വാരാണസി: കാശി തമിഴ് സംഗമത്തെ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടില്‍ നിന്ന് കാശിയിലേക്ക് എത്തുക എന്നത് മഹാദേവന്റെ ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് എത്തുന്നതിന് തുല്യമാണ്.
കാശിയിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം അത്രയേറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിസംബര്‍ 30 വരെ നീളുന്ന സാംസ്കാരിക പരിപാടികളാണ് കാശി തമിഴ് സംഗമത്തിന്റെ ഭാഗമായി വാരാണസിയില്‍ നടക്കുന്നത്.
കന്യാകുമാരി-വാരാണസി കാശി തമിഴ് സംഗമം ട്രെയിനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടില്‍ നിന്ന് കാശി സംഗമത്തിനായി പ്രത്യേക ട്രെയിനും പുറപ്പെട്ടു. 200 പേര് വീതമുള്ള 7 ഗ്രൂപ്പുകളാണ് തമിഴ്നാട്ടില്‍ നിന്ന് വാരാണസിയിലേക്കെത്തുന്നത്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, ആധ്യാത്മികാചാര്യന്മാര്, കര്‍ഷകരും കലാകാരന്മാരും, എഴുത്തുകാര്‍, വ്യാപാരികള്‍ എന്നിങ്ങനെയുള്ള ഏഴു സംഘങ്ങളാണ് ആദ്യ ട്രെയിനില്‍ എത്തുക.
ഇവര്‍ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലും അയോധ്യയിലും സന്ദര്‍ശനം നടത്തി മാത്രമേ മടങ്ങൂ. 42,000 അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത 1,400 പേരാണ് ട്രെയിനില്‍ എത്തുന്നത്. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയമാണ് കാശി തമിഴ് സംഗമത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്നത്. ഐഐടി മദ്രാസും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുമാണ് മറ്റു ചുമതലക്കാര്‍.
ഇരുസംസ്ഥാനങ്ങളിലെയും സാംസ്കാരിക, പൈതൃക, വാണിജ്യ, കല, കരകൗശല മികവുകള്‍ പരസ്പരം പങ്കുവെയ്ക്കാനുള്ള വേദികൂടിയാണ് കാശി തമിഴ് സംഗമം. കാശി തമിഴ് സംഗമത്തിന്റെ ചുമതല നിര്‍വഹിക്കാനായത് അഭിമാന നിമിഷമാണെന്നും കാശിയും തമിഴ്നാടും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിശക്തമായ ബന്ധമാണെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് കാശിയിലേക്കെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ആധ്യാത്മികതയുടേയും കേന്ദ്രമായ കാശിയിലേക്ക് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ചരിത്രാതീത കാലം മുതല്‍ എത്തുന്നതാണെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: