കാഴ്ചയുള്ള ലോകം എങ്ങനെയെന്നറിയില്ല. പക്ഷേ എന്റെ ഈ ലോകം സംഗീതത്താല്‍ പരമസുന്ദരമാണ്. കൊല്ലം അഞ്ചാലുംമൂട് ചിറ്റയം സ്വദേശിയും ഗായകനുമായ വേലായുധന്റെ വാക്കുകളാണിത്. ജന്മനാ കാഴ്ചയില്ലാത്ത വേലായുധന്റെ ചെറുപ്പത്തില്‍ എപ്പഴോ ഒപ്പം കൂടിയ കൂട്ടുകാരനാണ് സംഗീതം. ഇരുട്ടിന്റെ വഴിയെ സഞ്ചരിക്കുമ്പോള്‍ പുതിയ ലോകത്തെ കാണിച്ചുതന്ന സ്വരങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനാണ് വേലായുധനിഷ്ടം. അമ്മയാണ് വേലായുധന്റെ ഉള്ളിലെ പാടാനുളള കഴിവിനെ ആദ്യം തിരിച്ചറിയുന്നത്.
16-ാം വയസിലാണ് വേലായുധന് സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്. പെരുമണ്‍ ഗംഗാധരനാണ് ആദ്യഗുരു. ഗായികയായ സഹോദരി സുജാതയ്ക്കൊപ്പം 1990കളില്‍ കച്ചേരി നടത്താന്‍ തുടങ്ങി. കൊല്ലം പെരുമണ്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലാണ് ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. ചിറ്റയം ചെറുകര ഭദ്രാദേവി ക്ഷേത്രം കുടുബ ക്ഷേത്രമാണ്. ക്ഷേത്രത്തോട് ചേര്‍ന്നാണ് വീടും. ഇഷ്ടദേവതയായ ദേവിയുടെ ഗീതങ്ങള്‍ പാടാനാണ് ഏറെയിഷ്ടം.
ബ്ലൈന്‍ഡ് സ്കൂളില്‍ പഠിച്ചെങ്കിലും ഇടയ്ക്ക് പഠനം നിര്‍ത്തേണ്ടി വന്നു. എസ്എസ്എല്‍സി പ്രൈവറ്റായി എഴുതി പാസായി. 1991ല്‍ എസ്ബി സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ സംഗീതം അഭ്യസിച്ച് ഫസ്റ്റ് ക്ലാസോടുകൂടി പാസായി.
20-ാം വയസില്‍ സംഗീത ക്ലാസുകള്‍ എടുത്തു തുടങ്ങി. കൊവിഡ് കാലഘട്ടത്തില്‍ പാട്ടിന് വരികള്‍ ചിട്ടപ്പെടുത്തിയും സംഗീതത്തില്‍ പുതിയ പഠനങ്ങള്‍ നടത്തിയുമായിരുന്നു സമയം ചെലവഴിച്ചത്. ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞന് ഡോ. ബാലമുരളി കൃഷ്ണയാണ്. അദ്ദേഹം ശാസ്ത്രീയ സംഗീതത്തിന്റെ സമ്പ്രദായ രീതി മരിക്കുംവരെ കൊണ്ടുനടന്നിട്ടുണ്ടെന്നും പുതുമയുള്ള രാഗങ്ങള്‍ കണ്ടെത്താറുണ്ടായിരുന്നെന്നും വേലായുധന് പറഞ്ഞു.
യുവഗായകരില്‍ ശ്രേയാ ഘോഷാല്‍, മഞ്ജരി എന്നിവരുടെ പാട്ടുകളോടാണ് താല്‍പ്പര്യം. ഭക്തിഗാനങ്ങള്‍ ആലപിക്കുമ്പോള്‍ താന്‍ പോലുമറിയാതെ പാട്ടില്‍ ഇഴുകി ചേരാറുണ്ട്. വിശ്വമോഹിനി ജഗദംബികേ ദേവി…, അഞ്ജന ശിലയില്‍ ആദിപരാശക്തി…, പമ്പയ്ക്ക് പൊന്‍കണി… എന്നീ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ എന്തോ മാന്ത്രികോര്‍ജം അനുഭവപ്പെടാറുണ്ടെന്ന് വേലായുധന് പറയുന്നു.
പരിശുദ്ധ ഭക്തിയുടെ അടയാളമാകാം പാട്ടിലെ ധ്വനിക്ക് മാറ്റുകൂട്ടുന്നത്. ഫഌവേഴ്സ് ടോപ്സിങ്ങര്‍ പരിപാടിയിലെ കുട്ടികളുടെ പാട്ടുകള്‍ കേട്ടാല്‍ തൊഴുതു പോകുമെന്നാണ് വേലായുധന് പറയുന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുന്നത് സ്വപ്നം കാണാന്‍ കഴിയാത്ത അവസരങ്ങളാണെന്നാണ് അഭിപ്രായം.
പണയില്‍ ഗവ. എച്ച്എസ്എസ് സ്കൂളില്‍ സംഗീതഗുരുവായി മൂന്നു വര്‍ഷം സേവനമനുഷ്ഠിച്ച വേലായുധന് നിലവില്‍ പനയം നോര്‍ത്ത് ഗവ. എല്‍പിഎസിലാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്. 200 കുട്ടികളാണ് നിലവില്‍ പാട്ടു പഠിക്കാനെത്തുന്നത്. വീട്ടിലും സംഗീത ക്ലാസ് നടത്തുന്നുണ്ട്. കുട്ടികള്‍ക്ക് സംഗീതത്തില്‍ ശിക്ഷണം കൊടുക്കുന്നത് വേലായുധന്റെ ഇഷ്ട വിനോദം കൂടിയാണ്.
ശാസ്ത്രീയ സംഗീതത്തിന് പുറമേ നാടന്‍ പാട്ടുകളോട് എക്കാലത്തും വേലായുധന് വാത്സല്യം ഉണ്ട്. കൂടുതലും കലാഭവന്‍ മണിയുടെ പാട്ടുകളാണ് ഇഷ്ടം. ഓടപ്പഴം ‘പോലൊരു പെണ്ണിന്…’ പോലുള്ള ഗാനങ്ങള്‍ പാടുമ്പോള്‍ മണിയുടെ ശൈലികളും ഒപ്പിയെടുക്കാന്‍ ശ്രമിക്കാറുണ്ട്.
സമാനതകളില്ലാത്ത കലാകാരനെന്നാണ് മണിയെ വിശേഷിപ്പിക്കുന്നത്. കാഴ്ച ശൂന്യമായ ജീവിതത്തെ ഓര്‍ത്ത് ദുഃഖിച്ചിരിക്കാതെ വീട്ടുകാരും കൂട്ടുകാരും തന്റെ ശിഷ്യരുമായും ഫലിതങ്ങള്‍ പറഞ്ഞ് കളിച്ചും ചിരിച്ചുമിരിക്കുന്ന പ്രകൃതക്കാരാനാണ് വേലായുധന്.
പാട്ട് ഉള്‍പ്പടെ ഏതു കാര്യത്തിനും പ്രചോദനവുമായി സഹോദരി സുജാതയും ഒപ്പമുണ്ട്. പാട്ടുകളുടെ വരികള്‍ ഒരു തവണ കേട്ടാല്‍ മതി വേലായുധന് ഹൃദിസ്ഥമാക്കാന്‍. മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകളും നിമിഷങ്ങള്‍ക്കകം ഓര്‍ത്തെടുത്ത് പറയാനുള്ള കഴിവും ഒരത്ഭുതം തന്നെയാണ്.
1999ലും 2006 ലും മികച്ച ഗായകനുള്ള കമുകറ ഫൗണ്ടേഷന് അവാര്‍ഡും 1998 ല്‍ ഫൈനാന്‍സ് സൊസൈറ്റി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പുനര്‍ജനിക്കുമെന്ന ആശയം സത്യമാണെങ്കില്‍ അടുത്ത ജന്മത്തിലും ഒരു സംഗീതജ്ഞനാവാനാണ് തനിക്കിഷ്ടമെന്നാണ് വേലായുധന്റെ അഭിപ്രായം.
ഇതിനൊപ്പം ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മ’മെന്ന് വേലായുധന് പാടി ച്ചേര്‍ത്തു. സംഗീതം ലോകത്തിലെ ഔഷധമാണെന്നും സംഗീതത്തെ സ്നേഹിക്കുകയും ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്നാണ് പുതുതലമുറയ്ക്ക് നല്‍കാനുള്ള വേലായുധന്റെ സന്ദേശം. അച്ചന്: പരേതനായ ബാലകൃഷ്ണപിള്ള. അമ്മ: പരേതയായ ഓമന. സഹോദരങ്ങള്‍: ശോഭ, വല്‍സല, ഗീത, സുജാത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: