വാഷിങ്ടണ്‍: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ സന്ദേശവുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂറ്റന്‍ കാര്‍ റാലി. അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് കാറുകള്‍ അണിനിരന്ന റാലി നടന്നത്. ശ്രീരാമന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കൊടികളുമായാണ് കാറുകള്‍ റാലിയില്‍ പങ്കെടുത്തത്.
വാഷിങ്ടണിലെ ഫ്രെഡറിക് സിറ്റി മേരിലാന്‍ഡിന് സമീപമുള്ള അയോധ്യാ വേയില്‍ ശ്രീഭക്ത ആഞ്ജനേയ ക്ഷേത്രത്തില്‍ നിന്നാണ് റാലി പുറപ്പെട്ടത്. റാലിക്ക് മുന്നോടിയായി ക്ഷേത്രത്തില്‍ ഭക്തജനസമ്മേളനം നടന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനം വരെ തുടരുന്ന രാമലീലാ മഹോത്സവങ്ങള്‍ക്ക് റാലിയോടെ തുടക്കം കുറിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക ഡിസി ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ മഹേന്ദ്ര സാപ പറഞ്ഞു.
ശ്രീരാമന്റെ ജീവിത കഥ അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍, പ്രഭാഷണങ്ങള്‍, നാടന്‍ പാട്ടുകള്‍, ഭജനകള്‍ തുടങ്ങിയവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. അമേരിക്കയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് മനസിലാകും വിധത്തില്‍ ശ്രീരാമന്റെ ജീവിത കഥ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളും അവതരിപ്പിക്കും.
അഞ്ഞൂറ് വര്‍ഷത്തെ പോരാട്ടത്തിനും ബലിദാനങ്ങള്‍ക്കും സഹനസമരങ്ങള്‍ക്കും നിയമയുദ്ധത്തിനും ശേഷമാണ് ശ്രീരാമക്ഷേത്രമെന്ന നീതി ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ആഘോഷിക്കാനുള്ള മുഹൂര്‍ത്തമാണ്. രാമന് ഹിന്ദുജനതയുടെ സ്വാഭിമാനമാണ്. അഭിമാനം വീണ്ടെടുക്കുന്ന ഈ മഹോത്സവം അമേരിക്കയില്‍ വലിയ തോതില്‍ ആഘോഷിക്കും.
ജനുവരി 20ന് വാഷിങ്ടണ്‍ ഡിസിയില്‍ ആയിരം കുടുംബങ്ങള്‍ ഒത്തുചേരുന്ന മഹാസമ്മേളനം സംഘടിപ്പിക്കുമെന്ന് മഹേന്ദ്ര സാപ പറഞ്ഞു.
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും രാമകഥാപ്രവചനവും ഭക്തിഗാനാലാപനവും കാര്‍ റാലിയുടെ ഭാഗമായി നടന്നു. വിഎച്ച്പിഎ ഡിസി ചാപ്റ്റര്‍ സെക്രട്ടറി പ്രേംകുമാര്‍ എല്ലാവരെയും അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണിച്ചു. ഹിന്ദുസംഘടനാ നേതാക്കളായ കൃഷ്ണ ഗുഡിപതി, അങ്കുര്‍ മിശ്ര തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: