തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം പന്തം കൊളുത്തി പ്രതിഷേധം നടത്തും.
യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു മാര്‍ച്ചുകളില്‍ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇന്ന് ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രകടനം നടത്തിയത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവി വി ഡി സതീശന് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തുളളപ്പോഴാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.
നേതാക്കളുടെ പ്രസംഗത്തിനിടെ ഒരു വശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതിന് പിന്നാലെയാണ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്താണ് ഒരു കണ്ണീര് വാതക ഷെല്ല് വീണത്. കെ സുധാകരനുള്‍പ്പെടെ നേതാക്കള്‍ക്കാകെ അസ്വാസ്ഥ്യം നേരിട്ടു.
നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയ പ്രവര്‍ത്തകര്‍ കെപിസിസി ഓഫീസ് സ്ഥിതി ചെയ്യുന്ന വെള്ളയമ്പലം ഭാഗത്തേക്ക് പോയി. ഇവിടെ റോഡ് ഉപരോധം നടത്തിയത് വലിയ ഗതാഗത തടസം ഉണ്ടാക്കി.
തുടര്‍ന്ന് കെപിസിസി നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രതിഷേധം സംസ്ഥാന വ്യാപകമാക്കാന്‍ തീരുമാനിച്ചു. പൊലീസിലെ ഗുണ്ടകള്‍ അക്രമം നടത്തിയെന്ന് കെ സുധാകരന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിമര്‍ശനം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: