തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ വീഴ്ച ആരോപിച്ച് ഡിജിപി ഓഫീസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇതു വഴി വന്ന പോലീസ് വാഹനം പ്രവർത്തകർ തടഞ്ഞു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ ഡിജിപിയുടെ വീട്ടിൽ കയറിയും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ജയാ രാജീവിന്റെ നേതൃത്വത്തിൽ അഞ്ചോളം പ്രവർത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്.
പോലീസ് സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം. ഈ സമയം ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് വീട്ടിലുണ്ടായിരുന്നു. പ്രതിഷേധിച്ചെത്തിയ സമയം ആവശ്യത്തിന് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഡിജിപിയുടെ വസതിയിൽ ഇല്ലായിരുന്നു. ശേഷം മ്യൂസിയം പോലീസ് കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
സമാധാനപരമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരുടെ മുടിക്ക് കുത്തിപ്പിടിച്ച് പോലീസ് വലിച്ചിഴച്ചു. സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടർന്ന് ഡിജിപിയുടെ വീടിന്റെ സുരക്ഷ റാപ്പിഡ് റെസ്പോൺസ് ടീമിനെ ഏൽപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: