ഗുവാഹത്തി(ആസാം): ആസാമില്‍ 1200ല്‍ അധികം മദ്രസകളെ അംഗീകൃത സ്കൂളുകളാക്കി സര്‍ക്കാര്‍ വിജ്ഞാപനം. ഇവയെല്ലാം സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലാകും. 31 ജില്ലകളിലെ 1281 മദ്രസകളാണ് സര്‍ക്കാര്‍ സ്കൂളുകളാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും പുതിയ സ്കൂളുകളുടെ പട്ടികയും പുറത്തുവിടുകയും ചെയ്തു.
2021 ജനുവരിയില്‍ ആസാം സര്‍ക്കാര്‍ മദ്രസകളെ റഗുലര്‍ സ്കൂളൂകളാക്കുന്നതിന് നിയമം പാസാക്കിയിരുന്നു. ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ ആസാം, ആസാം ഹയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ കൗണ്‍സില്‍, സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയുടെ കീഴിലുള്ള സ്വകാര്യ മദ്രസകള്‍ ഒഴികെ 731 മദ്രസകളെയും അറബിക് കോളജുകളെയും അന്ന് സര്‍ക്കാര്‍ സ്കൂളുകളാക്കിയിരുന്നു.
സംസ്ഥാനത്ത് 600 മദ്രസകള്‍ പൂട്ടിയതായി മാര്‍ച്ചില്‍ കര്‍ണാടകയില്‍ നടന്ന റാലിയില്‍ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. സംസ്ഥാനത്തിന് വേണ്ടത് സ്കൂളുകളും കോളജുകളും സര്‍വകലാശാലകളാണെന്നും മതസ്ഥാപനങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ മദ്രസകളും നിര്‍ത്തലാക്കി റഗുലര്‍ സ്കൂളുകളാക്കി മാറ്റാനുള്ള തീരുമാനമാണ് 2020ല്‍ ആസാം സര്‍ക്കാര്‍ കൈക്കൊണ്ടത്. അത് അനുസരിച്ച് മുന്‍ മദ്രസ സമ്പ്രദായത്തിലെ 3,748 വിദ്യാര്‍ത്ഥികള്‍ 2023 ല്‍ ഹൈസ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് (മെട്രിക്കുലേഷന്‍) പരീക്ഷ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: