കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പത്തുദിവസത്തിനകം അഡ്വ. മനു ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങണമെന്നും അറസ്റ്റ് ചെയ്താല്‍ അതേ ദിവസം മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി കാലതാമസമില്ലാതെ പരിഗണിക്കാനും ജസ്റ്റിസ് പി. ഗോപിനാഥ് നിര്‍ദേശിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ തന്നെ മനു പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മനു ഒളിവിലാണ്. തൊഴില്‍മേഖലയിലെ ശത്രുക്കള്‍ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മനുവിന്റെ വാദം. തന്നെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് അയച്ചാല്‍ താന്‍ പ്രോസിക്യൂട്ടറായിരുന്ന കേസിലെ പ്രതികള്‍ ജയിലില്‍ തന്നെ ഉപദ്രവിക്കാനിടയുണ്ടെന്നും വ്യക്തമാക്കി. തന്നെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ കെട്ടി ചമച്ച കേസാണിതെന്നും ഹര്ജിക്കാരന് ആരോപിച്ചു.
എന്നാല്‍ സര്‍ക്കാരും പരാതിക്കാരിയും ഈ വാദങ്ങള്‍ എതിര്‍ത്തു. പീഡനത്തെത്തുടര്‍ന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായെന്നും ഇതിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പ്രോസിക്യൂഷന് വാദിച്ചു. താന്‍ ഉള്‍പ്പെട്ട മറ്റൊരു കേസില്‍ നിയമസഹായം തേടിയാണ് യുവതി അഡ്വ. മനുവിനെ സമീപിച്ചത്. യുവതിയെ പിന്നീട് വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: