്‍ മുതല്‍ ഫലപ്രദമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വരെ, ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക റെയില്‍, വ്യോമയാന മേഖല തുടങ്ങി ശ്രദ്ധേയമായ ബഹിരാകാശദൗത്യങ്ങള്‍ വരെ, സാങ്കേതിക വിദ്യയിലെയും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെയും മികച്ച മുന്നേറ്റം മുതല്‍ കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതുവരെയുള്ള ഈ നേട്ടങ്ങളുടെ നിര ശരിക്കും അതിശയിപ്പിക്കുന്നതാണ്. മുന്നോട്ടുള്ള പാത, വെല്ലുവിളി നിറഞ്ഞതാണെന്ന് നിസ്സംശയം പറയാം. നിലവിലുള്ള ഭരണസംവിധാനങ്ങളെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തണം. അതോടൊപ്പം അവയെ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ശ്രദ്ധചെലുത്തണം. നിലവിലുള്ള നിയമങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയുടെ നിര്‍ണായകമായ വിലയിരുത്തലിലൂടെ മാത്രമേ നമ്മള് വിഭാവനം ചെയ്യുന്ന പരിവര്‍ത്തനം സാധ്യമാകൂ, അവ കഴിയുന്നത്ര ജനസൗഹൃദമാക്കുകയും സുതാര്യവും വ്യക്തവും ആളുകള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഉപയോക്തൃസൗഹൃദമായി അറിയിക്കുകയും ചെയ്യുന്നുണ്ട്. ഈ പരിഷ്കരണ പ്രക്രിയയ്ക്ക് നമ്മുടെ രാജ്യത്തെ പ്രബുദ്ധ നേതൃത്വത്തിന്റെ ശ്രദ്ധയും ലഭിച്ചിട്ടുണ്ട്. അതുപോലെ പഴയ നിയമങ്ങള്‍ പലതും റദ്ദാക്കപ്പെടുകയും ചിലത് ലളിതമാക്കുകയും പുതിയ ചില നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാക്കുകയും ചെയ്തതില്‍ സന്തോഷമുണ്ട്.
ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും താന്‍ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ തന്റെ പങ്കിനെക്കുറിച്ചും ചുമതലകള്‍ തീര്‍ക്കാന്‍ ആവശ്യമായ സമയപരിധിയെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ നല്ല ഭരണമെന്നത് സുസാധ്യമാണ്. പരിശീലനത്തിലൂടെയും മാര്‍ഗനിര്‍ദേശങ്ങളിലൂടെയും പ്രവര്‍ത്തകരുടെ കാര്യക്ഷമത നിരന്തരമായി വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പരമ്പരാഗത ‘കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്’ സംവിധാനങ്ങളെ ആശ്രയിക്കുന്നതിനു പകരം പ്രവര്‍ത്തകരുടെ കഴിവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയയും അത് സുഗമമാക്കുന്നതിനുള്ള കാര്യനിര്‍വഹണ രീതിയും ഭരണനേതൃത്വവും നവീകരിക്കേണ്ടതുണ്ട്. മറ്റുള്ളവരെ കേള്‍ക്കുകയെന്ന കല നേതാക്കള്‍ വളര്‍ത്തിയെടുക്കണം. ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്ന, ജനങ്ങളുടെ ശബ്ദം ശ്രദ്ധാപൂര്‍വം ശ്രവിക്കുന്ന സര്‍ക്കാര്‍ ജനാധിപത്യ ഭരണവ്യവസ്ഥയ്ക്ക് അനിവാര്യമാണ്. ഭരണസംവിധാനമെന്നത് ത്വരിതഗതിയിലുള്ള പഠന സ്ഥാപനമായിരിക്കണം, വിശ്വസനീയമായ ഡാറ്റകള്‍ ശേഖരിക്കുകയും തിരുത്തി മുന്നേറാനുള്ള മേഖലകള്‍ പ്രത്യേകം വിശകലനം ചെയ്യുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം പ്രവര്‍ത്തിക്കുകയും വേണം.
ആരെയും ഉപേക്ഷിക്കാതെ, തുല്യതയോടെ വളര്‍ച്ച കൈവരിക്കുന്നുവെന്ന് ഉറപ്പാക്കുക. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിച്ചേരുന്നതിനും ഇടപാട് ചെലവുകളും അഴിമതിയും കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചു. ഓണ്‍ലൈന്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ലാസ്റ്റ് മൈല്‍ ഡെലിവറിയെന്നത് ഏറ്റവും അവസാനത്തെ കണ്ണിക്കുവരെ സാങ്കേതികവിദ്യയുടെ ക്രിയാത്മക ഉപയോഗത്തിന്റെ പ്രയോജനം കിട്ടുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുകയാണ് നമ്മള്. സത്യാധിഷ്ഠിതമായ സദ്ഭരണം, മൂല്യങ്ങള്‍, ധര്‍മ്മം, ജനശബ്ദത്തോടുള്ള ബഹുമാനം, വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള സഹവര്‍ത്തിത്വം എന്നിവയുടെ മകുടോദാഹരണമായിരുന്നു അയോധ്യാപതിയായ രാമന്. ഭാരതത്തിന്റെ ബൃഹത്തായ ചരിത്രത്തില്‍ സദ്ഭരണത്തിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അവയില്‍ നിന്ന് നാം പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ഭരണസംവിധാനങ്ങള്‍ നിര്‍വചിക്കേണ്ടതുണ്ട്. പ്രതിബദ്ധതയുടെ പാതിലൂടെയാണ് നമ്മള് ചലിക്കുന്നതെന്ന് ഉറപ്പുവരുത്തണം. നമ്മുടെ ജീവിതത്തിന്റെ ചുറ്റുവട്ടത്ത് കരുതലുള്ള, പരസ്പരം പങ്കിടുന്ന, വളര്‍ച്ചയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കണം. അതിന്റെ പോരായ്മകള്‍ അംഗീകരിക്കാനും അവ മറികടക്കാന്‍ ധൈര്യമുള്ളതുമായിരിക്കണം. അത് നമ്മുടെ തീരുമാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും സ്വാധീനം, നമ്മുടെ ജീവിത നിലവാരം, സഹജീവികളുടെ ജീവിത നിലവാരം എന്നിവയെ നിരന്തരം പ്രതിഫലിപ്പിക്കും. സുശാസിത് ഭാരതത്തിലൂടെ നമുക്ക് വികസിത് ഭാരത് @2047 ലേക്ക് മുന്നേറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: